രുചിയുടെ പിന്തുണയില്‍ കാലത്തെ അതിജീവിച്ച് തോംസണ്‍

രുചിയുടെ പിന്തുണയില്‍ കാലത്തെ അതിജീവിച്ച് തോംസണ്‍
വൈവിധ്യമാര്‍ന്ന രുചികളും, പുത്തന്‍ ആശയങ്ങളും ഉള്‍പ്പെടുത്തി വിപണിയില്‍ മുമ്പിട്ടു 
നില്‍ക്കുന്ന സ്ഥാപനമാണ് തോംസണ്‍ ബേക്കറി. ഒരു തനതു ഭക്ഷ്യസംസ്‌കാരം 
കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവര്‍. നാടന്‍ രുചിക്കൂട്ടുകളുടെയും വിദേശ 
ഭക്ഷണങ്ങളുടെയും കലവറയാണ് ഇന്ന് തോംസണ്‍.

പലഹാരപ്രിയത്തിന്റെ കാര്യത്തില്‍ പ്രശസ്തമാണ് നമ്മുടെ നാട്. ഒാരോ പ്രദേശത്തിനും അവരവരുടേതായ വിഭവങ്ങളും ഇവിടെ കാണാന്‍ സാധിക്കും. എന്നുകരുതി മറ്റു നാടുകളിലുള്ള വിഭവങ്ങളെ അംഗീകരിക്കാത്തവരല്ല ഇവിടെയുള്ളത്. ഏതു നാടിന്റെ വിഭവങ്ങളാണെങ്കിലും അവയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രമാണ് കേരളക്കരയിലുള്ളവര്‍ക്ക്. അതിനാല്‍ ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തിന് നല്ല പ്രതികരണമാണ് ഇവിടെ. രുചിയും, ഗുണനിലവാരവും ഒത്തിണങ്ങിയ ഭക്ഷണസാധനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ജനങ്ങള്‍ അവരുടെ ഹൃദയത്തിലാണ് സ്ഥാനം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 65 വര്‍ഷത്തോളമായി രുചികരമായ ആഹാരസാധനങ്ങള്‍ അതിന്റെ തനിമയോടെയും ഗുണനിലവാരത്തോടെയും ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ പ്രമുഖസ്ഥാനമാണ് തിരുവല്ലയ്ക്കടുത്ത് നിരണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ബേക്കറിയുടേത്.

തിരുവിതാംകൂറിന്റെ മണ്ണില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന തോംസണ്‍ ബേക്കറി ജനങ്ങള്‍ക്കു മുമ്പില്‍ രുചിയുടെ കലവറയാണ് തീര്‍ത്തിട്ടുള്ളത്. 1952-ല്‍ നിലവിലെ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്ററായ ജഗന്‍ തോമസിന്റെ മുത്തച്ഛനാണ് ബേക്കറിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലാണ് തോമസ് അന്ന് ബേക്കറിക്ക് തുടക്കമിടുന്നത്. തുടക്കം മുതല്‍ ഗുണനിലവാരത്തിന്റെ കാര്യത്തിലും രുചിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും സ്ഥാപനത്തിന്റെ അധികാരികള്‍ തയാറായിരുന്നില്ല. ഈ തീരുമാനം തന്നെയാണ് കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നിലതെറ്റാതെ സ്ഥാപനത്തെ മുമ്പോട്ട് നയിച്ചിട്ടുള്ളത്. പ്രാരംഭകാലം മുതല്‍ കേരളത്തിന്റെ പരമ്പരാഗത രുചികളുടെയും, പാശ്ചാത്യ ബേക്കറി വിഭവങ്ങളുടെയും രുചികള്‍ അതിന്റെ തനതായ രീതിയില്‍ നല്‍കിയാണ് ഇവര്‍ ജനമനസുകളില്‍ ഇടം നേടിയിരിക്കുന്നത്. വളരെ ശ്രദ്ധയോടെയും, സൂക്ഷ്മപരിശോധനയിലൂടെയും കടന്നു പോകുന്ന നിര്‍മ്മാണ പ്രക്രിയകള്‍ മൂലം കേരളത്തിലെ ഏറ്റവും മികച്ച ബേക്കറി ശൃംഖലകളില്‍ ഒന്നായി മാറിയിരിക്കുകയണ് തോംസണ്‍ ബേക്കറി.

