ഓയില്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ 96 ശതമാനം ഇടിവ്

ഓയില്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ 96 ശതമാനം ഇടിവ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 1,548.68 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.
2015-16 കാലയളവിനേക്കാള്‍ 32 ശതമാനം കുറവാണിത്

ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ (ഒഐഎല്‍) അറ്റാദായം മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 96 ശതമാനം ഇടിവ് രേഖപ്പെടുത്തി. അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് അധിക റോയല്‍റ്റി നല്‍കിയതിനെ തുടര്‍ന്നാണ് അറ്റാദായം കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദങ്ങളില്‍ 19.31 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 96 ശതമാനം കുറവാണിത്. 470.13 കോടി രൂപയായിരുന്നു 2015-16 കാലയളവില്‍ കമ്പനിയുടെ അറ്റാദായമെന്ന് ഓയില്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ഉത്പല്‍ ബോറ പറഞ്ഞു.

കോടതി നിര്‍ദ്ദേശത്തെ പിന്തുടര്‍ന്ന് അസമിലേക്കും അരുണാചല്‍ പ്രദേശിലേക്കും 1,152 കോടി രൂപയുടെ റോയല്‍റ്റി പേമെന്റുകള്‍ സാധ്യമാക്കിയതും പ്രകൃതി വാതക വിലയില്‍ കുറവുണ്ടായതും കമ്പനിയുടെ വരുമാനത്തെ ബാധിച്ചത് കാരണമാണ് അറ്റാദായത്തില്‍ ഇത്രയും ഇടിവുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനിയുടെ ലാഭം ഇടിഞ്ഞെങ്കിലും 2.93 ബില്ല്യണ്‍ ക്യുബിക് മീറ്ററിന്റെ ഉയര്‍ന്ന ഗ്യാസ് ഉല്‍പ്പാദനം ഐഒഎല്‍ രേഖപ്പെടുത്തിയിരുന്നുവെന്ന് ബോറ വ്യക്തമാക്കി. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ഒരു ശതമാനവും ഗ്യാസ് ഉല്‍പ്പാദനം 3.5 ശതമാനവും വര്‍ധനവ് നേടി. ഇതുകൂടാതെ കമ്പനിയുടെ വിറ്റുവരവ് 2015-16 സാമ്പത്തിക വര്‍ഷത്തിലെ 2,445.01 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,308.98 കോടി രൂപയായി എന്നും അദ്ദേഹം സൂചിപ്പിച്ചു.

നാലാംപാദത്തില്‍ ഐഒഎല്‍ ഉല്‍പ്പാദിപ്പിച്ച ക്രൂഡ് ഓയില്‍ ബാരലിന് 52.50 ഡോളര്‍ ലഭിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തിലെ ഇതേപാദത്തില്‍ 32.46 ഡോളറാണ് ക്രൂഡ് ഓയില്‍ ബാരലിന് കിട്ടിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 1,548.68 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2015-16 കാലയളവിനേക്കാള്‍ 32 ശതമാനം കുറവാണിത്. റോയല്‍റ്റി ചെലവുകള്‍ കൂട്ടിച്ചേര്‍ക്കാതിരുന്നെങ്കില്‍ കമ്പനിയുടെ അറ്റാദായം 2,379 കോടി രൂപയാകുമായിരുന്നുവെന്ന് ബോറ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ 4,336 കോടി രൂപയുടെ പദ്ധതിചെലവുകള്‍ക്ക് പകരമായി നിലവിലെ സാമ്പത്തിക വര്‍ഷം കമ്പനി 4,290 കോടി രൂപ നിക്ഷേപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments