ഇന്ത്യയിലെ പ്രീ-ഓണ്‍ഡ് വിദേശ ആഡംബര കാര്‍ വിപണി വളരുന്നു

ഇന്ത്യയിലെ പ്രീ-ഓണ്‍ഡ് വിദേശ ആഡംബര കാര്‍ വിപണി വളരുന്നു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പോലും ഒന്നര കോടിയോളം രൂപ വില 
വരുന്ന ലംബോര്‍ഗിനിയും മസെറാറ്റിയും റേഞ്ച് റോവറും വാങ്ങുന്നു.

ന്യൂ ഡെല്‍ഹി : പ്രീ-ഓണ്‍ഡ് ഫാന്‍സി ഫോറിന്‍ ലക്ഷ്വറി കാറുകളുടെ ആവശ്യകത ഇന്ത്യയില്‍ കുത്തനെ വര്‍ധിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പോലും ഒന്നര കോടിയോളം രൂപ വില വരുന്ന ലംബോര്‍ഗിനിയും മസെറാറ്റിയും റേഞ്ച് റോവറും വാങ്ങുന്നതാണ് സമീപകാല കാഴ്ച്ച. പുതിയ ബ്രാന്‍ഡഡ് ആഡംബര കാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഈ കാറുകളുടെ വിലയാണ് തടസ്സമായി നിന്നിരുന്നത്. പ്രീ-ഓണ്‍ഡ് അഥവാ സെക്കന്‍ഡ്-ഹാന്‍ഡ് വാഹനങ്ങള്‍ പ്രിയപ്പെട്ടതാകുന്നത് ഈ സാഹചര്യത്തിലാണ്.

ഹരിയാണയിലെ ഗുരുഗ്രാമം ആസ്ഥാനമായ ബിഗ് ബോയ് ടോയ്‌സ് പ്രീ-ഓണ്‍ഡ് ആഡംബര വിദേശ കാറുകള്‍ വില്‍ക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ്. പ്രീ-ഓണ്‍ഡ് ആഡംബര വിദേശ കാറുകള്‍ വില്‍ക്കാമെന്ന ആശയം 2009 ലാണ് ഉദിച്ചതെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ജതിന്‍ അഹൂജ പറഞ്ഞു. പുതിയൊരെണ്ണം വാങ്ങുന്നതിന് തങ്ങളുടെ കൈവശമുള്ള ആഡംബര വിദേശ കാര്‍ വില്‍ക്കുന്ന ശീലം ഇന്ത്യക്കാര്‍ക്ക് കൂടുതലാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ജതിന്‍ അഹൂജ കളംമാറ്റി ചവിട്ടിയത്.

2007 ല്‍ മാഗസ് കാര്‍സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കാറുകള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണ് ജതിന്‍ അഹൂജ ആദ്യം തുടങ്ങിയത്. പിന്നീടാണ് ബിഗ് ബോയ് ടോയ്‌സ് ആരംഭിക്കുന്നത്. അമ്പത് ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വില വരുന്ന പ്രീ-ഓണ്‍ഡ് ആഡംബര കാറുകളാണ് ജതിന്‍ അഹൂജ വില്‍ക്കുന്നത്. ഒരു ദിവസം ഒരു കാറെങ്കിലും വില്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നു. ഗുരുഗ്രാമത്തിലെ ഷോറൂം കൂടാതെ ന്യൂ ഡെല്‍ഹി സുല്‍ത്താന്‍പുരിലാണ് കാര്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.

ഒന്നര കോടിക്കും മൂന്ന് കോടി രൂപയ്ക്കുമിടയില്‍ വില വരുന്ന സൂപ്പര്‍ ലക്ഷ്വറി സെഗ്‌മെന്റിനേക്കാള്‍ 50 ലക്ഷത്തിനും ഒന്നര കോടി രൂപയ്ക്കുമിടയില്‍ വില വരുന്ന കാറുകള്‍ വില്‍ക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് അഹൂജ വ്യക്തമാക്കി. കൂടുതല്‍ വില്‍പ്പന നടക്കുന്നത് ഒന്നര കോടി രൂപ വരെ വില വരുന്ന സെഗ്‌മെന്റിലാണ്. ബിഗ് ബോയ് ടോയ്‌സിന്റെ ആകെ ബിസിനസ്സിന്റെ 75 ശതമാനവും 50 ലക്ഷം-ഒന്നര കോടി സെഗ്‌മെന്റിലാണ്.

bigboytoyz.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കാര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആകെ ബിസിനസ്സിന്റെ 30 ശതമാനവും ഹരിയാണയില്‍നിന്നാണെന്ന് ജതിന്‍ അഹൂജ സാക്ഷ്യപ്പെടുത്തുന്നു. ബിഎംഡബ്ല്യു, മെഴ്‌സിഡസ്, പോര്‍ഷെ, ലാന്‍ഡ് റോവര്‍ തുടങ്ങി ഇരു ഷോറൂമുകളിലുമായി 120 കാറുകള്‍ ബിഗ് ബോയ് ടോയ്‌സിന്റെ ശേഖരത്തിലുണ്ട്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ജതിന്‍ അഹൂജയുടെ ഉപയോക്താക്കളാണ്.

2020 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ഇപ്പോഴത്തെ ബിസിനസ് വെച്ചുനോക്കുമ്പോള്‍ ഈ ലക്ഷ്യം എളുപ്പത്തില്‍ കയ്യെത്തിപ്പിടിക്കാമെന്ന് അഹൂജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ബിഗ് ബോയ് ടോയ്‌സ് ഷോറൂം ആരംഭിക്കും. ഈ നഗരങ്ങളില്‍നിന്ന് വലിയ തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്.

2016 ല്‍ 195 കോടി രൂപയുടെ വിറ്റുവരവുമായി 40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബിഗ് ബോയ് ടോയ്‌സ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം 250-260 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം. കാറിന്റെ പഴക്കം, വാഹനമോടിയ കിലോമീറ്റര്‍, വിപണിയില്‍ നിര്‍ദ്ദിഷ്ട കാറിനുള്ള ആവശ്യകത, സപ്ലൈ, മെയിന്റനന്‍സ് തുടങ്ങി 151 കാര്യങ്ങള്‍ പരിശോധിച്ചശേഷമേ ബിഗ് ബോയ് ടോയ്‌സ് പ്രീ-ഓണ്‍ഡ് കാറുകള്‍ വില്‍പ്പനയ്ക്കായി വാങ്ങുകയുള്ളൂ. പ്രീ-ഓണ്‍ഡ് കാറുകള്‍ സംബന്ധിച്ച ഇന്ത്യക്കാരുടെ ചിന്താഗതി തിരുത്തിക്കുറിക്കുകയെന്ന ലക്ഷ്യം കൂടി ബിഗ് ബോയ് ടോയ്‌സിനുണ്ടെന്ന് ജതിന്‍ അഹൂജ വ്യക്തമാക്കി.

Comments

comments

Categories: Auto