592 എച്ച്പി കരുത്തുമായി ജാഗ്വാര്‍ എക്‌സ്ഇ സെഡാന്‍ വരുന്നു

592 എച്ച്പി കരുത്തുമായി ജാഗ്വാര്‍ എക്‌സ്ഇ സെഡാന്‍ വരുന്നു
ജാഗ്വാര്‍ എക്‌സ്ഇ എസ്‌വി പ്രോജക്റ്റ് 8 എന്ന പേരില്‍ കാറിന്റെ മോഡല്‍ 
പരീക്ഷിച്ചുവരികയാണ്

ന്യൂ ഡെല്‍ഹി : അഞ്ച് ലിറ്റര്‍ വി8 എന്‍ജിനില്‍ 592 ബിഎച്ച്പി കരുത്തുമായി ജാഗ്വാര്‍ എക്‌സ്ഇയുടെ പുതിയ പതിപ്പ് വരുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷല്‍ വെഹിക്കിള്‍സ് ഓപ്പറേഷന്‍സ് (എസ്‌വിഒ) വിഭാഗമാണ് ഈയിടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അങ്ങേയറ്റം ചുണയും വേഗവും ചുറുചുറുക്കുമുള്ള എക്‌സ്ഇ സെഡാന്‍ ഇതായിരിക്കുമെന്ന് സ്‌പെഷല്‍ വെഹിക്കിള്‍സ് ഓപ്പറേഷന്‍സ് വിഭാഗം അവകാശപ്പെട്ടു. ജാഗ്വാര്‍ എക്‌സ്ഇ എസ്‌വി പ്രോജക്റ്റ് 8 എന്ന പേരില്‍ കാറിന്റെ മോഡല്‍ കമ്പനി പരീക്ഷിച്ചുവരികയാണ്. ജര്‍മ്മനിയിലെ നര്‍ബര്‍ഗ്രിങിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.

എസ്‌വിഒ ആവിഷ്‌കാരശൈലി ലഭിക്കുന്ന രണ്ടാമത്തെ ജാഗ്വാര്‍ മോഡലാണ് എക്‌സ്ഇ എസ്‌വി പ്രോജക്റ്റ് 8. 2014 ല്‍ പുറത്തിറങ്ങിയ പ്രോജക്റ്റ് 7 ആയ എഫ് ടൈപ്പ് ആയിരുന്നു ആദ്യ മോഡല്‍. ജാഗ്വാര്‍ എക്‌സ്ഇ എസ്‌വി പ്രോജക്റ്റ് 8 ‘കളക്‌റ്റേഴ്‌സ് എഡിഷന്‍’ ആയിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട് കവന്റ്രിയിലെ എസ്‌വിഒയുടെ ടെക്‌നിക്കല്‍ സെന്റര്‍ ജാഗ്വാര്‍ എക്‌സ്ഇ എസ്‌വി പ്രോജക്റ്റ് 8 ന്റെ 300 മോഡലുകള്‍ മാത്രമേ നിര്‍മ്മിക്കൂ എന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു.

ജാഗ്വാറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് റോഡ് കാര്‍ നിര്‍മ്മിക്കാന്‍ എസ്‌വിഒയെ സംബന്ധിച്ചിടത്തോളം ഇതാണ് ഉചിതമായ സമയമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ എഡ്വേഡ്‌സ് പറഞ്ഞു. ഭാവനാലോകത്ത് മാത്രം കാണുന്ന ആവേശകരമായ ഡ്രൈവിംഗ് അനുഭവമായിരിക്കും ജാഗ്വാര്‍ എക്‌സ്ഇയുടെ പുതിയ പതിപ്പ് തരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജാഗ്വാര്‍ എക്‌സ്ഇ എസ്‌വി പ്രോജക്റ്റ് 8 അരങ്ങേറ്റം കുറിക്കുന്ന യുകെയിലെ ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ അടുത്ത മാസം 28 ന് കാറിന്റെ വിശദാംശങ്ങളും പ്രത്യേകതകളും പുറത്തുവിടും.

Comments

comments

Categories: Auto