അബുദാബിയുടെ വെളിച്ചമാകാന്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി

അബുദാബിയുടെ വെളിച്ചമാകാന്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി
നൂര്‍ അബുദാബി എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. അബുദാബിയുടെ 
വെളിച്ചം എന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്

അബുദാബി: അബുദാബിയില്‍ വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സോളാര്‍ പവര്‍ പ്ലാന്റിന് നൂര്‍ അബുദാബി എന്ന് പേര് നല്‍കി. അബുദാബിയുടെ വെളിച്ചം എന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്. 3.2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സുവെയ്ഹനിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷേയ്ഖ് ഹസ്സ ബിന്‍ സയേദ് അല്‍ നഹ്യാന്‍ ആണ് പദ്ധതിയുടെ പേര് പ്രഖ്യാപിച്ചത്.

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറാന്‍ യുഎഇ തീരുമാനമെടുത്തതോടെയാണ് ഗവമെന്റിന്റെ അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി (എഡിഡബ്ല്യൂഇഎ), നൂര്‍ അബുദാബിക്ക് രൂപം നല്‍കിയത്.

യുഎസിലെ കാലിഫോര്‍ണിയയിലുള്ള നിലവിലെ ലോകത്തെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റായ ഡെസേര്‍ട്ട് സണ്‍ലൈറ്റ് സോളാര്‍ ഫാമിനേക്കാള്‍ ഇരട്ടി ഉല്‍പ്പാദന ശേഷി നൂര്‍ അബുദാബിക്കുണ്ടാകും. 550 മെഗാവാട്ടാണ് ഡെസേര്‍ട്ട് സണ്‍ലൈറ്റിന്റെ ശേഷി. പ്ലാന്റിന്റെ 60 ശതമാനത്തിന്റെ ഉടമസ്ഥര്‍ എഡിഡബ്ല്യൂഇഎയും അബുദാബി ഗവണ്‍മെന്റുമായിരിക്കും. ബാക്കിവരുന്ന 40 ശതമാനം ഇന്റര്‍നാഷണല്‍ കണ്‍സോഷ്യത്തിന്റെ കൈവശമായിരിക്കും.

പവര്‍ പ്ലാന്റ് നിര്‍മിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കരാറില്‍ എഡിഡബ്ല്യൂഇഎ ജപ്പാന്റെ മറുബെനി കോര്‍പ്പറേഷനുമായും ചൈനയുടെ ജിന്‍കോ സോളാര്‍ ഹോള്‍ഡിംഗുമായും ഒപ്പുവച്ചു. 1,177 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 2019 ന്റെ രണ്ടാം പാദത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: World