ബേക്കറിയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവല്ലയില്‍ ആരംഭിക്കുന്നത് ജഗന്റെ പിതാവാണ്. സെന്റ് മേരീസ് എന്ന പേരിലാണ് ജഗന്റെ പിതാവ് ബേക്കറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ജഗന്റെ നേതൃത്വത്തിലാണ് ഇന്നുകാണുന്ന ബേക്കറി ശൃംഖലയ്ക്ക് രൂപം കൊടുക്കുന്നത്. ബേക്കറി, കാറ്ററിംഗ്, ഹോട്ടല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ തോംസന്റെ പ്രവര്‍ത്തനങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ”പത്തോളം ഔട്ട്‌ലെറ്റുകളാണ് ഇന്ന് തോംസന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ പുതുതായി ആരംഭിക്കുന്ന ഔട്ട്‌ലെറ്റ്, ബേക്കറിയും കോഫി ഷോപ്പും ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റും കൂടിചേര്‍ന്നതാണ്. മാറുന്ന ഷോപ്പിംഗ് രീതികളുടെ ചുവടുപിടിച്ചാണ് ഇതുപോലുള്ള മാറ്റത്തിന് നേതൃത്വം വഹിക്കുന്നത്, ” തോംസണ്‍ ബേക്കറിയുടെ മാനേജിംഗ് ഡയറക്റ്ററായ ജഗന്‍ തോമസ് പറഞ്ഞു.

കുടുംബപരമായി ബിസിനസ് ചെയ്തു വന്നിരുന്നതിനാല്‍ ഏതു മേഖല തെരഞ്ഞെടുക്കണം എന്നുള്ള സംശയം ജഗന് ഉണ്ടായിരുന്നില്ല. നിലവിലുള്ള ബിസിനസിനെ ഉയരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന് ചെയ്യാനുള്ളത്. അതിനു വേണ്ടി ജഗന്‍ ഈ മേഖലയില്‍ തന്നെയുള്ള വിദ്യാഭ്യാസം തെരഞ്ഞെടുത്തു. മംഗലാപുരത്തു നിന്നു ഹോട്ടല്‍ ആന്‍ഡ് ബേക്കറി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഇദ്ദേഹം ബിസിനസ് രംഗത്തേക്ക് കടന്നത്. ബിസിനസില്‍ പിതാവിനെയാണ് മാതൃകയാക്കിയത്.

മായങ്ങളല്ല, മറിച്ച് ഗുണനിലവാരമുള്ള വസ്തുക്കളും മികച്ച തൊഴിലാളികളുമാണ് തോംസണ്‍ വിഭവങ്ങളുടെ രുചിയുടെ രഹസ്യമെന്നാണ് ജഗന്‍ അവകാശപ്പെടുന്നത്. തോംസണിലെ ഭക്ഷണങ്ങള്‍ക്ക് രുചികൂട്ടുന്നതിനായി ടേസ്റ്റ് മിക്‌സുകള്‍ ചേര്‍ക്കുന്നുവെന്നടക്കമുള്ള അനേകം ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരെ ഇതു തെളിയിക്കാനായി ക്ഷണിച്ചിട്ടുള്ളതായും ഇദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ തനതുവിഭവങ്ങളായ ഇലയട, പാലപ്പം, വട്ടയപ്പം തുടങ്ങിയ പലഹാരങ്ങളും, താറാവുകറി പോലുള്ള നാടന്‍ കറികളും രുചിചോരാതെ ഇവര്‍ ജനങ്ങളിലേക്ക് എത്തിച്ചു വരുന്നു.

എന്നും മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ചരിത്രമാണ് തോംസണ്‍ ബേക്കറിയുടേത്. പുതുതലമുറയുടെ രീതികള്‍ക്കനുസരിച്ച് പുത്തന്‍ ആശയങ്ങളിലൂടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുക എന്ന രീതിയാണ് ഇവിടെ ജഗന്‍ പിന്തുടര്‍ന്നുപോരുന്നത്. അതിന്റെ തെളിവുകളാണ് തോംസ് കഫേ, കേക്കറി എന്നീ വിഭാഗങ്ങള്‍. ആധുനികരീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കഫറ്റീരിയകളാണ് തോംസ് കഫേ. ന്യൂ ജനറേഷന്‍കാരെ ലക്ഷ്യം വെച്ചാണിതിന്റെ പ്രവര്‍ത്തനമെന്ന് ജഗന്‍ പറഞ്ഞു. പിസ്സ, സാന്‍വിച്ച്, ബര്‍ഗര്‍, സ്റ്റീക്ക് മുതലായ പാശ്ചാത്യ ഭക്ഷണങ്ങളുടെ വന്‍ ശേഖരമായിരിക്കും തോംസ് കഫേ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കേക്കിന്റെ നിര്‍മ്മാണത്തിനും വിപണനത്തിനുമായി അണിയിച്ചൊരുക്കിയിട്ടുള്ള വിഭാഗമാണ് കേക്കറി. കേക്കുകളുടെ നിര്‍മ്മാണത്തിനായി വിദഗ്ധരുടെ ഒരു കൂട്ടമാണ് കേക്കറിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വളരെ വൈകാതെ തന്നെ കേക്കറിയുടെ ഔട്ട്‌ലെറ്റുകള്‍ അനേകം സ്ഥലങ്ങളില്‍ ആരംഭിക്കും എന്നും ജഗന്‍ പറഞ്ഞു.

കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് തോംസണ്‍. കോട്ടയത്ത് സീഫുഡ് റെസ്റ്റൊറന്റ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിവരുന്നതായും ജഗന്‍ വ്യക്തമായി. ഭക്ഷണ സംബന്ധമായ എല്ലാ മേഖലയിലും ചുവടുവെക്കുവാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.

കാറ്ററിംഗ് രംഗത്തും തോംസണ്‍ എന്ന നാമം ശ്രദ്ധേയമാണ്. ബേക്കറി, റെസ്റ്റൊറന്റ്, കാറ്ററിംഗ് എവിടെയാണെങ്കിലും ഗുണമേന്‍മ കൈവെടിയാതെയുള്ള പ്രവര്‍ത്തനങ്ങളാണ് തോംസണെ മുന്‍നിരയില്‍ എത്തിച്ചിട്ടുള്ളത് എന്ന് ജഗന്‍ പറഞ്ഞു. കടുത്ത മല്‍സരം നേരിടുന്ന രംഗമാണ് കാറ്ററിംഗ് മേഖല, ഗുണനിലവാരവും രുചിയും ഒത്തുചേര്‍ന്നാല്‍ മാത്രമേ ഈ രംഗത്ത് നിലനില്‍പ്പുണ്ടാകുകയുള്ളൂവെന്നും ജയന്‍ അവകാശപ്പെട്ടു. കേരളത്തിനു പുറത്തും ഇവരുടെ കാറ്ററിംഗ് സര്‍വ്വീസ് ലഭ്യമാണ്. ചെന്നൈ, ബംഗളൂരു തുടങ്ങിയ പട്ടണങ്ങളില്‍ ഇവര്‍ സേവനം നടത്തിവരുന്നു. ഇവിടങ്ങളിലുള്ള സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരില്‍ പുതിയ ശാഖ തുടങ്ങുന്നതിനായും ഇവര്‍ പദ്ധതിയിടുന്നു.

തോംസന്റെ കീഴില്‍ പുതിയ ഫാം ഹൗസ് രൂപീകരിക്കുന്നതിനായുള്ള തയാറെടുപ്പിലാണ് ജഗന്‍. ഇതിനായി പാണ്ടനാട് എന്ന സ്ഥലത്ത് 12 ഏക്കറോളം വരുന്ന ഭൂമി വാങ്ങിയിട്ടുള്ളതായും ഇദ്ദേഹം വ്യക്തമാക്കി. ജൈവകൃഷിരീതിയായിരിക്കും ഇവിടെ പിന്തുടരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. തോംസന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലേക്കും, ബേക്കറികളിലേക്കും പാചകത്തിനായി ആവശ്യം വരുന്ന പച്ചക്കറികളും മറ്റു വസ്തുക്കളും ഉല്‍പ്പാദിപ്പിച്ചെടുക്കുന്നതിനാണ് ഇതുവഴി ജഗന്‍ ലക്ഷ്യമിടുന്നത്. വിഷവിമുക്തമായ ഭക്ഷണവസ്തുക്കള്‍ കൂടുതല്‍ ആരോഗ്യവും, രുചിയും നല്‍കുന്നവയായിരിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. അടുത്ത വര്‍ഷത്തോടുകൂടി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

ആത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിര്‍മാണശാലകളാണ് തോംസന്റെ മറ്റൊരു സവിശേഷത. ഭക്ഷ്യവസ്തു നിര്‍മാണങ്ങള്‍ക്കായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ളവയാണ്. മാത്രമല്ല പുതിയ പാചകരീതികള്‍ പഠിച്ചെടുക്കുന്നതിന്റെ ഭാഗമായി വലിയ കമ്പനികളിലും, വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റുകളിലും പങ്കെടുക്കാറുണ്ട്. കാലാകാലങ്ങളിലെ പുത്തന്‍ പ്രവണതകള്‍ ഇവിടെ കൊണ്ടുവന്നാല്‍ മാത്രമേ വിപണിയില്‍ നിലനില്‍പ്പ് സാധ്യമാകുകയുള്ളൂവെന്നും ജഗന്‍ കൂട്ടിച്ചേര്‍ത്തു.

ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളാണ് സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ജഗന്‍. അതിനാല്‍ തൊഴിലാളിക്ഷേമത്തിനു പ്രത്യേകശ്രദ്ധയാണ് സ്ഥാപനം നല്‍കിവരുന്നത്. തോംസന്റ പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള അനേകം തൊഴിലാളികള്‍ ഇപ്പോഴും തുടരുന്നുണ്ട്. സ്ഥാപനത്തെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യുകയും രാജ്യാന്തര ബ്രാന്‍ഡാക്കി മാറ്റുകയുമാണ് ലക്ഷ്യം. വരുംകാലങ്ങളില്‍ തോംസണ്‍ എന്ന സ്ഥാപനത്തെ ഒരു കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയില്‍ എത്തിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് ഇദ്ദേഹം. വിദേശികളെ സ്ഥാപനത്തില്‍ നിക്ഷേപകരാക്കണം എന്നതും ജഗന്റെ ആഗ്രഹമാണ്.

പലപ്പോഴും ചെയ്യാത്ത കാര്യങ്ങളാണ് ആരോപണങ്ങളായി ബിസിനസില്‍ നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ജഗന്‍ പറയുന്നു. ആരോപണങ്ങള്‍ പലപ്പോഴും ബിസിനസ് തന്നെ വെറുക്കുന്നതിനു പോലും കാരണമായിട്ടുണ്ട്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ തനിക്ക് ആത്മധൈര്യം നല്‍കിയിട്ടുള്ളത് പരുമല തിരുമേനിയാണ് എന്നാണ് ജഗന്‍ പറയുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ അധികം പ്രചോദനം നല്‍കിയിട്ടുള്ളവയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ബിസിനസുകാര്‍ സമൂഹത്തിന് എന്തോ ദ്രോഹം ചെയ്യുന്ന ഒരു വിഭാഗമായിട്ടാണ് സര്‍ക്കാര്‍ പോലും കണ്ടുവരുന്നത്. ബിസിനസിന് അനുകൂലമായിട്ടുള്ള യാതൊരുവിധ ആനുകൂല്യങ്ങളോ, സഹായങ്ങളോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല എന്നും ജഗന്‍ പറഞ്ഞു.

വളരെയധികം ശ്രദ്ധനല്‍കി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് ബിസിനസ്. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്ന രീതിയിലാണ് ബിസിനസിനെ പരിചരിക്കേണ്ടത്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഓഫീസ് മുറിയല്ല ബിസിനസിനെ വിജയത്തിലേക്ക് എത്തിക്കുന്നത്. കഠിനാധ്വാനവും, ആത്മാര്‍ഥതയുമാണ് എന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇന്ന് വിപണിയില്‍ വിജയപീഠത്തില്‍ എത്തിയിരിക്കുന്ന സ്ഥാപനങ്ങളുടെയെല്ലാം ഉടമകള്‍ കഠിനാധ്വാനത്തിന്റെ മഹത്വം അറിഞ്ഞിട്ടുള്ളവരായിരിക്കും എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ആളുകളുടെ മനസില്‍ സ്വാധീനം ചെലുത്തുന്നതില്‍ കുറച്ചുനാള്‍ മുമ്പ് വരെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് കാര്യമായി സാധിക്കുമായിരുന്നുവെന്ന് ജഗന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ പലതരത്തിലുള്ള കള്ളപ്രചാരണങ്ങളും, അടിസ്ഥാനരഹിതമായ വാര്‍ത്തകളും സാമൂഹ്യമാധ്യമത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടുള്ളതായി അദ്ദേഹം വിലയിരുത്തുന്നു. ഇന്ന് സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ അത്ര ശ്രദ്ധകൊടുക്കുന്നില്ല. അതിനാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തോംസന്റെ പേരില്‍ പിരിധിവിട്ടുള്ള പ്രചാരണങ്ങള്‍ നടത്താറില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.

”പത്തോളം ഔട്ട്‌ലെറ്റുകളാണ് ഇന്ന് തോംസണിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ പുതുതായി ആരംഭിക്കുന്ന ഔട്ട്‌ലെറ്റ് ബേക്കറിയും, കോഫി ഷോപ്പും ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റും കൂടിചേര്‍ന്നതാണ്. മാറുന്ന ഷോപ്പിംഗ് രീതികളുടെ ചുവടുപിടിച്ചാണ് ഇതുപോലുള്ള മാറ്റത്തിന് നേതൃത്ത്വം വഹിക്കുന്നത്, ”

ജഗന്‍ തോമസ്
മാനേജിംഗ് ഡയറക്റ്റര്‍
തോംസണ്‍ ബേക്കറി

 

Comments

comments