മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി ഹരിത ട്രൈബ്യൂണല്‍

മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി ഹരിത ട്രൈബ്യൂണല്‍
2010 മുതല്‍ എന്‍ഒസി നല്‍കിയ റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം

ചെന്നൈ: മൂന്നാറില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കടിഞ്ഞാണിടാന്‍ കര്‍ശന നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി മാത്രം മതിയാവില്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി വേണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി അനുമതിയില്ലാതെ ഏലമലക്കാടുകളില്‍ നിന്ന് മരംമുറിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. കേസില്‍ ദേവികുളം സബ് കളക്റ്റര്‍ കക്ഷി ചേരണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിയ്ക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ലംഘിച്ച് ഒട്ടേറെ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പഞ്ചായത്ത് എന്‍ഒസി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിതട്രൈബ്യൂണലിന്റെ കര്‍ശന ഉത്തരവ്. 2010 മുതല്‍ എന്‍ഒസി നല്‍കിയ റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിയ്ക്കാനും മൂന്നാര്‍ പഞ്ചായത്തിനോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലിന് പ്രത്യേക നയം രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനോട് വ്യക്തമാക്കി. അനധികൃത കൈയേറ്റങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായും അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാല്‍ മൂന്നാറില്‍ കൈയേറ്റം തുടരുകയാണെന്നും മേഖലയില്‍ പുതിയ കെട്ടിടനിര്‍മാണം പൂര്‍ണമായും നിരോധിക്കണമെന്നും കേസില്‍ കക്ഷി ചേര്‍ന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണല്‍ ഇത് അംഗീകരിച്ചില്ല. കേസ് ഓഗസ്റ്റ് 8ന് വീണ്ടും പരിഗണിക്കും.

Comments

comments

Categories: Top Stories

Related Articles