മാര്‍കയെ നേരെയാക്കാന്‍ പുതിയ സിഇഒ

മാര്‍കയെ നേരെയാക്കാന്‍ പുതിയ സിഇഒ
ബെനോയ്റ്റ് ലമൊനേറിയയാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലറുടെ പുതിയ തലവന്‍

അബുദാബി: നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന റീട്ടെയ്ല്‍ കമ്പനിയായ മാര്‍കയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ പുതിയ സിഇഒയെ നിയമിച്ചു. ബെനോയ്റ്റ് ലമൊനേറിയയാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലറുടെ പുതിയ സിഇഒ. യുഎഇയിലും വിദേശത്തുമായി 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് അദ്ദേഹത്തിനുള്ളത്. റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, വിനോദം, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളിലെ പദ്ധതികളില്‍ മാനേജിംഗ് ഡയറക്റ്ററായി ലമൊനേരിയ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം രാജിവെച്ച നിക് പീലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം വരുന്നത്. 2014 ല്‍ കമ്പനി രൂപീകരിച്ചതിന് ശേഷം ലാഭത്തിലേക്ക് അതിനെ കൊണ്ടുവരാന്‍ സാധിക്കാത്തതിനാലാണ് പീല്‍ രാജിവെച്ചത്. 2015 ന്റെ നാലാം പാദത്തില്‍ മാര്‍ക്കയെ ലാഭത്തത്തിലേക്ക് കൊണ്ടുവരുമെന്നാണ് പീല്‍ പറഞ്ഞിരുന്നത്്. 2016 ലെ സാമ്പത്തിക വര്‍ഷത്തില്‍ 40.8 മില്യണ്‍ ദിര്‍ഹമായിരുന്നു കമ്പനിയുടെ നഷ്ടം.

പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ്് മേഖലയില്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍പ്പന നടത്താനുമുള്ള അനുവാദം ഇവര്‍ക്ക് മാത്രമായിരുന്നു. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനം 294 മില്യണ്‍ ദിര്‍ഹമായിരുന്നു. 2015 ലെ ഫലവുമായി നോക്കുമ്പോള്‍ ഏകദേശം 37 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഫിക്‌സഡ് അസറ്റിലുണ്ടായ മൂല്യതകര്‍ച്ച, സര്‍വീസിംഗ് ഡെ്റ്റ്, പ്രധാന വര്‍ഷങ്ങളില്‍ നടത്തിയ വിവിധ ഏറ്റെടുക്കലിന്റെ ഭാഗമായി ഗുഡ്‌വില്ലിനുണ്ടായ കോട്ടം എന്നിവയാണ് അറ്റ നഷ്ടത്തിന്റെ പ്രധാന കാരണമെന്ന് മാര്‍ക കൂട്ടിച്ചേര്‍ത്തു.

ലമൊനേറിയയുടെ മികച്ച പ്രാഗല്‍ഭ്യവും അറിവും കമ്പനിയെ ബിസിനസ് വളര്‍ച്ചയിലേക്ക് നയിക്കാന്‍ സഹായകമാവുമെന്ന് അദ്ദേഹത്തെ സിഇഒ ആയി നിയമിച്ചുകൊണ്ട് കമ്പനിയുടെ സെക്രട്ടറി അഹ്മദ് സമെര്‍ ഖാലിഫ പറഞ്ഞു. ഇതിന് മുന്‍പ് ഗള്‍ഫ് ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ സഹസ്ഥാപനങ്ങളുടെ സിഇഒ ആയിരുന്നു ലമൊനേറിയ. ഏറ്റെടുക്കല്‍, ഫ്രാഞ്ചൈസി കരാര്‍, സ്വന്തമായുള്ള റീട്ടെയ്ല്‍ മേഖല എന്നിവയില്‍ ഊന്നിയുള്ളതാണ് മാര്‍കയുടെ പ്രവര്‍ത്തനം. നിലവില്‍ ഹോസ്പിറ്റാലിറ്റി, ഫാഷന്‍, ബ്യൂട്ടി, സ്‌പോര്‍ട്‌സ് ഔട്ട്‌ലെറ്റ് എന്നിങ്ങനെ 47 സ്ഥാപനങ്ങളാണ് കമ്പനി മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy, World