നടപ്പു സാമ്പത്തിക വര്‍ഷം ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച് 7.1%ല്‍ തന്നെ തുടരും: എച്ച്എസ്ബിസി

നടപ്പു സാമ്പത്തിക വര്‍ഷം ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച് 7.1%ല്‍ തന്നെ തുടരും: എച്ച്എസ്ബിസി
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞത് ആര്‍ബിഐ പരിഗണിച്ചേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷവും സാമ്പത്തിക വളര്‍ച്ച 7.1 ശതമാനത്തില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗോള ധനകാര്യ സേവനദാതാക്കളായ എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട്. നിക്ഷേപം ഇപ്പോഴും ദുര്‍ബലമാണെന്നും സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിക്കാനിടയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ സാമ്പത്തിക വര്‍ഷവും ഇന്ത്യയുടെ വളര്‍ച്ച 7.1 ശതമാനത്തില്‍ തുടര്‍ന്നേക്കുമെന്ന് എച്ച്എസ്ബിസി വിലയിരുത്തുന്നത് 2016ന്റെ മധ്യഘട്ടം മുതല്‍ രാജ്യത്തിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച മന്ദഗതിയിലാണെന്നും ഈ പ്രവണത തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്എസ്ബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് മുന്നോട്ടുള്ള വളര്‍ച്ച വിലയിരുത്തുമ്പോള്‍ 2017-2018ല്‍ ജിഡിപി നിരക്ക് 7.1 ശതമാനത്തില്‍ തുടരുമെന്നാണ് നിരീക്ഷിക്കുന്നതെന്ന് എച്ച്എസ്ബിസി ചീഫ് ഇന്ത്യ ഇക്ക്‌ണോമിസ്റ്റ് പ്രന്‍ജുല്‍ ബണ്ഡാരി പറഞ്ഞു.

ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. 2016-2017 സാമ്പത്തിക വര്‍ഷത്തെ മൊത്തമായി വിലയിരുത്തുമ്പോള്‍ 7.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അനുഭവപ്പെട്ടിട്ടുള്ളത്. നിക്ഷേപ വളര്‍ച്ചയില്‍ കുറഞ്ഞ വേഗത തുടരുകയാണ്. സര്‍ക്കാര്‍ ചെലവിടല്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കരുതാനാവില്ല. കയറ്റുമതിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വര്‍ധനയാണ് ആശ്വാസമായിട്ടുള്ളതെന്ന്‌റിപ്പോര്‍ട്ടില്‍ പറയുന്നു.കാലവര്‍ഷം സംബന്ധിച്ച പ്രതീക്ഷകള്‍ ഫലം കാണുകയും ശക്തമായ മഴ ലഭിക്കുകയും ചെയ്താല്‍ ഗ്രാമീണ മേഖലയിലെ വളര്‍ച്ച ഉയര്‍ന്ന തലത്തിലെത്തുമെന്നും പക്ഷെ, അത് മറ്റ് മേഖലകളില്‍ നിന്നുള്ള തകര്‍ച്ചയെ പൂര്‍ണമായി മറികടക്കുന്നതിന് സഹായിക്കില്ലെന്നാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വില വര്‍ധന സംബന്ധിച്ചും എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ ഉല്‍പ്പാദന ശേഷിയും യഥാര്‍ത്ഥ ഉല്‍പ്പാദനവും തമ്മിലുള്ള വിടവ് പണപ്പെരുപ്പത്തെ താഴ്ന്ന തലത്തില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത നയ അവലോകന യോഗത്തില്‍ കേന്ദ്ര ബാങ്ക് ഇത് പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി.ഈ മാസം ഏഴിന് നടക്കുന്ന യോഗത്തില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞതായി ആര്‍ബിഐ അംഗീകരിക്കുമെന്നും ഭാവി മുന്‍കൂട്ടി കണ്ടുകൊണ്ട് പലിശ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ലെന്നും എച്ച്എസ്ബിസി വ്യക്തമാക്കി. ഏപ്രില്‍ ആറിന് ചേര്‍ന്ന നയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ 5.75 ശതമാനത്തില്‍ നിന്നും 7 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Comments

comments

Categories: Top Stories