നുണയുടെ ക്ഷണികതകള്‍ തേടി

നുണയുടെ ക്ഷണികതകള്‍ തേടി

സി കെ ഗുപ്തന്‍

കൊടുത്താല്‍ കൊല്ലത്തും കിട്ടും’ അതൊരു ചൊല്ലാണ്. അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ല. പക്ഷേ, കൊല്ലത്ത് അത് കിട്ടുകതന്നെ ചെയ്യും. അങ്ങനെയൊന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിരിക്കുന്നു. പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ കോടികള്‍ തട്ടിയെന്നുപറഞ്ഞ് എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിയത്.

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസിന്റെ നേര്‍ക്ക് ആന്ധ്രയില്‍ നിന്ന് അരി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നു പറഞ്ഞു എന്തൊക്കെ കോലാഹലമാണ് യൂത്ത് കോണ്‍ഗ്രസും മറ്റും ചേര്‍ന്ന് നടത്തിയത്! കേന്ദ്രത്തില്‍ നിന്ന് അരി വരുന്നത് കോണ്‍ഗ്രസുകാര്‍ അവരുടെ ഗവണ്‍മെന്റിനെ സ്വാധീനിച്ചു തടഞ്ഞു. അങ്ങനെ ഇവിടെ ഭക്ഷ്യ ക്ഷാമമുണ്ടാക്കി. അപ്പോഴാണ് ആന്ധ്രയില്‍ നിന്ന് അരി വാങ്ങേണ്ടി വന്നത്. ഇ എം എസിനെ നന്നായി അറിയുന്ന കേരളീയര്‍ അഴിമതിയാരോപണം വിശ്വസിച്ചില്ല. പിന്നെ നുണയുടെ പെരുമഴക്കാലമായിരുന്നു അന്ന് പത്രങ്ങള്‍ക്ക്. 1969 ല്‍ ഗതാഗതമന്ത്രി ഇമ്പിച്ചിബാവക്കും എം കെ കൃഷ്ണനും എതിരായി അഴിമതിയാരോപണം കൊണ്ടുവന്നു. ഒന്നും തെളിയിക്കാനായില്ല.

അതുപോലെയാവില്ല ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും എതിരായ അഴിമതിയാരോപണം. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചുവരുന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ എല്ലാവരും കുടുങ്ങും. സാധാരണയായി സ്പീക്കര്‍ ഒരിക്കലും അഴിമതിക്കേസില്‍ കുടുങ്ങാറില്ല. കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍ പണ്ട് മന്ത്രിയായിരുന്നു. അന്ന് കണക്കിന് ഉണ്ടാക്കി എന്നാണു കേള്‍ക്കുന്നത്. അന്വേഷണത്തില്‍ ചിലതെല്ലാം തെളിഞ്ഞിട്ടുമുണ്ട്. അപ്പോള്‍ ആ മാന്യദേഹവും കുടുങ്ങും. ‘ കട്ടോളൂ;വെളുക്കുവോളം കക്കരുത്’. അങ്ങനെയൊരു ചൊല്ല് നാട്ടുമ്പുറത്തു പണ്ട് കേട്ടിരുന്നു. ഇപ്പോള്‍ നാട്ടിന്‍പുറം ഇല്ലാത്തതിനാല്‍ ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും കേള്‍ക്കാതെ കഴിഞ്ഞു. അവര്‍ക്ക് അരമിനിറ്റ് നൂഡില്‍സ് മതിയാവും.

ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഇപ്പോള്‍ കഴിഞ്ഞ നിയമസഭ സമ്മേളനമാണ്. ബജറ്റ് പാസാക്കാനാണ് സഭ ചേര്‍ന്നത്. പക്ഷേ, പ്രതിപക്ഷത്തിന്റെ പ്രകടനം പരിതാപകരമായിരുന്നു. ഒന്നും പറയാനാവാതെ പ്രതിപക്ഷ ബെഞ്ചുകളില്‍ അവര്‍ മരവിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു ഭരണകക്ഷി മുന്നേറിയപ്പോള്‍ പ്രതിപക്ഷം പതറിപ്പോയി. ഇതെഴുതുന്നയാള്‍ ആ പ്രസംഗങ്ങള്‍ മുഴുവന്‍ കമ്പോടുകമ്പ് കേട്ടു. ഉത്സവപ്പറമ്പില്‍ മാലപൊട്ടിച്ചോടുന്ന കള്ളനെപ്പോലെയായിരുന്നു പ്രതിപക്ഷത്തിന്റെ ദയനീയ പ്രകടനം. ഭരണ- പ്രതിപക്ഷ ബെഞ്ചുകളിലെ ചെറുപ്പക്കാര്‍ നന്നായി ശോഭിച്ചു. വീണ ജോര്‍ജും സ്വരാജും മറ്റും ഭരണകക്ഷിയിലെ നവാഗതരാണ്. പ്രതിപക്ഷത്തെ ഷാഫി പറമ്പില്‍, ശബരീനാഥ് എന്നിവരെയും മുരളീധരനെപ്പോലെ പതിനെട്ടടവും പഠിച്ചവരെയും മലര്‍ത്തിയടിക്കാന്‍ ഭരണകക്ഷിയിലെ ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും സഭയുടെ അവസാന ദിവസം തലപൊക്കാന്‍ വയ്യാതായി. സി എ ജി റിപ്പോര്‍ട്ട് അന്നാണ് സഭയുടെ മേശപ്പുറത്തു വെച്ചത്. സ്വന്തം പാര്‍ട്ടിയിലെ വി എം സുധീരന്‍ പോലും ഈ വെട്ടിപ്പുകാരെ കയ്യൊഴിഞ്ഞത് ഇവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. ആന്റണി അന്നും ഇന്നും ചെയ്തത് സുധീരന്‍ ചെയ്യുന്നു. കൊമ്പന്റെ പുറകെ മോഴയും. പക്ഷേ, കെ മുരളീധരനെ മലര്‍ത്തിയടിക്കാന്‍ കെ കരുണാകരനെയും ഡോ. മുനീറിന്റെ വായടപ്പിക്കാന്‍ മുഹമ്മദ് കോയയെയും അബ്ദുല്‍ റബ്ബിനെ മൂലയ്ക്കിരുത്താന്‍ അവുക്കാദര്‍ക്കുട്ടി നഹയെയും സഭയില്‍ അവതരിപ്പിച്ചു പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ ഭരണപക്ഷത്തിന് കഴിയുമായിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആകെ ചെലവ് 7525 കോടി രൂപയാണ്. 67:33 ശതമാനം എന്ന രീതിയില്‍ യഥാക്രമം സംസ്ഥാനവും അദാനി ഗ്രൂപ്പും ചെലവാക്കണം എന്നാണു ഉടമ്പടി. അതായത് സംസ്ഥാനം 5071 കോടി രൂപയും അദാനി 2454 കോടി രൂപയും. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ പി വി (നിലവിലുള്ള ആകെ മൂല്യം) 3866.33 കോടി രൂപയും അദാനിയുടേത് 607.19 കോടി രൂപയുമാണ്. അദാനിക്കുണ്ടാകുന്ന അധിക വരുമാനം സംസ്ഥാന സര്‍ക്കാരിനേക്കാള്‍ 29,217 കോടിരൂപ. കാലാവധി സ്വാഭാവികമായും കരാര്‍ അനുസരിച്ച് നീട്ടിക്കിട്ടുമ്പോള്‍ അധികവരുമാനമായി അദാനി കൈപ്പറ്റുക 61,095 കോടി രൂപയായിരിക്കും.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചാര്‍ജെടുക്കുമ്പോള്‍ തുറമുഖ വകുപ്പ് കെ ബാബുവിനെത്തന്നെ ഏല്‍പ്പിച്ചത് എന്തിനാണെന്ന് ഇപ്പോള്‍ മനസിലായല്ലോ. ഇനി നാട്ടുകാര്‍ അറിയേണ്ട പലകാര്യങ്ങളിലൊന്ന് ഈ കരാറില്‍ അദാനി എത്രകോടി രൂപ കമ്മീഷനായി ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചുവെന്നാണ്. അതിനാണ് വിശദമായ അന്വേഷണം ആവശ്യമായി വരിക. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുടുക്കാന്‍ ഉമ്മന്‍ചാണ്ടി കളിച്ച കളി എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ, കേന്ദ്ര സര്‍ക്കാരിന്റെ, ഗവര്‍ണ്ണറുടെ, കേരളത്തിലെ പ്രിന്‍സിപ്പല്‍ എക്കൗണ്ടന്റ് ജനറലിന്റെ, ഭരണസംവിധാനങ്ങള്‍ ഒന്നാകെ പിണറായി വിജയനെ വേട്ടയാടുകയായിരുന്നു, ഇക്കഴിഞ്ഞ പതിനാറു വര്‍ഷത്തിലധികം കാലമായി. അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും ചാനല്‍ മേധാവികളും പിണറായിക്കെതിരായി നുണ പ്രചരിപ്പിച്ചുകൊണ്ട് കേരള സമൂഹത്തെയാകെ ഇരുട്ടില്‍ നിറുത്താന്‍ നോക്കി. ഇതിനുള്ള തിരിച്ചടിയാണ് സ്വയം കൃതാനര്‍ത്ഥമായി ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല ആ മന്ത്രിസഭയിലെ എല്ലാവരും സ്പീക്കറുള്‍പ്പെടെ അഴിമതിക്കേസില്‍ പെടും എന്ന കാര്യത്തില്‍ സംശയമില്ല. തികച്ചും വിസ്മയകരമാണ് ഇത്. കേരള ചരിത്രത്തില്‍ അത്യപൂര്‍വ്വമായി കാണുന്ന പ്രതിഭാസം. കേരളമാകെ സമഗ്രവികസനത്തിന്റെ പാതയില്‍ ചരിക്കുമ്പോള്‍ കല്‍ത്തുറുങ്കും പ്രതീക്ഷിച്ചിരിക്കുകയാണ് പ്രതിപക്ഷത്തെ പ്രമുഖര്‍ ഒന്നടങ്കം. അതില്‍ ഒരു മുന്‍ മന്ത്രിക്കു കൂട്ടായി അദ്ദേഹത്തിന്റെ സഹോദരനുമുണ്ടാവും എന്നതും കേരളീയ സമൂഹത്തെ അത്ഭുതപ്പെടുത്തും.

