പീയൂഷ് ഗോയല്‍ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹന പ്ലാന്റ് സന്ദര്‍ശിച്ചു

പീയൂഷ് ഗോയല്‍ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹന പ്ലാന്റ് സന്ദര്‍ശിച്ചു
ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സംവിധാനങ്ങള്‍ പീയൂഷ് ഗോയല്‍ കണ്ടുമനസ്സിലാക്കി

ജര്‍മ്മനി : സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി പീയൂഷ് ഗോയല്‍ ബിഎംഡബ്ല്യുവിന്റെ വൈദ്യുത വാഹന നിര്‍മ്മാണശാല സന്ദര്‍ശിച്ചു. ലീപ്‌സിഗ് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ബിഎംഡബ്ല്യു പ്ലാന്റിലെത്തിയത്. ഫ്രോന്‍ഹോഫെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവാദപരിപാടിയിലും പീയൂഷ് ഗോയല്‍ പങ്കെടുത്തു.ലീപ്‌സിഗില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സംവിധാനങ്ങള്‍ പീയൂഷ് ഗോയല്‍ കണ്ടുമനസ്സിലാക്കി. പബ്ലിക് ഫാസ്റ്റ് ചാര്‍ജറുകള്‍, വീടുകളില്‍ ഉപയോഗിക്കുന്ന നോര്‍മല്‍ ചാര്‍ജറുകള്‍, സിസിടിവി, വൈഫൈ സൗകര്യങ്ങളുള്ള മള്‍ട്ടി-ഫംഗ്ഷണല്‍ സ്ട്രീറ്റ് പോള്‍ ചാര്‍ജറുകള്‍ എന്നിവയാണ് പരിചയപ്പെട്ടത്. വൈദ്യുത വാഹന ഉടമകള്‍ക്ക് ലീപ്‌സിഗ് നഗരസഭാ അധികൃതര്‍ സൗജന്യ വൈദ്യുതിയാണ് ലഭ്യമാക്കുന്നത്.

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സും സമാന മാതൃകയാണ് ഉപയോഗിക്കുന്നത്. വൈദ്യുതി മിച്ച രാജ്യമായ ഇന്ത്യയ്ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതുകൂടാതെ ഗ്രിഡ് ബാലന്‍സിംഗ്, ഗ്രിഡ് സിസ്റ്റം, ഗ്രീന്‍ എനര്‍ജി കോറിഡോര്‍ തുടങ്ങിയ മേഖലകളെക്കുറിച്ചും കേന്ദ്ര മന്ത്രി വിശദാംശങ്ങള്‍ തേടി.ഇലക്ട്രിക് മൊബിലിറ്റി, ഇന്‍ഡസ്ട്രിയല്‍ ഡാറ്റ സ്‌പേസ് തുടങ്ങിയ മേഖലകളിലെ നൂതന രീതികളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പ്പര്യം പീയൂഷ് ഗോയല്‍ അറിയിച്ചു. ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കുന്നതിനായി ബിഎച്ച്‌യു, മുംബൈ, ചെന്നൈ ഐഐടികളുമായി ചേര്‍ന്ന് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഫ്രോന്‍ഹോഫെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ പീയൂഷ് ഗോയല്‍ ക്ഷണിച്ചു.ബിഎംഡബ്ല്യു i3, i8 സീരീസ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ലീപ്‌സിഗിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റാണ് കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചത്.

 

Comments

comments

Categories: Business & Economy