ഹോസ്പിറ്റാലിറ്റി രംഗത്തെ പുത്തന്‍ ട്രെന്‍ഡ് ; റൂം വാടക മണിക്കൂറിന്

ഹോസ്പിറ്റാലിറ്റി രംഗത്തെ പുത്തന്‍ ട്രെന്‍ഡ് ; റൂം വാടക മണിക്കൂറിന്
മുറികള്‍ക്ക് ദിവസ വാടക എന്ന പഴഞ്ചന്‍ രീതി മാറ്റി മണിക്കൂര്‍ വാടക എന്ന നവീന 
ആശയം മുന്നോട്ട് വെയ്ക്കുകയാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍

ഒരു ദിവസം അല്ലെങ്കില്‍ ഒരു രാത്രി എന്ന അടിസ്ഥാനത്തിലാണ് സാധാരണ ലോകമെമ്പാടുമുള്ള ഹോട്ടലുകളില്‍ വാടക ഈടാക്കുന്ന രീതി. എന്നാല്‍ ഈ പരമ്പരാഗത സമ്പ്രദായത്തിന് മാറ്റം വരുത്തി മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന പുതിയ ട്രെന്‍ഡിന് തുടക്കം കുറിക്കുകയാണ് ഇന്ന് ചില ഹോട്ടലുകള്‍. നിലവില്‍ ചില സ്റ്റാര്‍ട്ടപ്പുകള്‍ ഈ രീതിയില്‍ മുറികള്‍ വാടകയ്ക്ക് നല്‍കാന്‍ ആരംഭിച്ചുകഴിഞ്ഞു.

എന്താണ് റൂം വാടക മണിക്കൂറിന് എന്ന ആശയം?

റൂം ബൈ അവര്‍ (റൂം വാടക മണിക്കൂറിന്) ഇതാണ് ഹോസ്പിറ്റാലിറ്റി രംഗം ഈ പുതിയ പ്രവണതയ്ക്ക് നല്‍കിയിരിക്കുന്ന പേര്. പേര് പോലെ തന്നെ വളരെ ലളിതമാണ് ഈ പുതിയ പദ്ധതിയും. നിങ്ങള്‍ക്ക് എത്ര മണിക്കൂറിന് വേണ്ടിയാണോ മുറി ആവശ്യമായുള്ളത് ആ സമയത്തിന് വാടക നല്‍കുന്ന രീതിയാണിത്. ഒരു മുഴുവന്‍ ദിവസത്തേക്ക് വാടക നല്‍കുന്നതിന് പകരം ഉപയോഗിക്കുന്ന സമയത്തിന് മാത്രം പണം ഈടാക്കപ്പെടുന്നു. മൂന്ന്, ആറ് എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ ആളുകള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. കുറച്ച് സമയത്തേക്ക് മാത്രം മുറി ഉപയോഗിക്കുമ്പോള്‍ ഒരു മുഴുവന്‍ ദിവസത്തെ വാടക നല്‍കേണ്ടതിന്റെ ആവശ്യം എന്താണ് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരത്തിലൊരു ആശയം ഉയരുന്നത്. നിങ്ങളുടെ ഉദ്ദേശ്യം സാധിക്കുകയും നിങ്ങളുടെ പണം ലാഭിക്കുകയും ചെയ്യുന്ന ഒന്നാണിതെങ്കില്‍ ചെക്ക്-ഇന്‍ ചെയ്യുക സമയപരിധിക്ക് ശേഷം ചെക്ക്-ഔട്ട് ചെയ്യുക എന്നത് വളരെ ഉപകാരപ്രദമായ ഒന്നുതന്നെയാണ്.

ആര്‍ക്കാണ് കൂടുതല്‍ പ്രയോജനകരം?

യാത്രകള്‍ക്ക് പോകുമ്പോള്‍ അടുത്ത ഫ്‌ളൈറ്റോ ബസിനോ ഇടയിലുള്ള അല്പസമയം, ഒന്ന് കിടക്കാനുള്ള സൗകര്യം അന്വേഷിക്കുന്ന യാത്രക്കാര്‍ക്കു തന്നെയായിരിക്കും ഇത്തരത്തിലൊരു രീതി ഏറ്റവുമധികം ഗുണകരമാകുന്നത്. മാത്രമല്ല നീണ്ട യാത്രകള്‍ ചെയ്യുന്ന ബൈക്ക് യാത്രികര്‍ക്ക് രാത്രിയില്‍ ഒന്നു തല ചായ്ക്കാനും ഈ പുതിയ ആശയം സഹായകരമാകും.

ഇതിന്റെ ആവശ്യകത?

