ചൈനയുടെ മാനുഫാക്ചറിംഗ് പിഎംഐ 11 മാസത്തിനിടെ ആദ്യമായി താഴേക്ക്

ചൈനയുടെ മാനുഫാക്ചറിംഗ് പിഎംഐ 11 മാസത്തിനിടെ ആദ്യമായി താഴേക്ക്

ബെയ്ജിംഗ്: ചൈനയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ മേയ് മാസത്തില്‍ മാന്ദ്യം നേരിട്ടതായി റിപ്പോര്‍ട്ട്. 11 മാസത്തിനിടയില്‍ ഇതാദ്യമായാണ് രാജ്യത്തെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ ചുരുക്കം അനുഭവപ്പെടുന്നത്. ചൈനീസ് മീഡിയ കമ്പനിയായ കൈക്‌സിനിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് (പിഎംഐ). ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയില്‍ ഉല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിളെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ട് തരുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധി, അധിക വ്യാവസായിക ശേഷി, ഉയര്‍ന്നുവരുന്ന കടബാധ്യത എന്നിവ ഏഷ്യയിലെ വന്‍ സാമ്പത്തിക ശക്തികളിലൊന്നായ ചൈനയുടെ ഉല്‍പ്പാദനം മന്ദഗതിയിലാക്കുന്നുവെന്ന് പുതിയ സൂചികകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ പിഎംഐ വളരെ ജാഗ്രതയോടെയാണ് നിക്ഷേപകര്‍ വീക്ഷിക്കുന്നത്.

കൈക്‌സിന്‍ നല്‍കുന്ന കണക്കനുസരിച്ച് പിഎംഐ ഏപ്രിലിലെ 50.3ല്‍ നിന്നും മേയില്‍ 49.6ലേക്ക് ഇടിഞ്ഞു. പതിനൊന്ന് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് സൂചിക 50 ല്‍ താഴെയെത്തുന്നതെന്ന് കൈക്‌സിന്‍ പറയുന്നു. പിഎംഐ 50നു മുകളില്‍ എത്തുമ്പോഴാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഈ പോയ്ന്റിനു താഴേക്കെത്തിയാല്‍ ഉല്‍പ്പാദനം ചുരുങ്ങുന്നതായാണ് പരിഗണിക്കുക. മേയ് മാസത്തില്‍ ചൈനയുടെ ഉല്‍പ്പാദന മേഖല വലിയ സമ്മര്‍ദം അഭിമുഖീകരിച്ചതായും ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഇടിയുന്നതാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും കൈക്‌സിന്‍ അനലിസ്റ്റ് സെംഗ്‌ഷെംഗ് സോംഗ് പറയുന്നു. സാധനങ്ങള്‍ കെട്ടികിടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉല്‍പ്പാദകര്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം അടിസ്ഥാനമായുള്ള സാമ്പത്തിക മാതൃകയില്‍ നിന്നും ഉപഭോക്തൃ സാമ്പത്തിക ശക്തിയായി വളരാനുള്ള ചൈനയുടെ ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന്റെ വളര്‍ച്ചയില്‍ വിലങ്ങുതടിയായി നിലനില്‍ക്കുന്നത്. പക്ഷെ, ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമുള്ള പരമ്പരാഗത വ്യാപാര പാതകള്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആവേശം പകരുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

Comments

comments

Categories: Business & Economy, World