അവര്‍ പറന്നു കളക്ടര്‍ക്കൊപ്പം

അവര്‍ പറന്നു കളക്ടര്‍ക്കൊപ്പം
കാടിന്റെ ലോകത്തു നിന്നും നാട് കാണാനിറങ്ങിയ അവര്‍ക്ക് ആ ആകാശയാത്ര പുതിയൊരു
അനുഭവമായി. അവരുടെ സ്വപ്‌നങ്ങള്‍ ഇനിയും ഉയരങ്ങള്‍ താണ്ടുമെന്നതില്‍ സംശയമില്ല

ഷാലുജ സോമന്‍

അല്‍പ്പം ഭയത്തോടെയാണ് കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ എത്തിയത്. അന്നുവരെ ആകാശത്തിലൂടെ പറക്കുന്ന വിമാനം നേരിട്ടു കണ്ടപ്പോള്‍ ആ ഭയമൊന്നു കൂടി. പിന്നീട് വിമാനത്തിനുള്ളില്‍ കയറിയപ്പോള്‍ പലരുടെയും മുഖത്ത് നവരസങ്ങള്‍ മിന്നി മറഞ്ഞു. വിമാനത്തിനൊപ്പം പറന്നു തുടങ്ങിയപ്പോഴകട്ടെ പേടി കാരണം അവര്‍ ഉച്ചത്തില്‍ ബഹളംവെച്ചു. അവരെ ആശ്വാസിപ്പിക്കാനെത്തിയത് ജില്ലാ കളക്ടറാണ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി. ആ കഥ ഇങ്ങനെ…

കണ്ണൂര്‍ ആറളം ഫാമിലെ കുരുന്നുകളുടെ പുഞ്ചിരിക്ക് ഇന്ന് പത്തരമാറ്റാണ്. കാരണം, ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണിവര്‍. ഈ പുഞ്ചിരിക്കു പിന്നില്‍ കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ്. ജില്ലാ ഭരണകൂടത്തിന്റെ വാത്സല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വിനോദയാത്രയിലാണ് ആറളം ഫാം ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് കടല്‍ യാത്രയും ആകാശയാത്രയും നടത്തിയത്. ഈ ആകാശ യാത്രയ്ക്ക് ചുക്കാന്‍ പിടിച്ചത് ഹിന്ദുസ്ഥാന്‍ പെട്രോളിയമായിരുന്നു, കോഴിക്കോട് കരിപ്പൂര്‍ എയര്‍പോട്ടില്‍ വെച്ചുള്ള സ്വീകരണച്ചടങ്ങില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മധുര പലഹാരങ്ങള്‍, സ്‌കൂള്‍ ബാഗ്, പഠനോപകരണങ്ങള്‍ എന്നിവയും ഹിന്ദുസ്ഥാന്‍ പെട്രോളിയം നല്‍കുകയുണ്ടായി.

കണ്ണൂര്‍ ആറളം ഫാം ഹൈസ്‌കൂളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്തിയതിന്റെ സന്തോഷം കണ്ണൂര്‍ കളക്ടര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചെറിയ സമയത്തിനുള്ളില്‍ ഈ ഉല്ലാസയാത്ര സ്‌പോണ്‍സര്‍ ചെയ്തതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിലെ ഉദ്യോഗസ്ഥരോട് തന്റെ ഫേ്‌സ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറഞ്ഞ കളക്ടര്‍ അദ്ദേഹത്തിന്റെ ആ പോസ്റ്റ് അവസാനിപ്പിച്ചത് ‘ ഈ യാത്ര കുട്ടികളെ വലിയ സ്വപ്നങ്ങള്‍ കാണാനും ആകാശത്തോളം ഉയരത്തില്‍ ലക്ഷ്യം വെയ്ക്കാനും പഠിപ്പിക്കും എന്നത് തീര്‍ച്ച.., ‘ എന്നു പറഞ്ഞുകൊണ്ടാണ്.

