കിട്ടാക്കടം, പ്രതീക്ഷയേകുന്ന പുരോഗതി

കിട്ടാക്കടം, പ്രതീക്ഷയേകുന്ന പുരോഗതി
അറ്റ നിഷ്‌ക്രിയ ആസ്തി ഏറ്റവും രൂക്ഷമായ എക്കൗണ്ടുകളെ കണ്ടെത്താന്‍ കഴിഞ്ഞ
ദിവസം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ യോഗം ചേര്‍ന്നത് പ്രതീക്ഷ നല്‍കുന്നു

ബാങ്കിംഗ് രംഗത്തിന്റെ മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാരിന്റെയും മുന്നിലുള്ള കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് ബാങ്കുകളിലെ അറ്റ നിഷ്‌ക്രിയ ആസ്തി. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തിന്റെയും ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികളുടെയും പിടിപ്പുകേടായാണ് എപ്പോഴും പെരുകുന്ന കിട്ടാക്കടം വിലയിരുത്തപ്പെടാറുള്ളത്. പൊതു മേഖലാ ബാങ്കുകള്‍ പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതാണ് വലിയ പല കിട്ടാക്കടങ്ങള്‍ക്കും വഴിവെച്ചത്. അത് തിരുത്തുന്ന നടപടി ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ഫലം കണ്ടു തുടങ്ങിയിട്ടില്ല.

എങ്കിലും കിട്ടാക്കടം പരിഹരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നീക്കം സ്വാഗതാര്‍ഹമാണ്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ വിരല്‍ ആചാര്യയും എന്‍ എസ് വിശ്വനാഥനും ബാങ്ക് മേധാവികളുമായി യോഗം കൂടിയത്. ഏറ്റവും രൂക്ഷമായ 50 സ്‌ട്രെസ്ഡ് എക്കൗണ്ടുകള്‍ വിലയിരുത്തുകയായിരുന്നു ഉദ്ദേശ്യം. മേയ് മാസത്തിന്റെ തുടക്കത്തിലാണ് ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് ഭേദഗതിക്ക് പ്രസിഡന്റ് അനുമതി നല്‍കിയത്. അറ്റ നിഷ്‌ക്രിയ ആസ്തിയെന്ന വലിയ പ്രശ്‌നം പരിഹരിക്കുന്നതിന് ആര്‍ബിഐക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു ഈ ഭേദഗതി. തീര്‍ത്തും നല്ല നീക്കമായിരുന്നു അത്. അതിനു ശേഷം കിട്ടാക്കടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ തുടര്‍ച്ചയായി വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തിവരുന്നുണ്ട്.

ഏകദേശം 10 ബാങ്കുകളെ പ്രതിനിധീകരിച്ചുള്ളവര്‍ ചൊവ്വാഴ്ച്ചത്തെ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. കൊടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊടക്കും ഐസിഐസിഐ ബാങ്കിന്റെ ചന്ദ കൊച്ചാറും ആക്‌സിസ് ബാങ്കിന്റെ ശിഖ ശര്‍മയും എച്ച്ഡിഎഫ്‌സിയുടെ ആദിത്യ പുരിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തിനെത്തിയെന്നത് നല്ല കാര്യം തന്നെ. എത്രമാത്രം ഗൗരവത്തോടെ ഇവര്‍ പ്രശ്‌നത്തെ സമീപിക്കുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. ബാങ്കുകളുമായും റേറ്റിംഗ് ഏജന്‍സികളുമായും ആസ്തി പുനര്‍നിര്‍മാണ കമ്പനികളുമായും മറ്റ് നിരവധി സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടുള്ള സുസ്ഥിര സഹകരണത്തിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ ആര്‍ബിഐക്ക് സാധിക്കൂ.

വലിയ രീതിയില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടാന്‍ പ്രമുഖ ബാങ്കുകള്‍ തയാറാകുകയും വേണം. ഏകദേശം 10 ലക്ഷം കോടി രൂപയുടെ വായ്പകള്‍ അറ്റ നിഷ്‌ക്രിയ ആസ്തിയുടെ വിഭാഗത്തിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മൊത്തം വായ്പയുടെ തന്നെ 12 ശതമാനം വരും. അതുകൊണ്ടുതന്നെ കിട്ടാക്കടമെന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോള്‍ ബാങ്കുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ പോര എന്നതാണ് വാസ്തവം. മക്കിന്‍സെ പോലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ഇത് പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രശ്‌നത്തിന്റെ ആഴം വ്യക്തമാകാന്‍ ഈ കണക്ക് മാത്രം നോക്കിയാല്‍ മതി. 2016-17 വര്‍ഷത്തില്‍ 21 പൊതു മേഖലാ ബാങ്കുകളുടെയും കൂടി ലാഭം കേവലം 474 കോടി രൂപ മാത്രമാണ്. ഇതേ കാലയളവില്‍ 16 സ്വകാര്യ ബാങ്കുകളുടെ ലാഭമാകട്ടെ 40,123 കോടി രൂപയും. ഇനിയും ആര്‍ബിഐ ഈ വിഷയം പരിഹരിക്കാന്‍ അമാന്തം കാണിച്ചുകൂടാ. കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനത്തിലുണ്ടാകുന്ന പാളിച്ചകളും വായ്പ തിരിച്ചടയ്ക്കാന്‍ പല കമ്പനികള്‍ക്കും സാധിക്കാത്തതുമാണ് കിട്ടാക്കടമെന്ന പ്രതിസന്ധി രൂക്ഷമാക്കുന്നത്. പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടന്ന മദ്യ രാജാവ് വിജയ് മല്ല്യയെ പോലുള്ളവരുടെ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റങ്ങള്‍ അനിവാര്യമാണ്.

Comments

comments

Categories: Banking, Editorial