‘യുബര്‍, ഒല വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിയന്ത്രണം’

‘യുബര്‍, ഒല വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിയന്ത്രണം’
വായ്പ നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ എസ്ബിഐ തീരുമാനം

ന്യൂഡെല്‍ഹി: യുബര്‍, ഒല ടാക്‌സികള്‍ക്ക് കാര്‍ ലോണ്‍ നല്‍കുന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) താല്‍കാലികമായി നിര്‍ത്തലാക്കി. കാബ് ഡ്രൈവര്‍മാരെ സംബന്ധിക്കുന്ന പരാതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ പുതിയ തീരുമാനം. പേമെന്റുകള്‍ കൃത്യമായി നടക്കാത്തതിനെ തുടര്‍ന്ന് 300 കാറുകള്‍ ബാങ്ക് ഇതിനോടകം ജപ്തി ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ഇത്തരം കാബുകള്‍ക്ക് 120 കോടി രൂപയാണ് എസ്ബിഐ നല്‍കിയിട്ടുള്ളത്. ഈ എക്കൗണ്ടുകളിലെല്ലാം ഗണ്യമായ സമ്മര്‍ദമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു മുന്‍കരുതലെന്ന നിലയില്‍ തെരഞ്ഞെടുത്ത മേഖലകളില്‍ ഒല, യുബര്‍ വാഹനങ്ങള്‍ക്ക് വേണ്ടി ധനസഹായം നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്ന് എസ്ബിഐ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

പുതിയ നടപടി സ്വീകരിച്ചത് താല്‍കാലികമായിട്ടാണ്. കുറച്ചു സമയം ഇതിന്റെ സ്ഥിതി കണ്ടു മനസിലാക്കേണ്ടതുണ്ട്. പല സ്ഥലങ്ങളിലും നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും വാഹനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനു മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുബറും ഒലയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

മുംബൈ, ഡെല്‍ഹി, ബെംഗളൂരു തുടങ്ങിയ വലിയ വിപണികളിലാണ് ഈ താല്‍കാലിക ഉത്തരവ് പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. വെസ്റ്റ് ബംഗാള്‍, ഒഡീഷ, ഹൈദരാബാദ് തുടങ്ങിയ വിപണികളില്‍ ഇപ്പോഴും ചെറിയ തോതില്‍ പണം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ബെംഗളൂരില്‍ ഇത്തരത്തിലുള്ള ലോണുകള്‍ എസ്ബിഐ നിര്‍ത്തലാക്കിയത്. യുബര്‍ കാറുകള്‍ക്ക് ലോണ്‍ നല്‍കുന്നത് കഴിഞ്ഞ വര്‍ഷമാണ് ആക്‌സിസ് ബാങ്ക് അവസാനിപ്പിച്ചത്.

Comments

comments

Categories: Business & Economy