ആറളം ഫാമിലെ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടിയുള്ള സ്‌കൂളാണ് ആറളം ഫാം ഹൈസ്‌കൂള്‍. കുറിച്യ, പണിയ വിഭാഗത്തില്‍ പെട്ടവരാണ് വിദ്യാര്‍ത്ഥികളിലേറെയും. പണ്ട് ഭൂമി ഇല്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയതോടെ ഇവിടെ താമസമാക്കിയവരാണ് ഇവരുടെ രക്ഷിതാക്കള്‍. ഒട്ടുമിക്കരും താമസിക്കുന്നത് കാട് പ്രദേശങ്ങളില്‍ തന്നെ. സര്‍ക്കാരിന്റെ ‘ഗോത്രസാരഥി’ വഴി കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിനായി ജീപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വിദ്യാലയത്തിലെ ഹാജര്‍ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സംഘാടകര്‍ ചേര്‍ന്ന് 2016 ഒക്ടോബറില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കി. സ്‌കൂളിലെ ഉയര്‍ന്ന ഹാജര്‍ നിലയുള്ള ഒരോ വിദ്യാര്‍ത്ഥികളേയും ചേര്‍ത്ത് ഒരു വിനോദയാത്ര. കണ്ണൂര്‍ നഗരത്തിലെ ലൈറ്റ് ഹൗസ്, കളക്ടറുടെ ഓഫീസ്, വീഡിയോ ഗെയിം ആര്‍ക്കെയ്ഡ്, ഫുഡ് കോര്‍ട്ട്, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ ചുറ്റിക്കാണിച്ച് തിരിച്ച് മടങ്ങുക എന്നതായിരുന്നു അവരുടെ പ്ലാന്‍. ഈ യാത്രയില്‍ കണ്ണൂര്‍ എംപിയും ഇവരെ അനുഗമിക്കുകയുണ്ടായി. ആ യാത്ര വിദ്യാര്‍ത്ഥികള്‍ നന്നായി ആസ്വദിച്ചു.

ഈ വിനോദയാത്രയ്ക്കുശേഷം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ന്നതുകണ്ടപ്പോള്‍ ഈ വേനലവധിക്കാലത്ത് അവര്‍ക്കായ് കൊച്ചിയിലേക്കൊരു വിനോദയാത്രയ്ക്കുള്ള പദ്ധതിയും സ്‌കൂള്‍ തയാറാക്കി. ലുലുമാള്‍, വണ്ടര്‍ ലാ എന്നിവിടങ്ങളില്‍ ഉല്ലാസയാത്ര നടത്തി തിരികെയെത്താനുള്ള പദ്ധതി തയാറാക്കി ഇതിനായി ബസും ബുക്ക് ചെയതു. എന്നാല്‍ ഇതിനിടയില്‍ പത്താം ക്ലാസ് പരീക്ഷാഫലം വന്നപ്പോള്‍ കണ്ണൂര്‍ ആറളം ഫാം സ്‌കൂളിലെ പത്താം തരത്തില്‍ പഠിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയാണ് അറിയാനിടയായത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ വിനോദയാത്ര കുറച്ച് കൂടി സ്‌പെഷല്‍ ആക്കാന്‍ അവര്‍ തീരുമാനിച്ചു. വിനോദയാത്രയുടെ പ്ലാനിംഗില്‍ ചെറിയൊരു മാറ്റം വരുത്തി. യാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരുന്നത് ബസിലായിരിക്കില്ല പകരം വിമാനത്തിലായിരിക്കും എന്ന അതിഗംഭിര ഓഫര്‍. അങ്ങനെയാണ് ഒമ്പതും പത്തും ക്ലാസിലെ 38 വിദ്യാര്‍ത്ഥികളും അവരുടെ പ്രിയ അധ്യാപികയായ ശശികല ടീച്ചറും കൂടി കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്.

