പ്രിസിഷന്‍ കാംഷാഫ്റ്റ്‌സിന് ഫോര്‍ഡില്‍നിന്ന് 550 കോടി രൂപയുടെ ഓര്‍ഡര്‍

പ്രിസിഷന്‍ കാംഷാഫ്റ്റ്‌സിന് ഫോര്‍ഡില്‍നിന്ന് 550 കോടി രൂപയുടെ ഓര്‍ഡര്‍
എട്ട് മില്യണ്‍ കാംഷാഫ്റ്റുകള്‍ വിതരണം ചെയ്യാനാണ് ആഗോള കരാര്‍ ലഭിച്ചിരിക്കുന്നത്

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വാഹനഘടക നിര്‍മ്മാതാക്കളായ പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് ലിമിറ്റഡിന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍നിന്ന് 550 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഏകദേശം എട്ട് മില്യണ്‍ കാംഷാഫ്റ്റുകള്‍ വിതരണം ചെയ്യാനാണ് പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് ലിമിറ്റഡിന് ആഗോള കരാര്‍ ലഭിച്ചിരിക്കുന്നത്. 2018-19 മുതല്‍ വിതരണം ആരംഭിക്കും. ആകെ 550 കോടി രൂപയുടെ കരാറാണ് ഫോര്‍ഡുമായി നടന്നതെന്ന് പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് ലിമിറ്റഡ് നിക്ഷേപകര്‍ക്കുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഫോര്‍ഡിന്റെ ചൈനയിലെയും സ്‌പെയിനിലെയും മാനുഫാക്ച്ചറിംഗ് പ്ലാന്റിലേക്കാണ് പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് വിതരണം ചെയ്യേണ്ടത്. ജനറല്‍ മോട്ടോഴ്‌സിന് കാംഷാഫ്റ്റുകള്‍ വിതരണം ചെയ്യുന്നതിന് കമ്പനി ബ്രസീലില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കും. ഇന്ത്യയില്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് ലിമിറ്റഡ്. ഡക്‌റ്റൈല്‍/അസ്സംബ്ള്‍ഡ്/ചില്‍ഡ് കാസ്റ്റ് അയേണ്‍ കാംഷാഫ്റ്റുകള്‍ക്കായി സോലാപുരിലെ കയറ്റുമതി യൂണിറ്റില്‍ പുതിയ മെഷീന്‍ ഷോപ്പും തുറക്കാനാണ് കമ്പനിയുടെ അടുത്ത പദ്ധതി.

അധിക ഉല്‍പ്പാദനശേഷി കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. ആകെ ഉല്‍പ്പാദനശേഷി പ്രതിമാസം ഇരുപത് ലക്ഷം യൂണിറ്റായി വര്‍ധിക്കുകയാണ് ലക്ഷ്യം. ഡക്‌റ്റൈല്‍ കാംഷാഫ്റ്റുകള്‍ക്കായി ഫോര്‍ഡ് മോട്ടോഴ്‌സും ടൊയോട്ടയും നേരത്തെ ഓര്‍ഡര്‍ തന്നതായി പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് ലിമിറ്റഡ് അറിയിച്ചു.

Comments

comments

Categories: Business & Economy