മൂലധന വര്‍ധനയ്ക്കായി ഐഡിബിഐ ബാങ്ക് സമഗ്ര പദ്ധതി തയാറാക്കുന്നു

മൂലധന വര്‍ധനയ്ക്കായി ഐഡിബിഐ ബാങ്ക് സമഗ്ര പദ്ധതി തയാറാക്കുന്നു

കോര്‍പ്പറേറ്റ് വായ്പ കുറയ്ക്കും, റീട്ടെയ്ല്‍ വായ്പയില്‍ ശ്രദ്ധയൂന്നും

മുംബൈ: നിഷ്‌ക്രിയാസ്തി തിരിച്ചു പിടിക്കാനും അടിസ്ഥാന മൂലധനം വര്‍ധിപ്പിക്കാനുമായി ഐഡിബിഐ ബാങ്ക് സമഗ്ര പദ്ധതി തയാറാക്കുന്നു. ആസ്തി തിരിച്ചു പിടിക്കലും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പാളിച്ചകള്‍ സംഭവിക്കാതെ നോക്കുന്നതിനുമാണ് ബാങ്ക് മുന്‍ഗണന കൊടുക്കുന്നത്. കോര്‍പ്പറേറ്റ് മേഖലയുടെ സമ്മര്‍ദ്ദമുണ്ടെങ്കിലും കോര്‍പറേറ്റ് വായ്പ വര്‍ധിക്കാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. റീട്ടെയ്ല്‍ മേഖലയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. റിസ്‌ക് കുറയ്ക്കുന്നതിനും കുറഞ്ഞ കാലയളവിനുള്ളില്‍ ബാങ്കിന്റെ മൂലധന ശേഷി അനുപാതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണിത്.

അധിക മൂലധനം ഉയര്‍ത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ മുന്‍ഗണനാ ഓഹരി വിഹിതമായി 1900 കോടി രൂപ മൂലധനത്തിലേക്ക് കൂട്ടിചേര്‍ത്തു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മുന്‍ഗണനാ ഓഹരി വിഹിതമായി മറ്റൊരു തുകയും ബാങ്കിന് ലഭിച്ചു.

അപ്രധാന ആസ്തികളുടെ വില്‍പ്പനയിലൂടെയും സിഎആര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും കോര്‍പ്പറേറ്റ് വായ്പകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളും ബാങ്കിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും അപ്രധാന ആസ്തികള്‍ വില്‍ക്കാനുമാണ് ശ്രമം. വിപണിയുടെ സാഹചര്യങ്ങള്‍ നോക്കി വേണം വില്‍പ്പന. ബാങ്ക് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂലധന ശേഷി വര്‍ധിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ആരായുന്നുണ്ടെന്നും റിക്കവറിക്കും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായ മഹേഷ് കുമാര്‍ ജെയിന്‍ പറഞ്ഞു.

Comments

comments

Categories: Banking