വൈസ്രോയ് ദുബായ് ജുമൈറയുടെ പ്രവര്‍ത്തനം 2018ല്‍ ആരംഭിക്കും

വൈസ്രോയ് ദുബായ് ജുമൈറയുടെ പ്രവര്‍ത്തനം 2018ല്‍ ആരംഭിക്കും
1.28 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയെന്ന് 
നിര്‍മാതാക്കളായ സ്‌കായ്

ദുബായ്: വൈസ്രോയ് ദുബായ് ജുമൈറ വില്ലേജ് ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സസിന്റെ 40 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സ്‌കായ് പറഞ്ഞു. നിര്‍മാണം പുരോഗമിക്കുകയാണെന്നും മുന്‍ നിശ്ചയിച്ചതു പ്രകാരം 2018 ല്‍ തന്നെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

1.28 ബില്യണ്‍ ദിര്‍ഹം മുടക്കി നിര്‍മിക്കുന്ന പദ്ധതിയുടെ പ്രധാന കരാറുകാരായ ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ സ്ട്രക്ചറല്‍ ജോലികളും സ്ഥലത്തിന്റെ വിഭജനവും ചുറ്റുമതിലും പൂര്‍ത്തിയാക്കിയെന്നും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് ജോലികള്‍ 19-ാം നില വരെ എത്തിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയത് പ്രധാന നാഴികക്കല്ലായാണ് കണക്കാക്കുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും സ്‌കായുടെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് സിഇഒ നബില്‍ അകികി പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതെന്നും 2018 ന്റെ നാലാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

247 ഹോട്ടല്‍ മുറികളും സ്യൂട്ടുകളും 221 വണ്‍, ടു ബെഡ്‌റൂം ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളും സ്വകാര്യ നീന്തല്‍ കുളങ്ങളോടു കൂടിയ 33 ഫോര്‍ ബെഡ്‌റൂം ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളും വൈസ്രോയ് ദുബായ് ജുമൈറ വില്ലേജില്‍ ഒരുക്കുന്നുണ്ട്. 60 നിലകളുള്ള കെട്ടിടത്തില്‍ സൂര്യപ്രകാശം കടക്കുന്ന രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. സ്വാഭാവിക താപനില നിലനിര്‍ത്താന്‍ കെട്ടിടത്തിന് സാധിക്കും. പദ്ധതിയുടെ ഡിസൈനിന്റെ പേറ്റന്റ് എടുത്തിരിക്കുകയാണ് സ്‌കായ്. പ്രധാന നഗരങ്ങളില്‍ ഇതേ മാതൃകയിലുള്ള കെട്ടിടങ്ങള്‍ കൊണ്ടുവരാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.

Comments

comments

Categories: World