നോ ഫുഡ് വേസ്റ്റ് കേരളത്തിലേക്ക് ചുവടുവെക്കുന്നു

നോ ഫുഡ് വേസ്റ്റ് കേരളത്തിലേക്ക് ചുവടുവെക്കുന്നു
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് തിരുവനന്തപുരത്താണ് തങ്ങളുടെ
പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്.

കൊച്ചി: ആവശ്യം കഴിഞ്ഞ് അധികം വരുന്ന ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ നോ ഫുഡ് വേസ്റ്റ് കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് തിരുവനന്തപുരത്താണ് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. പത്മനാഭന്‍ ഗോപാലന്‍ എന്നയാളാണ് ഈ സ്റ്റാര്‍ട്ടപ്പ് ആശയത്തിനു പിന്നില്‍. ഭക്ഷണം സ്റ്റാര്‍ട്ടപ്പിലേക്ക് സഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പിന്റെ സൗജന്യ ആന്‍ഡ്രോയിഡ് ആപ്പ് വഴിയോ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വഴിയോ അത് അറിയിക്കാവുന്നതാണ്. സ്റ്റാര്‍ട്ടപ്പിന്റെ വോളണ്ടിയര്‍മാര്‍ സ്ഥലത്തെത്തി ഭക്ഷണം ശേഖരിച്ച് കൊണ്ടുപോകും. സ്റ്റാര്‍ട്ടപ്പിന്റെ ജീവനക്കാര്‍ ഈ ഭക്ഷണം പരിശോധിക്കുകയും നാലു മണിക്കൂറിനുള്ളില്‍ തന്നെ ഭക്ഷണം കോളനികള്‍, ആശുപത്രികള്‍ തുടങ്ങി ആവശ്യമായവര്‍ക്ക് സൗജന്യമായി എത്തിച്ചുകൊടുക്കുകയും ചെയ്യും.

കേരളത്തില്‍ നിന്ന് ധാരാളം അഭ്യര്‍ത്ഥനകള്‍ വന്നതിനെതുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്നും ഒരു സംഘം പ്രവര്‍ത്തകര്‍ ചേരികള്‍, ആശുപത്രികള്‍ തുടങ്ങി നഗരത്തില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പത്മനാഭന്‍ പറഞ്ഞു. നിലവില്‍ കോയമ്പത്തൂര്‍, ഇറോഡ്, സേലം, മധുരൈ, തിരുപ്പാച്ചി, ഡെല്‍ഹി എന്‍സിആര്‍, തനുക്കു, തദേപള്ളിഗുഡെം എന്നിവിടങ്ങളിലാണ് സ്റ്റാര്‍ട്ടപ്പ് സേവനം നല്‍കുന്നത്. ഭക്ഷണം ശേഖരിക്കുന്നതിന് റെസ്‌റ്റോറന്റുകള്‍, കാറ്ററിംഗ് ഏജന്‍സികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരണത്തിന് ശ്രമിക്കുമെന്ന് നോ ഫുഡ് വേസ്റ്റിന്റെ കേരള ഘടകം കോര്‍ഡിനേറ്റര്‍ എം ജി ധര്‍നേഷ് പറഞ്ഞു. വിവാഹ സല്‍ക്കാരങ്ങള്‍ പോലുള്ള പരിപാടികളില്‍ വലിയ തോതില്‍ ഭക്ഷണം ബാക്കിവരാറുണ്ടെന്നും ഇത് കൊണ്ട് നൂറുകണക്കിന് ദരിദ്രരായ ജനങ്ങളുടെ വിശപ്പടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ആദ്യവാരത്തോടെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കാനാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നഗരത്തിലെ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളെജ് കോംപ്ലക്‌സ്, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലാകും ഭക്ഷണം വിതരണം ചെയ്യുക. കേരള സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്റ്റാര്‍ട്ടപ്പിന് തലസ്ഥാനത്ത് ഓഫീസ് സ്‌പേസ്, ഭക്ഷണം സംഭരിക്കുന്നതിനുള്ള സ്ഥലം, ഗതാഗതത്തിന് ഇലക്ട്രോണിക് ഓട്ടോറിഷ എന്നിവ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായും ധര്‍നേഷ് അറിയിച്ചു.

Comments

comments

Categories: Business & Economy