ഇതാണ് കാവ്യനീതി. പ്രതിപക്ഷം ഒരു വ്യാസരേഖയ്ക്ക് അപ്പുറത്താണ് നില്‍ക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ മുഖഭാവം ശ്രദ്ധിച്ചാലറിയാം ഒന്നും അപ്രതീക്ഷിതമായിരുന്നില്ലെന്ന്. ഇതില്‍ നിന്നെങ്ങനെ തലയൂരാം ? അതാണ് അവരുടെ മനസ് കലക്കുന്നത്. സി പി ഐയോട് കാട്ടുന്ന കരുണയെങ്കിലും ഞങ്ങളോട് കാട്ടണേ എന്ന പരിവേദനം അനുകമ്പ അര്‍ഹിക്കുന്നതാണ്. കോണ്‍ഗ്രസിന് നഷ്ടയൗവ്വനത്തിന്റെ കാല്യകാലവര്‍ണ്ണപ്പൊലിമകള്‍ കൈമോശംവന്നിരിക്കുന്നു. ഇത് ആദ്യം മനസിലാക്കിയത് അവര്‍ തന്നെയാണ്. ജനിമൃതികളുടെ അന്തരാളങ്ങളിലെ അര്‍ദ്ധരാത്രികളില്‍, സാക്ഷാത്ക്കരിക്കപ്പെടാത്ത അഭിനിവേശങ്ങള്‍ പോലെയാണ് കോണ്‍ഗ്രസിന്റെ വിലാപം. ഈ അവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിച്ചത് സോണിയ ഗാന്ധിയും അവരുടെ സത്പുത്രനുമാണ്. അച്ഛന്‍ (ജവഹര്‍ലാല്‍ നെഹ്‌റു) കാണിച്ചുകൊടുത്ത പാതയിലൂടെ മകള്‍ (ഇന്ദിര ഗാന്ധി)ക്ക് പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇതാവുമായിരുന്നില്ല അവസ്ഥ. ജനങ്ങള്‍ തങ്ങള്‍ തെളിക്കുന്ന പാതയിലൂടെ പോകും എന്ന ധാര്‍ഷ്ട്യം ഇന്ദിരാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവര്‍ക്ക് ഉണ്ടായി. ഒടുവില്‍ നാം കാണുന്നത് നൂറ്റാണ്ട് പഴക്കമുള്ള ഈ പാര്‍ട്ടിക്ക് ഇന്ന് നാഥനില്ലാതായിരിക്കുന്നു എന്ന അവസ്ഥയാണ്. അപ്പോഴാണ് ഫാസിസ്റ്റ് കക്ഷിയായ ബി ജെ പിയുടെ വരവ്. അത്യന്തം അപകടകരമാണ് ഇന്നത്തെ രാഷ്ട്രീയം. ഇത് മനസിലാക്കാനുള്ള രാഷ്ട്രീയ പക്വതയാണ് കോണ്‍ഗ്രസിനു നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോഴുള്ള നിലയേക്കാള്‍ കോണ്‍ഗ്രസ് അത്യന്തം ക്ഷീണിക്കാനാണ് പോകുന്നത്.

പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും ബി ജെ പിയെ തടഞ്ഞു നിറുത്തുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇത് മനസിലാക്കാതെ ബംഗാളില്‍ മമത കാണിക്കുന്ന എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുകയായിരുന്നു കോണ്‍ഗ്രസ്. അതുപോലെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനശത്രു എല്‍ ഡി എഫാണെന്ന നിലയും സംജാതമായി. മുസ്ലീംലീഗ് കളിക്കുന്ന കച്ചവട രാഷ്ട്രീയവും കേരളത്തിലെ ജാതി-മത-വര്‍ഗീയ കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആപല്‍ക്കരമായ നീക്കങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്. ഇക്കാര്യം മറച്ചുവെക്കുക വഴി ഇവിടത്തെ പൊതുസമൂഹത്തെ വഞ്ചിക്കുകയാണ് അച്ചടി, ദൃശ്യ മാധ്യമങ്ങളൊന്നാകെ. പൊതുസമൂഹം അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത് സത്യസന്ധതയാണ്. അതാണ് അവര്‍ക്കില്ലാത്തതും. സ്വയം തിരുത്തല്‍ കൊണ്ടേ അത് സാധ്യമാവൂ. എന്നാല്‍ ഈ മീഡിയയുടെ മുതലാളിമാര്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്. അതാണ് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോളിനിയും നടപ്പാക്കിയത്. ഈ കള്ള പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ പൊതുബോധത്തിന് അവശ്യം വേണ്ട തിരസ്‌കാര പ്രവണതയ്‌ക്കേ കഴിയൂ.

പൈശാചികശക്തികള്‍ മനുഷ്യന്റെ മൃദുലഭാവങ്ങളോടു തോറ്റുപോകുന്നത് നാം പലപ്പോഴും കാണാറുണ്ട്. ദുര്‍ദേവത വാത്സല്യഭാവത്തില്‍ ദുര്‍ബലയാക്കപ്പെടുന്ന കാഴ്ച ഇടശ്ശേരി കാണിച്ചുതന്നു;’ പൂതപ്പാട്ടി’ല്‍. ചില സന്ദര്‍ഭത്തില്‍ പൂതം പരമസുന്ദരിയായിരിക്കും. നമുക്കത് പരിചിതമാണ്, അടിയന്തരാവസ്ഥക്കാലത്ത്. അന്നൊരിക്കല്‍ ഈ ലേഖകനും സുഹൃത്തുക്കളും കൂടി ഒരു മാസിക നടത്തിയിരുന്നു. അതിന്റെ മുഖചിത്രമായി ഈ പൂതത്തെ അവതരിപ്പിക്കാന്‍ നോക്കി. എങ്ങനെ നോക്കിയിട്ടും സുന്ദരി. അവസാനം ഫിലിം വലിച്ചുനീട്ടി പ്ലേറ്റ് എടുത്തു. അപ്പോള്‍ ഡാങ്കേയുടെ ഛായ, ഈ പൂതത്തിന്. അതുതന്നെയാണ് ആവശ്യവും. അതോടെ ആ മാസിക വെച്ചുപൂട്ടിച്ചു. അടിയന്തരാവസ്ഥ അനന്തമായി നീണ്ടുനില്‍ക്കുമെന്നാണ് ആന്റണിയും കൂട്ടരും കരുതിയത്. അങ്ങനെയാണ് അവരെ വിശ്വസിപ്പിച്ചിരുന്നത്. ആ നുണയുടെ കുമിള പൊട്ടാന്‍ അധികം സമയം വേണ്ടിവന്നില്ല. നമുക്കിനി ഇരുമ്പെഴുത്താണി അന്വേഷിച്ചുപോകാന്‍ സമയമില്ല എന്നോര്‍ക്കുക.

Comments

comments

Categories: FK Special