മെഷിനറി രംഗത്ത് വെന്നിക്കൊടി ; വിജയഗാഥയുമായ് വിജയപ്രകാശ്

മെഷിനറി രംഗത്ത് വെന്നിക്കൊടി ; വിജയഗാഥയുമായ് വിജയപ്രകാശ്
നീണ്ട 51 വര്‍ഷം മെഷിനറി രംഗത്തുള്ള പരിചയ സമ്പന്നതയാണ് വിജയപ്രകാശ് 
ഇന്‍ഡസ്ട്രിയെ ജനകീയമാക്കുന്നത്. ജീവനക്കാരുടെയും മേധാവികളുടെയും കൂട്ടായ 
പരിശ്രമമാണ് ഈ വിജയഗാഥയ്ക്കു പിന്നില്‍

ഷാലുജ സോമന്‍

ആധുനികയുഗത്തെ യാന്ത്രിക യുഗം എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഇതിനുകാരണം മെഷിനറിരംഗത്തുണ്ടായ ചടുലവും വിപ്ലവകരവുമായ മാറ്റങ്ങളും വന്‍ വിജയങ്ങളുമാണ്. അത്തരത്തില്‍ മെഷിനറി രംഗത്ത് വിജയഗാഥ കുറിച്ച സ്ഥാപനമാണ് വിജയപ്രകാശ് ഇന്‍ഡസ്ട്രീസ്. യാതൊരു വിധ പരസ്യങ്ങളും ഇല്ലാതെ ഒരു സ്ഥാപനം ജനകീയമാകുക എന്നത് ഇന്നത്തെ കാലത്ത് അസംഭവനീയമാണ്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെ. മെഷിനറികള്‍ ശ്രദ്ധാപൂര്‍വം നിര്‍മിക്കുക എന്നതിലല്ലാതെ വില്‍പ്പന നടത്താന്‍ ഇതുവരെയും യാതൊരുവിധ പരസ്യത്തിന്റെയും ആവശ്യം ഈ സ്ഥാപനത്തിന് കഴിഞ്ഞ 51 വര്‍ഷമായി വേണ്ടിവന്നിട്ടില്ല. ഇവിടം ജനകീയമാക്കിയത് മെഷിനറി രംഗത്ത് ഇവര്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ്.

ബോക്‌സ് ഫീഡര്‍

കോഴിക്കോട് ജില്ലയിലെ ശാരദാ മന്ദിരത്തിനടുത്ത് സ്ഥിതിചെയ്യുന്ന വിജയപ്രകാശ് ഇന്‍ഡസ്ട്രീസ് 1966 ലാണ് സ്ഥാപിതമായത്. അധ്വാനശീലനും അര്‍പ്പണ മനോഭാവിയും ആയിരുന്ന കെ.കെ. അയ്യപ്പനാണ് വിജയ പ്രകാശിന്റെ സ്ഥാപകന്‍. 1966 ല്‍ അന്നത്തെ പ്ലാനിംഗ് കമ്മീഷണര്‍ ആയിരുന്ന മജൂംധാര്‍ ആണ് വിജയപ്രകാശ് ഇന്‍ഡസ്ട്രീസിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. 1966 ല്‍ വിദേശരാജ്യങ്ങളില്‍ മാത്രം നിര്‍മിച്ച് വരുത്തിയിരുന്ന ഡീ എയറിംഗ് പഗ്മില്‍ മെഷീന്‍ വിജയ പ്രകാശ് സ്ഥാപകനായ അയ്യപ്പന്‍ സ്വന്തമായി രൂപകല്‍പന ചെയ്യുകയും ഇത് ഫറൂഖ് കോളെജ് രക്ഷാധികാരിയായിരുന്ന രാജാ അബ്ദുള്‍ ഖാദര്‍ ഹാജി കാണാനിടയാവുകയും ചെയ്തു. ഇതില്‍ താല്‍പര്യം തോന്നിയ ഹാജി തന്റെ ഓട് കമ്പനിയിലേക്ക് ആധുനിക രീതിയിലുള്ള ഒരു ഡീ എയറിംഗ് പഗ്മില്‍ നിര്‍മിച്ച് നല്‍കാന്‍ അയ്യപ്പനോട് ആവശ്യപ്പെട്ടു. പ്രസ്തുത യന്ത്രം 1968 ല്‍ അയ്യപ്പന്‍ വളരെ വിജയകരമായി നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് അദ്ദേഹത്തിന് നല്‍കി. ഇത് വിജയ പ്രകാശ് ഇന്‍ഡസ്ട്രീസിന്റെ വിജയഗാഥയുടെ ആദ്യ ചുവട്‌വെയ്പായിരുന്നു.