നാല് മണിക്കൂര്‍ മാത്രമെ മുറിയില്‍ ചിലവഴിക്കുന്നുള്ളുവെങ്കിലും 24 മണിക്കൂറിന് ചുമത്തുന്ന ഭീമമായ തുക അടയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് നിങ്ങളുടെ കൈയിലെ പണത്തെ കാര്യമായി കവര്‍ന്നെടുക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിടേണ്ടി വരുമ്പോഴാണ് നമ്മള്‍ ഉപയോഗപ്പെടുത്തിയ സമയത്തിന് മാത്രം പണം നല്‍കിയാല്‍ മതിയായിരുന്നെങ്കില്‍ എന്ന ചിന്ത ഉണ്ടാകുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്. ഹോട്ടല്‍ ശൃഖലകള്‍ക്കും ഇതില്‍ നിന്ന് ലാഭം കൊയ്യാന്‍ സാധിക്കും. നിലവില്‍ ഈ രീതിയില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന ഹോട്ടലുകള്‍ വളരെ തന്ത്രപരമായി പകല്‍ സമയങ്ങളില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന മുറികള്‍ തിരഞ്ഞെടുത്തു നല്‍കുകയാണ് ചെയ്യുന്നത്.

ഈ പുതിയ ട്രെന്‍ഡിന്റെ പ്രസിദ്ധി?

ഈ പുതിയ ആശയം ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ ഏറെ പ്രസിദ്ധി നേടിയെടുക്കുമെന്നാണ് സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കടുത്തും വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രി തുടങ്ങിയ സ്ഥലങ്ങള്‍ക്കും അടുത്തായി സ്ഥാപിച്ചിട്ടുള്ള ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഫലപ്രദമായ രീതിയാണ്. നിരവധി സ്റ്റാര്‍ റേറ്റഡ് ഹോട്ടലുകള്‍പോലും ഈ പുതിയ സമ്പ്രദായം പരീക്ഷിക്കാന്‍ തയാറെടുക്കുന്നുണ്ട്.

സുരക്ഷിതമായി അല്‍പനേരം.

റൂം ബൈ അവര്‍ എന്ന രീതിയുമായി ചേര്‍ന്നുനില്‍ക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടെയുണ്ട്. ഉദാഹരണത്തിന് വിവാഹിതരല്ലാത്ത പങ്കാളികള്‍ക്ക് മുറികള്‍ നല്‍കുന്നത്. ഇന്ത്യയില്‍ ഒരുമിച്ച് സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ആയിരകണക്കിന് യുവതീയുവാക്കള്‍ ഉണ്ട്. എന്നാല്‍ ഇതിന് അവര്‍ക്ക് അധികം അവസരങ്ങളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റര്‍നെറ്റില്‍ ഇത്തരത്തിലുള്ള ഹോട്ടലുകള്‍ക്കായുള്ള തെരച്ചില്‍ കൂടുതലാണുതാനും. ആളുകള്‍ മണിക്കൂറുകള്‍ക്കായി മുറി വാടകയ്ക്ക് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ പുതിയ രീതിയില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കൃത്യമായ രേഖകള്‍ ഉപഭോക്താക്കളില്‍ നിന്നും ലഭ്യമായാല്‍ വിവാഹിതരല്ലാത്തവര്‍ക്കും മുറികള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ അവിവാഹിതരായ രണ്ടുപേര്‍ക്ക് മുറികള്‍ നല്‍കുന്നത് നിയമവിരുദ്ധമല്ലെന്നുമാത്രമല്ല അവരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ഉദ്ദേശ്യവുമില്ല.

മറ്റ് സൗകര്യങ്ങള്‍?

ഈ പുതിയ ട്രെന്‍ഡിന് തുടക്കം കുറിച്ചിട്ടുള്ള ചില ഹോട്ടലുകള്‍ ബങ്കര്‍ ബെഡ്ഡുകള്‍, മീറ്റിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളും നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ മുറി ആവശ്യപ്പെട്ടുവരുന്നവര്‍ക്ക് പലപ്പോഴും ഈ സൗകര്യങ്ങള്‍ വളരെയധികം ഉപകാരപ്രദമാകാറുമുണ്ട്. ഈ ആശയം ബഡ്ജറ്റ് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരേപോലെ പ്രയോജനം നേടിക്കൊടുക്കുന്നു എന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ ഒരു പുതിയ ചുവടുവയ്പിലൂടെ ഒരു വിശാല ചിന്താഗതിക്കും നമ്മള്‍ തുടക്കം കുറിക്കുകയാണ്.

Comments

comments