റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയ്ല്‍ അനാവരണം ചെയ്തു ; വില 84 കോടി രൂപ

റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയ്ല്‍ അനാവരണം ചെയ്തു ; വില 84 കോടി രൂപ
1920 കളിലെയും 1930 കളിലെയും കോച്ച്-ബില്‍റ്റ് റോള്‍സ് റോയ്‌സ് മോഡലുകളും 
ആഡംബര നൗകകളുമാണ് പുതിയ സ്വെപ്‌റ്റെയ്‌ലിന് പ്രചോദനമായത്

ലേക്ക് കോമോ, ഇറ്റലി : റോള്‍സ് റോയ്‌സ് പുതിയ സ്വെപ്‌റ്റെയ്ല്‍ അനാവരണം ചെയ്തു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉപയോക്താവിനുവേണ്ടിയാണ് ആഡംബര നൗകയെ അനുസ്മരിപ്പിക്കുന്ന ഈ അനുപമവും അതിവിശിഷ്ടവുമായ മോഡല്‍ രൂപകല്‍പ്പന ചെയ്തത്. കോമോ തടാകക്കരയില്‍ നടക്കുന്ന ക്ലാസിക്, വിന്റേജ് കാറുകളുടെ മത്സരമായ കോണ്‍കോര്‍സോ ഡി’എലഗന്‍സെ വില്ല ഡി’എസ്റ്റിലാണ് റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയ്ല്‍ പ്രദര്‍ശിപ്പിച്ചത്. 2-സീറ്റര്‍ ആഡംബര കൂപ്പെയ്ക്ക് 84 കോടി രൂപയാണ് (12.8 മില്യണ്‍ ഡോളര്‍) വില. 1920 കളിലെയും 1930 കളിലെയും കോച്ച്-ബില്‍റ്റ് റോള്‍സ് റോയ്‌സ് മോഡലുകളും ആഡംബര നൗകകളുമാണ് പുതിയ സ്വെപ്‌റ്റെയ്‌ലിന് പ്രചോദനമായത്.

നാല് വര്‍ഷമെടുത്താണ് ഈ സ്വെപ്‌റ്റെയ്ല്‍ പണിതീര്‍ത്തത്. 6.75 ലിറ്റര്‍ വി12 എന്‍ജിനാണ് കരുത്ത് പകരുന്നത്. റോള്‍സ് റോയ്‌സ് പാന്തിയോണിന്റെ ഡിസൈന്‍ സാദൃശ്യങ്ങള്‍ സ്വെപ്‌റ്റെയ്‌ലില്‍ കാണാം. ബ്രഷ്ഡ് അലുമിനിയം വിത്ത് മിറര്‍ ഫിനിഷിലാണ് മുന്‍വശത്തെ സെന്റര്‍ ഗ്രില്‍ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ പനോരമിക് ഗ്ലാസ് റൂഫ് മറ്റൊരു കാറിലും കാണാത്തവിധം വലുതാണ്. കൂടുതല്‍ സ്വാഭാവിക വെളിച്ചം കാറിനകത്തെത്താന്‍ ഇത് സഹായിക്കുന്നു. ആഡംബര കാബിനകത്ത് എപ്പോഴും വായുസഞ്ചാരം അനുഭവപ്പെടുന്നതായി തോന്നിപ്പിക്കും. വശങ്ങളിലും വിന്‍ഡ്‌സ്‌ക്രീനിലും റൂഫ്‌ലൈനിലും മൃദുവായ ക്രീസുകള്‍ കാണാം.

കാറിന്റെ പിന്‍വശം മത്സര വള്ളങ്ങളെ ഓര്‍മ്മപ്പെടുത്തും. സെന്റര്‍ ബ്രേക്ക് ലൈറ്റ്, സ്വീപ്പിംഗ് ലോവര്‍ ബംപര്‍ എന്നിവ ഉള്‍പ്പെടുന്ന കൂപ്പെയുടെ പിന്‍വശം വെടിയുണ്ടയുടെ അഗ്രഭാഗത്തെപ്പോലെ തോന്നിപ്പിക്കും. കാറിന്റെ അകത്തളവും ആധുനികവും ആഡംബരപൂര്‍ണ്ണവുമാണ്. ടൈറ്റാനിയം ഫിനിഷ്ഡ് ക്ലോക്കും മറ്റ് ഇന്‍സ്ട്രുമെന്റ് ഡയലുകളും കാബിനിലെ സവിശേഷതകളാണ്. ലാപ്‌ടോപ്പ് സൂക്ഷിക്കുന്നതിനും മറ്റുമായി രണ്ട് പ്രത്യേക കെയ്‌സുകള്‍ കാണാം. ഈ കാര്‍ വാങ്ങുന്നതാരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Auto