യുഎഇയില്‍ പെട്രോള്‍ വില താഴും

യുഎഇയില്‍ പെട്രോള്‍ വില താഴും
നാളെ മുതല്‍ ഒരു ലിറ്റര്‍ സൂപ്പര്‍ 98 ന്റെ വില രണ്ട് ദിര്‍ഹത്തില്‍ താഴെയാകും

അബുദാബി: യുഎഇയിലെ പെട്രോള്‍ വില ജൂണില്‍ ഇടിയും. കഴിഞ്ഞ ദിവസം ഊര്‍ജ മന്ത്രിയാണ് പുതിയ നിരക്ക് പുറത്തിറക്കിയത്. പെട്രോള്‍ വിലയിലുണ്ടാകുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ഇടിവാണിത്. അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്‍ക്കുന്നതാണ് ഇടിവിന് കാരണം. ഇതോടെ ഒരു ലിറ്റര്‍ സൂപ്പര്‍ 98 ന്റെ വില രണ്ട് ദിര്‍ഹത്തില്‍ താഴെയാകും. മേയിലുണ്ടായിരുന്ന 2.01 ല്‍ നിന്ന് 2.48 ശതമാനം കുറഞ്ഞ് 1.98 ദിര്‍ഹമാകും. സ്‌പെഷ്യല്‍ 95 ന്റെ വില 2.63 ശതമാനം ഇടിഞ്ഞ് 1.85 ദിര്‍ഹമാകും. ഇ പ്ലസിന്റെ വില 1.78 ആയിട്ടാണ് കുറയാന്‍ പോകുന്നത്. 2.7 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ ഉണ്ടാകാന്‍ പോകുന്നത്.

ഡീസലിന്റെ വിലയിലും ഇടിവുണ്ടാകും. 3.6 ശതമാനം കുറഞ്ഞ് 1.90 ദിര്‍ഹമാകും. കഴിഞ്ഞ മാസം 1.97 ദിര്‍ഹമായിരുന്നു ഡീസലിന്റെ വില. ജൂണ്‍ ഒന്ന്് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രമാണ് എണ്ണ വില ഇടിഞ്ഞത്. മറ്റ് നാല് മാസങ്ങളിലും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു.

എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന തീരുമാനം ഒന്‍പത് മാസത്തേക്ക് നീട്ടുമെന്ന് ഒപെക് രാജ്യങ്ങളും മറ്റ് ഉല്‍പ്പാദക രാജ്യങ്ങളും പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എണ്ണ വിലയില്‍ അഞ്ച് ശതമാനം ഇടിവുണ്ടായി. കരാര്‍ അനുസരിച്ച് ഒപെക് രാജ്യങ്ങളുടെ ഉല്‍പ്പാദനം പ്രതിദിനം 1.2 മില്യണ്‍ ബാരലായി കുറച്ചു. ഒപെക് ഇതര രാജ്യങ്ങളിലെ പ്രതിദിന ഉല്‍പ്പാദനം 5,58,000 ബാരലാക്കി കുറച്ചു. പെട്രോളിലും ഡീസലിലും ഉണ്ടായിരുന്ന സബ്‌സിഡി 2015 ജൂലൈയില്‍ യുഎഇ എടുത്തുകളഞ്ഞിരുന്നു.

Comments

comments

Categories: Business & Economy, World