ഫാര്‍മ കമ്പനികളുടെ ഐപി ആസ്തികള്‍ വിദേശത്തേക്ക് മാറ്റുന്നത് ആര്‍ബിഐ നിരീക്ഷണത്തില്‍

ഫാര്‍മ കമ്പനികളുടെ ഐപി ആസ്തികള്‍ വിദേശത്തേക്ക് മാറ്റുന്നത് ആര്‍ബിഐ നിരീക്ഷണത്തില്‍
സാധാരണഗതിയില്‍ ആസ്തിക്കായി ഒരു വിദേശ സബ്‌സിഡിയറി വായ്പ കണ്ടെത്തുന്നത് 
ഇന്ത്യയിലെ മാതൃകമ്പനിക്ക് നല്‍കപ്പെട്ടിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്

മുംബൈ: വര്‍ഷങ്ങളായി ഇന്ത്യയിലെ പല ഫാര്‍മ കമ്പനികളും അവരുടെ ഐപി ആസ്തികള്‍ (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി) മാറ്റുന്നത് പതിവാണ്. കമ്പനികളുടെ വിലമതിക്കാനാവാത്ത ആസ്തികള്‍ ദുബായ്, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളിലേക്ക് തന്ത്രപരമായ കാരണങ്ങളാലോ അല്ലെങ്കില്‍ താഴ്ന്ന നികുതിയുടെ നേട്ടത്തിനായോ നികുതിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയോ ആണ് മാറ്റാറുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ കമ്പനികളും തങ്ങളുടെ വിദേശ സബ്‌സിഡിയറികളുടെയും സംയുക്ത സംരംഭങ്ങളുടെയും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ വിദേശ സബ്‌സിഡിയറികള്‍ക്ക് കൈമാറിയ ഐപികള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നേടിയ വായ്പകളെകുറിച്ച് റിസര്‍വ് ബാങ്ക് വിശദീകരണങ്ങള്‍ തേടിയിട്ടുണ്ട്.

സാധാരണഗതിയില്‍ ആസ്തിക്കായി ഒരു വിദേശ സബ്‌സിഡിയറി വായ്പ കണ്ടെത്തുന്നത് ഇന്ത്യയിലെ മാതൃകമ്പനിക്ക് നല്‍കപ്പെട്ടിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. അത്തരം ഇടപാടുകള്‍ ആര്‍ബിഐക്ക് അസ്വീകാര്യമാണ്. ഇത് വിദേശ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനവും ബഹു വാണിജ്യ വായ്പാ (ഇസിബി) നിയമങ്ങള്‍ക്ക് എതിരുമാണെന്നാണ് ആര്‍ബിഐയുടെ കാഴ്ചപ്പാട്. വിദേശ സബ്‌സിഡികള്‍ സമാഹരിക്കുന്ന ഫണ്ട് അവിടങ്ങളിലെ വിപുലീകരണത്തിനും ഏറ്റെടുക്കലുകള്‍ക്കുമാണ് വിനിയോഗിക്കേണ്ടതെന്നും ഇന്ത്യയിലെ മാതൃകമ്പനിയിലേക്ക് തിരിച്ചയക്കരുതെന്നുമാണ് ഇസിബി വ്യവസ്ഥ. ഴിഞ്ഞ മൂന്നു മാസങ്ങളില്‍ കുറഞ്ഞത് അഞ്ച് ഫാര്‍മ കമ്പനികളോട് ഇത്തരം ഇടപാടുകള്‍ വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടീസ് വരുമാനം നേടുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം കൂടിയാണ്. പുതിയ മരുന്നുകള്‍ക്കായുള്ള അപേക്ഷകള്‍ (എന്‍ഡിഎ), സംക്ഷിപ്ത മരുന്ന് അപേക്ഷകള്‍ (എഎന്‍ഡിഎ മുതലായവയെല്ലാം ഐപി ആസ്തികളായി കണക്കാക്കുന്നു. മുന്‍നിര കമ്പനികള്‍ ഉള്‍പ്പടെ പല ഫാര്‍മ കമ്പനികളും വര്‍ഷങ്ങളായി ഇന്ത്യക്ക് പുറത്തേക്ക് അവരുടെ ഭൂരിപക്ഷ ഐപികളും സ്ഥിരമായി കൈമാറ്റം ചെയ്യുകയും ഇന്ത്യയിലെ അവരുടെ നികുതിഭാരം കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

യുകെ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പേറ്റന്റ് ബോക്‌സ് സംവിധാനമുണ്ട്. അവിടെ പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിലൂടെ കമ്പനികള്‍ക്ക് നികുതിയിളവ് നേടാനുമാകും. എന്നിരുന്നാലും, എല്ലാ ഐപി മാറ്റങ്ങളും നികുതി ഒഴിവാക്കല്‍ അല്ലെങ്കില്‍ റൗണ്ട് ട്രിപ്പ് ഫണ്ടുകള്‍ ലക്ഷ്യം വച്ചുള്ളവയല്ലെന്നാണ് ഫാര്‍മ കമ്പനികളുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. സംയുക്ത സംരംഭങ്ങള്‍ക്കും സംയുക്ത ആര്‍ ആന്റ് ഡി (റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്) പ്രവര്‍ത്തനങ്ങള്‍ക്കുമായി ചിലപ്പോള്‍ ഐപികള്‍ വിദേശ പങ്കാളിയുമായി ചേര്‍ന്ന് യൂറോപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇവര്‍ പറയുന്നു.

Comments

comments

Categories: Business & Economy