യാത്രയില്‍ ആദ്യം കൊച്ചി മറൈന്‍ ഡ്രൈവായിരുന്നു. അതിനുശേഷം കപ്പലില്‍ ഉള്‍ക്കടലിലേക്കൊരുയാത്ര. പിന്നീട് ലുലുമാളും സെന്‍ട്രല്‍ സ്‌ക്വയര്‍മാളും കണ്ട് നെടുമ്പാശേരിയിലേക്ക്. അവിടെ നിന്ന് ആ മുപ്പത്തിയെട്ടുപേരും അവരുടെ സ്വപ്‌നത്തിന്റെ ചിറകിലേറി കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യയില്‍ പറന്നു. കുട്ടികളുടെ യാത്രയ്ക്ക് കൂടുതല്‍ ഉണര്‍വേകി 12 ാം തിയതി രാവിലെ കൊച്ചിയില്‍ നിന്നും കരിപ്പൂരിലേക്ക് വിമാനമാര്‍ഗം കുട്ടികള്‍ക്കൊപ്പം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും മറ്റ് അധ്യാപകരും യാത്രയെ അനുഗമിച്ചു. തുടര്‍ന്ന് കരിപ്പൂരില്‍ വച്ച് നടന്ന സ്വീകരണത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ സൗത്ത് സോണല്‍ ഹെഡ് ശ്രീ.സന്ധീപ് മഹേശ്വരി, കോഴിക്കോട് റീജണല്‍ മാനേജര്‍ സതീഷ്‌കുമാര്‍ കെ.പി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലോകനാഥന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂളിലെ അധ്യാപികയായ ശശികല ടീച്ചറിനും യാത്രയേക്കുറിച്ച് പറയാനേറെയുണ്ട്. ‘ ഈ വിനോദയാത്ര കുട്ടികള്‍ ശരിക്കും ആസ്വദിച്ചു എന്നു തന്നെ പറയാം. കുട്ടികള്‍ മാത്രമല്ല ഞങ്ങള്‍ അധ്യാപകരും. ഇതേപോലൊരു യാത്ര അവരുടെ ജീവിതത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും അവര്‍ ശരിക്കും സന്തോഷത്തിലാണെന്നും കുട്ടികള്‍ തന്നെ പറയുകയുണ്ടായി. കുട്ടികള്‍ക്ക് അവര്‍ മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു’,ശശികല ടീച്ചര്‍ പറഞ്ഞു. നാല് അധ്യാപകരും 2 രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നെന്നും വിമാനം പറന്നപ്പോഴുണ്ടായ പേടിയില്‍ കളക്ടറാണ് കുട്ടികളെ സമാധാനിപ്പിച്ചതെന്നും ടീച്ചര്‍ പറയുകയുണ്ടായി. ശരിക്കും കളക്ടറുമായി കുട്ടികള്‍ക്ക് അടുത്തിടപെഴകാന്‍ അവസരം ലഭിച്ചെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളില്‍ ഭൂരിഭാഗം പേരും പുറംലോകം കാണാത്തവരും ഇവരുടെ രക്ഷിതാക്കള്‍ നിരക്ഷരരാണെന്നും സ്‌കൂളിലെ സയന്‍സ് അധ്യാപകനായ ഗിരീഷും ചൂണ്ടിക്കാട്ടി.. ‘ പുറംലോകത്തെക്കുറിച്ച് യാതൊരു അറിവും ഇവര്‍ക്കില്ല. തീവണ്ടി പോയിട്ട് റെയ്ല്‍വേ ട്രാക്ക് വരെ കാണാത്തവരാണിവര്‍. ഈ വിനോദയാത്ര കുട്ടികളില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. അവര്‍ ശരിക്കും ഈ വിനോദയാത്ര ആസ്വദിച്ചിട്ടുണ്ട്. ഒപ്പം കളക്ടര്‍ കുട്ടികളുമായി ശരിക്കും അടുത്തിടപഴകിയത് കുട്ടികള്‍ക്ക് നൂറിരട്ടി സന്തോഷം നല്‍കി എന്നുതന്നെ പറയാം’ ഗിരീഷ് പറഞ്ഞു.

ആട്ടവും പാട്ടുകളുമായി ആറളത്തേക്ക് മടങ്ങുമ്പോള്‍ ആ കുരുന്നുകളുടെ മനസില്‍ ഒരേ ആഗ്രഹം മാത്രമായിരുന്നു വേഗം വീടെത്തണം. വിമാനത്തില്‍ കയറിയതിന്റേയും കപ്പലില്‍ ചുറ്റിയതിന്റേയും വിശേഷങ്ങള്‍ തങ്ങളുടെ അച്ഛനമ്മമാരോടും കൂട്ടുകാരോടും പങ്കുവയ്ക്കണം. രക്ഷിതാക്കളൊന്നും കണ്ടിട്ടില്ലാത്ത ആ കാഴ്ചകളെ കുറിച്ച് അവര്‍ക്ക് പറയാനേറെയുണ്ടായിരുന്നു. കാടും മലയും മാത്രം കാണുന്ന ഇവര്‍ക്ക് പുതിയൊരു ലോകമായിരുന്നു ഈ പറക്കല്‍ സമ്മാനിച്ചത്. കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ച പോലെ തന്നെ ഇനി അവര്‍ വലിയ സ്വപ്‌നം കാണും ഒപ്പം ആകാശത്തോളം ഉയരത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ എത്തിക്കാന്‍ പരിശ്രമിക്കുകതന്നെ ചെയ്യും.

Comments

comments

Categories: FK Special