ഫോക്‌സ്‌വാഗണ്‍, ഔഡി, ജിഎം, സ്‌കോഡ അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല

ഫോക്‌സ്‌വാഗണ്‍, ഔഡി, ജിഎം, സ്‌കോഡ അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല
കിയ, എസ്എഐസി, പ്യൂഷെ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ അരങ്ങേറ്റം കുറിക്കും

ന്യൂ ഡെല്‍ഹി : അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഔഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ജനറല്‍ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാണ കമ്പനികളുടെ കാറുകള്‍ ഉണ്ടാകില്ല. നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം സംബന്ധിച്ച ആശങ്കകളും ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിലെ പ്രയോജനവുമാണ് ഈ കമ്പനികള്‍ കണക്കിലെടുത്തത്. നിസ്സാന്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ് ഓട്ടോ, ഫോര്‍ഡ് എന്നീ വാഹന നിര്‍മ്മാതാക്കളും ഓട്ടോ എക്‌സ്‌പോ ബഹിഷ്‌കരിച്ചേക്കും. ഈ കമ്പനികള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഫെബ്രുവരിയില്‍ ഗ്രേറ്റര്‍ നോയ്ഡയിലാണ് 2018 എഡിഷന്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ അരങ്ങേറുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമാണ് ആണ് സംഘാടകര്‍. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ, ചൈനയിലെ എസ്എഐസി, ഫ്രഞ്ച് കമ്പനി പ്യൂഷെ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ 2018 എഡിഷനില്‍ പങ്കെടുക്കുന്നതിലൂടെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് സംഘാടകര്‍. ഇതിനിടയില്‍ നിലവിലെ ചില പ്രമുഖ കമ്പനികള്‍ വിട്ടുനില്‍ക്കുന്നത് നിരാശയാണ് നല്‍കുന്നത്.

2018 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഫോക്‌സ്‌വാഗണ്‍, ഔഡി, സ്‌കോഡ, ഡുക്കാറ്റി, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവയുടെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അറിയിച്ചു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയ്ല്‍സ് ഇന്ത്യ എംഡി തിയറി ലെസ്പിയാക്ക് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ 2020 ല്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍ട്രല്‍ ഡെല്‍ഹിയില്‍നിന്ന് ഏകദേശം 25-30 കിലോമീറ്റര്‍ അകലെയാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിന് കമ്പനികള്‍ വലിയ ചെലവുകളാണ് നേരിടുന്നത്.

Comments

comments

Categories: Auto