ജിഎസ്ടി : കശുവണ്ടി, കയര്‍, ലോട്ടറി എന്നിവയുടെ നിരക്ക് അടുത്ത യോഗത്തില്‍

ജിഎസ്ടി : കശുവണ്ടി, കയര്‍, ലോട്ടറി എന്നിവയുടെ നിരക്ക് അടുത്ത യോഗത്തില്‍
സ്വര്‍ണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും വില കൂടും

ന്യൂഡെല്‍ഹി: ജൂലൈ ഒന്നു മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ കശുവണ്ടി, കയര്‍, ലോട്ടറി മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ ഏതു നികുതി നിരക്കിനു കീഴില്‍ വരും എന്നതു സംബന്ധിച്ച് ജൂണ്‍ 11ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. കേരളത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ഈ വിഭാഗങ്ങള്‍. യോഗത്തില്‍ പ്ലൈവുഡ്, കയര്‍, കശുവണ്ടി എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും.മറ്റ് ഉല്‍പ്പന്നങ്ങളുടെയെല്ലാം നികുതി ഘടനയില്‍ ഏറക്കുറേ ധാരണയായിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാക്കാനിരിക്കെ സ്വര്‍ണം ഉള്‍പ്പെടെയുള്ള ആറ് സാധനങ്ങളുടെ നികുതി നിരക്കുകളിലാണ് ശനിയാഴ്ച ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലോഹമായ സ്വര്‍ണത്തിന് ജിഎസ്ടിക്കു കീഴില്‍ മൂന്ന് ശതമാനം നികുതി ചുമത്തും. യോഗത്തില്‍ പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനെ അനുകൂലിച്ചു. നിലവില്‍ സ്വര്‍ണത്തിന് ഒരു ശതമാം എക്‌സൈസ് നികുതിയും ഒരു ശതമാനം സംസ്ഥാന വാറ്റു(VAT)മാണുള്ളത്. ഇത്തരത്തില്‍ നിലവിലുള്ള വ്യത്യസ്ത നികുതികള്‍ കണക്കിലെടുത്തും ദീര്‍ഘമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും സ്വര്‍ണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും മൂന്ന് ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചതായി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ഇതിനു പുറവേ അസംസ്‌കൃത വജ്ര കല്ലുകള്‍ക്ക് 0.25 ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചതായും ജയ്റ്റ്‌ലി അറിയിച്ചു.

ഇതോടെ സ്വര്‍ണ വില വീണ്ടും വര്‍ധിക്കുന്നതിനാണ് സാധ്യത തെളിയുന്നത്. സ്വര്‍ണത്തില്‍ നിന്നും മാത്രമായി 300 കോടി രൂപ കേരളത്തിന് അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് ശേഷം കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബീഡി ഇലയ്ക്ക് 18 ശതമാനവും ബീഡിക്ക് 28 ശതമാനവും നികുതി ചുമത്താന്‍ യോഗം തീരുമാനിച്ചു. ബീഡിയെ കുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം കൗണ്‍സില്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ലെങ്കിലും 28 ശതമാനം നികുതി ചുമത്തി ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിഗററ്റിനെ സെസിനത്തില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് വിവരം. മുന്‍പ് നടന്ന യോഗത്തില്‍ 1,211 സാധനങ്ങളുടെയും 500 സോവനങ്ങളുടെയും നിരക്ക് സംബന്ധിച്ച് യോഗം തീരുമാനമെടുത്തിരുന്നു.500 രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍ക്ക് ജിഎസ്ടിക്കു കീഴില്‍ അഞ്ച് ശതമാനം നികുതി ചുമത്തും. 500 രൂപയില്‍ കൂടുതല്‍ വരുന്ന ചെരുപ്പുകളെ 18 ശതമാനം എന്ന നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 500-1000 രൂപ വരെയുള്ള ചെരുപ്പുകള്‍ക്ക് 6 ശതമാനമാണ് നികുതി ചുമത്തുന്നത്. ഇതിനുപുറമെ സംസ്ഥാനങ്ങള്‍ വാറ്റും ചുമത്തുന്നുണ്ട്. ബിസ്‌ക്കറ്റിന് 18 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. കോട്ടണ്‍ തുണിത്തരങ്ങള്‍ക്കും കാര്‍ഷിക സാമഗ്രികള്‍ക്കും 5 ശതമാനം നികുതി ഏര്‍പ്പെടുത്തി. ആയിരം രൂപയില്‍ താഴെയുള്ള തുണിത്തരങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ചുമത്തും. ഫാബ്രിക് വിഭാഗവും അഞ്ച് ശതമാനം എന്ന സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിലിട്ടറി ക്യാന്റീനിനെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാരാമിലിട്ടറി, പൊലീസ് ക്യാന്റീനുകള്‍ ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല.

Comments

comments