ട്രംപ് ഐടി മേഖലയെ തകര്‍ക്കും; ടെക്ക് മഹീന്ദ്രയുടെ മുന്നറിയിപ്പ്

ട്രംപ് ഐടി മേഖലയെ തകര്‍ക്കും; ടെക്ക് മഹീന്ദ്രയുടെ മുന്നറിയിപ്പ്
അമേരിക്ക ഫസ്റ്റ് പോളിസിയും കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതും യുഎസ് ഐടി 
മേഖലയെ കൊല്ലുമെന്ന് ടെക് മഹീന്ദ്രയുടെ വിനീത് നയ്യാര്‍

ന്യൂഡെല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിസ നയങ്ങള്‍ ഐടി മേഖലയെ തകര്‍ക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി സേവന കമ്പനികളിലൊന്നായ ടെക് മഹീന്ദ്രയുടെ മുന്നറിയിപ്പ്. വിസ നയങ്ങളെ തുടര്‍ന്ന് കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടായെന്ന് ടെക്ക് മഹീന്ദ്രയുടെ വൈസ് ചെയര്‍മാനായ വിനീത് നയ്യാര്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 590 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റവരുമാനം. 780 കോടി രൂപയാണ് നാലാം പാദത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന വരുമാനം. എന്നാല്‍ ഈ പ്രതീക്ഷയില്‍ ഇടിവുണ്ടായി. വരുമാനത്തിലെ ഇടിവ് കമ്പനിയുടെ ഓഹരി വിലയെയും കാര്യമായി ബാധിച്ചു.

എച്ച്-1 ബി വിസ നയങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്ന് കുടിയേറ്റം തടയുകയാണ് ട്രംപിന്റെ പ്രധാന അജണ്ട. ഇത് ഐടി മേഖലയെ തകര്‍ക്കുന്നതാണെന്ന് നയ്യാര്‍ അഭിപ്രായപ്പെട്ടു. ടെക് മഹീന്ദ്രയും മറ്റ് ഔട്ട്‌സോഴ്‌സിംഗ് കമ്പനികളും യുഎസിലേക്ക് വിദഗ്ധരായ വിദേശ ജീവനക്കാരെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വിസ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ യുഎസ് കര്‍ശനമാക്കിയിരുന്നു.

അമേരിക്കന്‍ പൗരന്‍മാരുടെ തൊഴില്‍ കവര്‍ന്നെടുക്കുന്നു എന്നു ബഹളം വെച്ചാണ് ട്രംപിന്റെ നടപടികള്‍. അമേരിക്ക ഫസ്റ്റ് എന്ന പോളിസി വലിയ തോതില്‍ ഇന്ത്യന്‍ കമ്പനികളെ ബാധിക്കുമെന്നാണ് നയ്യാരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെലവ് കൂടുന്നതിനും ഇതു വഴിവെക്കും. കൂടുതല്‍ ശമ്പളം നല്‍കി വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎസില്‍ നിന്ന് തന്നെ റിക്രൂട്ട് ചെയ്യേണ്ടി വരുമെന്നത് വലിയ തലവേദന ആകും.

ടെക്ക് മഹീന്ദ്ര തങ്ങളുടെ നാലാംപാദത്തിലെ ഫലം പുറത്തുവിട്ടതിന് ശേഷം നിരവധി നിരീക്ഷകര്‍ കമ്പനിയുടെ റേറ്റിംഗ് കുറച്ചിരുന്നു. ജെപി മൊര്‍ഗാന്‍ ചേസ് ആന്‍ഡ് കമ്പനി, മോര്‍ഗാന്‍ സ്റ്റാന്‍ലി, ഫിലിപ്പ് സെക്യൂരിറ്റീസിന്റെ വിഭോര്‍ സിംഗാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫലം വന്ന ശേഷം നയം വ്യക്തമാക്കിയിരുന്നു. കോഗ്നിസന്റ് ടെക്‌നോളജി സോലൂഷന്‍സ് ഉള്‍പ്പെടെയുള്ള ടെക് സര്‍വീസസ് കമ്പനികള്‍ ഇന്ത്യയിലെ തൊഴിലുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഐടി മേഖലയില്‍ വന്‍ പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന ആശങ്കയാണ് നിലിനില്‍ക്കുന്നത്. ഇതിനെ നേരിടാന്‍ ഐടി രംഗത്തും യൂണിയന്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

Comments

comments

Categories: Business & Economy, World