ഇന്ത്യയുടെ കടബാധ്യത വളരേ ഉയര്‍ന്നതെന്ന് മൂഡീസ്

ഇന്ത്യയുടെ കടബാധ്യത വളരേ ഉയര്‍ന്നതെന്ന് മൂഡീസ്

റേറ്റിംഗ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് ഈ നിരീക്ഷണം പുറത്തുവന്നത്

ന്യൂഡെല്‍ഹി: സമാന റേറ്റിംഗ് നല്‍കിയിട്ടുള്ള മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ കടബാധ്യത വളരെ ഉയര്‍ന്നതാണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. വിവിധ ആഗോള ഏജന്‍സികളില്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മൂഡിസിന്റെ ഈ വിലയിരുത്തല്‍ പുറത്തുവന്നത്. നിലവില്‍ ഏറ്റവും താഴ്ന്നതില്‍ നിന്നും അല്‍പ്പം മാത്രം ഉയര്‍ന്ന ബിഎഎ3 റേറ്റിംഗാണ് മൂഡിസ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്.

സര്‍ക്കാരിന്റെ കടബാധ്യത 2003ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 84.7 ശതമാനമായിരുന്നത് 2016ല്‍ 67.5 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന തടസമായി കടബാധ്യത തുടരുന്നുവെന്ന് മൂഡിസ് വിലയിരുത്തുന്നു. ബിഎഎ റേറ്റിംഗുള്ള ബഹമസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളേക്കാള്‍ വളരെ വലുതാണ് ഇന്ത്യയുടെ കടബാധ്യത ഭാരമെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിച്ച് റേറ്റിംഗ്‌സ് എന്നിവയും ഇന്ത്യയ്ക്ക് ഉയര്‍ന്ന റേറ്റിംഗ് നല്‍കാത്തതിന് കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഉയര്‍ന്ന കട ബാധ്യതയാണ്.

ധനക്കമ്മി കുറയ്ക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഇന്ത്യയുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണെന്ന് മൂഡിസ് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കമ്മി കുറയുന്നുവെങ്കിലും സംസ്ഥാനങ്ങളുടെ ധനക്കമ്മി വര്‍ധിക്കുകയാണ്. ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ ധനക്കമ്മി കുറയ്ക്കുന്നതിനെ കുറിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.2 ശതമാനമായും 2018-19ല്‍ 3 ശതമാനമായും കേന്ദ്ര ധനക്കമ്മി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞിരുന്നു. 2016-17ല്‍ ഇത് 3.5 ശതമാനം ആയിരുന്നു.

ജൂലൈ 1 മുതല്‍ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന ചരക്ക് സേവന നികുതിയെക്കുറിച്ചും മൂഡീസ് പ്രതിപാദിച്ചു. ഉല്‍പ്പാദന ക്ഷമത ഉയര്‍ത്തുന്നതിനും ഉയര്‍ന്ന ജിഡിപി വളര്‍ച്ചയ്ക്കും ചരക്ക് സേവന നികുതി കാരണമാകും. ഇതുവഴി ബിസിനസ് അന്തരീക്ഷം മെച്ചപ്പെടും. ഒരു നിക്ഷേപ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഇന്ത്യയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും. മെച്ചപ്പെട്ട നികുതി പാലനം വഴി സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുന്നതിന് ജിഎസ്ടി ഫലപ്രദമാകുമെന്നും മൂഡീസ് വ്യക്തമാക്കി. എന്നിരുന്നാലും ബാങ്കിംഗ് സംവിധാനത്തിലെ ഉയര്‍ന്ന തോതിലുള്ള കിട്ടാക്കടം വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളിയായി തുടരുകയാണ്. നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലമാകണമെങ്കില്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും മൂഡീസ് പറയുന്നു.

Comments

comments

Categories: Top Stories

Related Articles