ക്ലെ മിക്‌സര്‍

മെഷിനറിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് പിന്നീട് ധാരാളം പേര്‍ വിജയപ്രകാശിലെത്തി. ബലിയപട്ടണം ടൈല്‍ വര്‍ക്‌സ് എംഡി ദേവദാസ് ആറോണ്‍, മംഗലാപുരത്തെ ഓട് കമ്പനി ഉടമസ്ഥന്‍ സിറില്‍ അല്‍ബുക്കര്‍ക്ക് എന്നിവര്‍ ഇവിടെ നിന്നും തങ്ങളുടെ കമ്പനികളിലേക്കാവശ്യമായ മെഷീനുകള്‍ വാങ്ങുകയും അയ്യപ്പനെ അഭിനന്ദിക്കുകയും ചെയ്തു. ഈ സമയത്താണ് മംഗലാപുരത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മണിപ്പാല്‍ ഇന്‍ഡസ്ട്രീസ് തങ്ങളുടെ വ്യവസായ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാലോളം വന്‍കിട ഓട് കമ്പനികള്‍ക്കാവശ്യമായ എല്ലാ യന്ത്രങ്ങളും വാങ്ങാന്‍ മെഷിനറികളുടെ ക്വട്ടേഷന്‍ പത്രം വഴി ക്ഷണിച്ചത്. ഇതു കണ്ട അല്‍ബുക്കര്‍ക്ക് അയ്യപ്പനോട് ക്വട്ടേഷന്‍ സമര്‍പ്പിക്കുവാന്‍ നിര്‍ബന്ധിക്കുകയും അയ്യപ്പന്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. പല വലിയ കമ്പനികളെയും പിന്തള്ളി ആ ഓര്‍ഡര്‍ വിജയപ്രകാശിന് ലഭിച്ചു. പിന്നീട് വിജയപ്രകാശ് ഇന്‍ഡസ്ട്രീസിനെ തേടി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെത്തി. എന്തിനേറെ വിദേശരാജ്യങ്ങളില്‍ നിന്നു വരെ മെഷിനറികള്‍ വാങ്ങുന്നതിനായി ആളുകള്‍ എത്തിത്തുടങ്ങി എന്നതാണ് വാസ്തവം.

ഡി എയറിംഗ് പഗ്മില്‍

ഇന്ന് വിജയപ്രകാശ് ഇന്‍ഡസ്ട്രീസിന്റെ അഞ്ച് യൂണിറ്റുകളിലായി അറുപതില്‍പ്പരം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഓട് നിര്‍മാണത്തിന് ആവശ്യമായ ഡി എയറിംഗ് പഗ് മില്‍, കളിമണ്ണിലെ വായു വലിച്ചെടുത്ത് മണ്ണിന് ബലം നല്‍കാന്‍ ഉപകരിക്കുന്ന വാക്വം പമ്പ് എന്നിവ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ വിജയപ്രകാശ് ഇന്‍ഡസ്ടീസ് മാനുവല്‍ ബ്രിക്ക് കട്ടിംഗ് മെഷീന്‍, ക്ലെ ബ്രിക്ക് മേക്കിംഗ് മെഷീന്‍, ഓര്‍ഡിനറി ക്ലെ ബ്രിക്ക് മേക്കിംഗ് മെഷീന്‍, ക്രഷിംഗ് റോളര്‍ മില്‍, ബോക്‌സ് ഫീഡര്‍ വിത് റബ്ബര്‍ മാറ്റ്, സെമി ഓട്ടോമാറ്റിക് ബ്രിക്ക് കട്ടിംഗ് മെഷീന്‍, ഫെന്‍ റോളര്‍ മില്‍ തുടങ്ങിയ മെഷിനുകളും ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇവിടെ നിന്നും മെഷീന്‍ വാങ്ങാന്‍ ശ്രീലങ്ക, നൈജീരിയ, റുവാണ്ട, ഉഗാണ്ട തുടങ്ങിയ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്താറുണ്ട്.

ഫൈന്‍ റോളര്‍ മില്‍

ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം അയ്യപ്പന്റെ മക്കളായ ബാലന്‍, ദാസന്‍, ബാബു, വിജയന്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും അര്‍പണ ബോധവുമാണ്. പിതാവിന്റെ മരണശേഷവും അദ്ദേഹത്തിന്റെ രീതികള്‍ തന്നെയാണ് മക്കളും പിന്തുടരുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പല എന്‍ജിനീയറിംഗ് വ്യവസായങ്ങളും തകര്‍ച്ചയുടെ ഭാഗമായി അടച്ചു പൂട്ടിയപ്പോള്‍ വിജയ പ്രകാശ് ഇന്‍ഡസ്ട്രിയെ വിജയങ്ങളല്ലാതെ കോട്ടങ്ങളൊന്നും ബാധിച്ചിരുന്നില്ല. ഇതിനു കാരണം ജീവനക്കാരുടെയും മേധാവികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ്.

Comments

comments

Categories: FK Special