500 രൂപയ്ക്ക് 100 ജിബി ; ബ്രോഡ്ബാന്‍ഡില്‍ അടുത്ത അങ്കത്തിന് തയാറെടുത്ത് ജിയോ

500 രൂപയ്ക്ക് 100 ജിബി ; ബ്രോഡ്ബാന്‍ഡില്‍ അടുത്ത അങ്കത്തിന് തയാറെടുത്ത് ജിയോ
ദീപാവലിക്കു മുന്നോടിയായി ഒക്‌റ്റോബറില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തുടക്കം കുറിച്ച റിലയന്‍സ് ജിയോ പുതിയ ദൗത്യത്തിനൊരുങ്ങുന്നു. അടുത്ത ദീപാവലിയോടനുബന്ധിച്ച് വാണിജ്യാടിസ്ഥാനത്തില്‍ തങ്ങളുടെ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ അവതരിപ്പിക്കാനാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ നീക്കമെന്നാണ് അറിയുന്നത്.

ഇന്ത്യന്‍ മൊബീല്‍ വിപണിയില്‍ ശക്തമായ നിരക്ക് യുദ്ധത്തിന് തിരികൊളുത്തിയ ജിയോയുടേതിന് സമാനമായ മത്സരാന്തരീക്ഷം സൃഷ്ടിക്കാന്‍ ‘ജിയോഫൈബര്‍’ എന്ന പേരില്‍ അവതരിപ്പിക്കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് കഴിഞ്ഞേക്കും. 500 രൂപയ്ക്ക് പ്രതിമാസം 100 ജിബി ഡാറ്റയാണ് ജിയോഫൈബര്‍ വഴി ലഭ്യമാക്കുന്നത്. ജിയോയുടെ മുഖ്യ എതിരാളികളായ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നിവ ഇതിന്റെ ഇരട്ടി വിലയ്ക്ക് പകുതി ഡാറ്റ സേവനം നല്‍കുന്ന സ്ഥാനത്താണ് ജിയോ തന്ത്രപരമായ നീക്കം നടത്തുന്നത്.

100 എംബിപിഎസ് വേഗതയില്‍ ഡാറ്റ ലഭ്യമാക്കുന്ന സേവനങ്ങള്‍ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ പത്ത് വന്‍കിട നഗരങ്ങളിലായിരിക്കും അവതരിപ്പിക്കുന്നത്. രണ്ടാം ഘട്ട വിപുലീകരണത്തോടനുബന്ധിച്ച് ഡിസംബറോടെ 100 നഗരങ്ങളില്‍ കൂടി സേവനമെത്തിക്കും. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ റിലയന്‍സ് ജിയോഫൈബര്‍ സേവനങ്ങളിലൂടെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  രാജ്യത്ത് 20 മില്യണ്‍ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളാണുള്ളത്. ഇതില്‍ പകുതിയോളം സംഭാവന ചെയ്യുന്നത് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ആണ്.

മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ഹോം ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ പത്ത് മില്യണ്‍ വരിക്കാരാണ് ബിഎസ്എന്‍എലിനുള്ളത്. ഭാരതി എയര്‍ടെലിന് 1.95 മില്യണ്‍ വരിക്കാരും. ജിയോ ഫൈബര്‍ വരുന്നതോടെ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡുകളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. ഹോം ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ജിയോ നിരക്കുകള്‍ കോളിളക്കം സൃഷ്ടിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം. ഈ വര്‍ഷം ഒക്‌റ്റോബര്‍ 19നാണ് ദീപാവലി. ഇതിനോടനുബന്ധിച്ച് ഒക്‌റ്റോബര്‍ ആദ്യമോ സെപ്റ്റംബറിലോ ജിയോഫൈബര്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ടെലികോം മേഖലയില്‍ ജിയോയുടെ വരവ് വന്‍ ഉടച്ചുവാര്‍ക്കലുകള്‍ക്കാണ് വഴിവെച്ചത്. ആറു മാസങ്ങള്‍ നീണ്ട ജിയോയുടെ സൗജന്യ സേവനം ടെലികോം മേഖലയുടെ മൊത്തത്തിലുള്ള വരുമാനത്തെ ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രമുഖ കമ്പനികളുടെയെല്ലാം പ്രകടന റിപ്പോര്‍ട്ട് ജിയോ സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്നതായിരുന്നു. പ്രധാനപ്പെട്ട രണ്ടോ മൂന്നോ കമ്പനികളിലേക്ക് രാജ്യത്തെ ടെലികോം വിപണിയെ ചുരുക്കുന്നതിലേക്കാണ് ഈ നിരക്ക് യുദ്ധം നയിച്ചത്. ബ്രോഡ്ബാന്‍ഡിലും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം അത്തരത്തിലൊരു നിരക്ക് യുദ്ധത്തിനാണ് ജിയോ തുടക്കമിടുന്നത്.

Comments

comments

Related Articles