2019ല്‍ മോദി വീണ്ടും അധികാരത്തിലേറുമെന്ന് ബിസിനസ് വേള്‍ഡ് സര്‍വേ

2019ല്‍ മോദി വീണ്ടും അധികാരത്തിലേറുമെന്ന് ബിസിനസ് വേള്‍ഡ് സര്‍വേ

കൊച്ചി: ഇന്ത്യയിലെ ജനങ്ങളില്‍ 80 ശതമാനവും കോര്‍പ്പറേറ്റ് ലോകത്തില്‍ 80 ശതമാനവും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും മോദി തന്നെ അധികാരത്തിലെത്തുമെന്നു വിശ്വസിക്കുന്നതായി ബിസിനസ് വേള്‍ഡ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനങ്ങളില്‍ 69 ശതമാനവും നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണെന്ന് വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ഈ ചിന്താഗതി അല്‍പ്പം കൂടി പ്രബലമാണ്. അവിടെ 74 ശതമാനം പേരാണ് മോദിയെ എക്കാലത്തേയും മികച്ച പ്രധാനമന്ത്രിയായി കണക്കാക്കുന്നത്. രാജ്യത്തിന്റെ പൊതു ചിന്താഗതി അറിയാനും കോര്‍പ്പറേറ്റ് മേഖലയുടെ ചിന്താഗതി അറിയുവാനുമായി രണ്ടു സര്‍വേകളാണ് ബിസിനസ് വേള്‍ഡ് നടത്തിയത്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 76 ശതമാനം പേര്‍ മോദി സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ ഇത് 83 ശതമാനമാണ്.

മോദി സര്‍ക്കാര്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക മികച്ച രീതിയില്‍ നടപ്പാക്കുകയാണെന്നാണ് 62 ശതമാനം പേരും അഭിപ്രായപ്പെടുന്നു. കോര്‍പ്പറേറ്റ് മേഖലയില്‍ ഇത് 67 ശതമാനമാണ്. ജനങ്ങളുടെ ചിന്താഗതിയെക്കുറിച്ചുള്ള സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും മോദിയുടെ കാലഘട്ടത്തില്‍ ഭരണം ഗണ്യമായ രീതിയില്‍ മെച്ചപ്പെട്ടതായാണ് അഭിപ്രായപ്പെടുന്നത്. കോര്‍പ്പറേറ്റ് മേഖലയില്‍ ഇത് 66 ശതമാനമാണ്. മന്‍മോഹന്‍ സിങിന്റെ കാലത്തേക്കാള്‍ മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഗണ്യമായ മെച്ചപ്പെടലുകള്‍ ഉണ്ടായതായാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കറന്‍സി പിന്‍വലിക്കല്‍, വൈദ്യുത മേഖലയിലെ പരിഷ്‌കാരങ്ങള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ചരക്കു സേവന നികുതി, അഴിമതിക്കെതിരെയുള്ള യുദ്ധം, സബ്‌സിഡികള്‍ നേരിട്ടു നല്‍കല്‍ തുടങ്ങിയവ മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളായി കോര്‍പ്പറേറ്റ് മേഖല ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വികസനത്തിനു കൂടുതലായി സംഭാവന നല്‍കിയ മൂന്നു പ്രധാന മന്ത്രിമാരുടെ പേരു ചോദിച്ചപ്പോള്‍ മോദി, അടല്‍ബിഹാരി വാജ്‌പേയി, രാജീവ് ഗാന്ധി എന്നീ പേരുകളാണ് സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്നു വന്ന മൂന്നു പേരുകള്‍ മോദി, നരസിംഹറാവു, രാജീവ്ഗാന്ധി എന്നിങ്ങനെയായിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയുടെ അഭിപ്രായപ്രകാരം ഏറ്റവും മികച്ച അഞ്ചു മന്ത്രിമാര്‍ പീയുഷ് ഗോയല്‍, നിതിന്‍ ഗഡ്ഗരി, സുരേഷ് പ്രഭു, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ്.

Comments

comments

Categories: Top Stories