പ്രണയിക്കാം കേരളത്തില്‍!

പ്രണയിക്കാം കേരളത്തില്‍!
പ്രണയത്തിനു യോജിച്ച വിനോദസഞ്ചാരകേന്ദ്രമാണ് കേരളമെന്ന് ലോണ്‍ലി പ്ലാനറ്റ്

മുംബൈ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാര്‍ സ്വന്തമാക്കി. ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ ട്രാവല്‍ അവാര്‍ഡ്‌സ് ആറാം പതിപ്പിന്റെ ചടങ്ങില്‍വെച്ച് കേരള ടൂറിസം ഡയറക്റ്റര്‍ പി ബാലകിരണ്‍ ഐഎഎസ് ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2017ല്‍ കേരള ടൂറിസം സ്വന്തമാക്കുന്ന പ്രമുഖ അവാര്‍ഡുകളിലൊന്നാണിത്.

കേരള ടൂറിസം വകുപ്പിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി കേരളം മാറുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ടൂറിസം ഡയറക്റ്റര്‍ പി ബാലകിരണ്‍ ചടങ്ങില്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വളര്‍ച്ച എക്കാലത്തും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള അവാര്‍ഡുകളുടെ മേന്മ കൂടുതല്‍ സഞ്ചാരപ്രേമികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതും അധികം കണ്ടിട്ടില്ലാത്ത കേന്ദ്രങ്ങളിലേയ്ക്ക് എത്താന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നതുമാണ്. 2011 മുതല്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍തുടര്‍ച്ചയായ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.23%വും രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 5.67%വും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മന്ത്രി ശ്രീ കടകംപള്ളിസുരേന്ദ്രന്റെ നേതൃത്വത്തില്‍ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് മികച്ച വളര്‍ച്ചയാണ് നേടുന്നതെന്നും പുതിയ ടൂറിസം നയം ഉടന്‍ അവതരിപ്പിക്കുമെന്നും പി ബാലകിരണ്‍ ഐഎഎസ് കൂട്ടിച്ചേര്‍ത്തു.

മനോഹരമായ കോട്ടേജുകളും മഞ്ഞു മൂടിയ മലനിരകളും തേയിലക്കാടുകളും പച്ചപ്പുനിറഞ്ഞ താഴ്‌വരകളും സുഖകരമായ കാലാവസ്ഥയുമാണ്മൂ്ന്നാറിനെ രാജ്യത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ കേന്ദ്രമാക്കുന്നത്. ആലപ്പുഴയിലെ കായലുകളുംതേക്കടിയിലെ വന്യജീവിസങ്കേതങ്ങളും കോവളത്തെ ബീച്ചുകളും ഇതിനോടു കിടപിടിക്കുന്നവയാണ്.

അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് സാംസ്‌കാരികവും പ്രകൃദിദത്തവുമായ പാരമ്പര്യത്തിന്റെ കേന്ദ്രമായ കേരളം വിവാഹ, ഹണിമൂണ്‍ കേന്ദ്രമെന്ന നിലയില്‍ പേരെടുക്കുന്നത്. ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് ഇന്ന് ഏറ്റവും യോജിച്ച കേന്ദ്രങ്ങളാണ് കേരളത്തിലെ ആഡംബരഹോട്ടലുകളും റിസോര്‍ട്ടുകളും ബീച്ചുകളും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിവാഹ ടൂറിസത്തില്‍ സംസ്ഥാനത്ത് വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിദേശികളുടെയും വിദേശ ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട വിവാഹകേന്ദ്രമാണ് ഇന്നു കേരളമെന്നു പറയുന്നതില്‍ തെറ്റില്ല. സംസ്ഥാനത്തെ മനോഹരമായ ബീച്ചുകള്‍, സ്പാകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, വഞ്ചിവീടുകള്‍ തുടങ്ങിയവ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

മികച്ച ദേശീയ, അന്തര്‍ദേശീയ വിനോദസഞ്ചാരകേന്ദ്രങ്ങളെ കണ്ടെത്തുന്ന പ്രമുഖ ടൂറിസം പുരസ്‌കാരമാണ് ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017. തങ്ങളുടെയാത്രാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ വിവിധ തരത്തിലുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെതെരഞ്ഞെടുക്കുന്നു. വിദഗ്ധസമിതി പ്രത്യേകമാനദണ്ഡപ്രകാരംതെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പ് വഴിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Comments

comments

Categories: World