ഇലോണ്‍ മസ്‌കിനോടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ ചോദ്യം ഏറ്റുപിടിച്ച് ട്വിറ്റരാറ്റികള്‍

ഇലോണ്‍ മസ്‌കിനോടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ ചോദ്യം ഏറ്റുപിടിച്ച് ട്വിറ്റരാറ്റികള്‍
ഭാവിയില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ മത്സരത്തിന്റെ സൂചന നല്‍കുന്ന ട്വീറ്റ്

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ച് മേധാവി ഇലോണ്‍ മസ്‌ക് ഇപ്പോഴും ഒന്നും വിട്ടുപറയുന്നില്ല. 2017 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് നേരത്തേ അറിയിച്ചിരുന്ന ഇലോണ്‍ മസ്‌ക് പിന്നീട് ഇക്കാര്യം തിരുത്തിയിരുന്നു. ടെസ്‌ല ഇന്ത്യയിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്നാണ് ഇലോണ്‍ മസ്‌ക് ഈയിടെ ഇന്ത്യന്‍ യുവാവിന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചത്.2030 ഓടെ സമ്പൂര്‍ണ്ണ വൈദ്യുത വാഹന രാജ്യമാകുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി സംബന്ധിച്ചാണ് ഇലോണ്‍ മസ്‌ക് ഏറ്റവും ഒടുവിലായി ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. 2030 ഓടെ ഇലക്ട്രിക് കാറുകള്‍ മാത്രം വില്‍ക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെന്നും നിലവില്‍ ഏറ്റവും വലിയ സൗരോര്‍ജ്ജ വിപണിയാണ് ഇന്ത്യയെന്നുമാണ് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്.

ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനോട് പ്രതികരിച്ച് മഹീന്ദ്ര ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ആനന്ദ് മഹീന്ദ്രയാണ് രംഗത്തെത്തിയത്. ഇന്ത്യയെന്ന മഹാവിപണി മഹീന്ദ്രയ്ക്ക് മാത്രമായി നിങ്ങള്‍ വിട്ടുതരില്ലേയെന്നാണ് ആനന്ദ് മഹീന്ദ്ര തിരിച്ചുചോദിച്ചത്. ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തെ ട്വിറ്റരാറ്റികള്‍ ഏറ്റുപിടിച്ചതോടെ ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി ഇത് മാറി. ഭാവിയില്‍ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ മഹീന്ദ്രയും ടെസ്‌ലയും പരസ്പരം മത്സരിക്കുന്നത് കാണാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തു.ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന ഒരേയൊരു കാര്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. e2o, e- വെരിറ്റോ എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ടെസ്‌ല ഇന്ത്യയിലെത്തിയാല്‍ മഹീന്ദ്രയും ടെസ് ലയും മുഖാമുഖം വരും.

 

Comments

comments

Categories: Auto