പിഎംഎവൈ-ഗ്രാമീണ്‍ ; ഈ സാമ്പത്തിക വര്‍ഷം 51 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും

പിഎംഎവൈ-ഗ്രാമീണ്‍ ; ഈ സാമ്പത്തിക വര്‍ഷം 51 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും
2019 ഓടെ ഒരു കോടി വീടുകളെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ വേഗം വേണമെന്നാണ് 
മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്

ന്യൂഡെല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി പ്രകാരം 2017-18 ല്‍ രാജ്യത്ത് 51 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. 2019 ഓടെ ഒരു കോടി വീടുകളെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ വേഗം വേണമെന്നാണ് മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മാത്രമല്ല ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ ഗുണഭോക്താക്കള്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നേരത്തെ ഈ സമയപരിധി പതിനെട്ട് മാസം മുതല്‍ 3 വര്‍ഷം വരെയായിരുന്നു.2017 സാമ്പത്തിക വര്‍ഷം രാജ്യത്ത് 32 ലക്ഷത്തിലധികം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 2016 ല്‍ 18 ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഇന്ദിര ആവാസ് യോജനയ്ക്ക് പകരമായി 2016 നവംബറിലാണ് ഭേദഗതികള്‍ വരുത്തിയ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ അവതരിപ്പിച്ചത്.

ഈ വര്‍ഷത്തെ ബജറ്റില്‍ 15,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഗുണഭോക്തൃ വിഹിതം 75,000 രൂപയില്‍നിന്ന് 1.20 ലക്ഷമായി ഉയര്‍ത്തി. വീടിന്റെ വലുപ്പം 22 ല്‍നിന്ന് 25 ചതുരശ്ര മീറ്ററായും വര്‍ധിപ്പിച്ചു.വീട് വെയ്ക്കുന്നതിന് അനുവദിക്കുന്ന തുക മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തിയ്യതിയും സമയവും കാണിക്കുന്ന ഫോട്ടോഗ്രാഫുകളും ജിയോ റഫറന്‍സും വഴിയാണ് ഓരോ വീടിന്റെയും വിവിധ നിര്‍മ്മാണ ഘട്ടങ്ങള്‍ മനസ്സിലാക്കി നിര്‍മ്മാണ വേഗം വിലയിരുത്തുന്നത്.2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് അനുസരിച്ച് 3.92 കോടി വീടുകളുടെ സര്‍വ്വേ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നടത്തിയിരുന്നു. ഇതില്‍ 2.26 കോടി കുടുംബങ്ങള്‍ വീടിന് അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ നിര്‍ധന കുടുംബങ്ങള്‍ക്കായി മൂന്ന് കോടി വീടുകള്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

 

Comments

comments

Categories: Top Stories