സോഫ്റ്റ്ബാങ്ക്- ദി കിംഗ് മേക്കര്‍

സോഫ്റ്റ്ബാങ്ക്- ദി കിംഗ് മേക്കര്‍
ഇ-കൊമേഴ്‌സ് രംഗം ഇന്ന് വളരെയധികം വളര്‍ച്ചയും മുന്നേറ്റങ്ങളും കൈവരിച്ചിട്ടുള്ള 
മേഖലകളില്‍ ഒന്നാണ്. ഇവരുടെ വളര്‍ച്ചയിലും താഴ്ച്ചയിലും വിദേശ കമ്പനി നിക്ഷേപം 
നിര്‍ണായക സ്വാധീനം ചെലുത്തുന്നു.

ബംഗളൂരില്‍ നിന്നും ഏകദേശം 5 മണിക്കൂര്‍ യാത്രയുണ്ട് ഉള്‍നാടന്‍ മലയോരപ്രദേശമായ ചിക്കമംഗഌരിലേക്ക്. ഇടതിങ്ങിയ കാപ്പിത്തോട്ടങ്ങളും വളവും തിരിവും മാത്രമുള്ള റോഡുകളുമായി ഒരു തനി നാടന്‍ പ്രദേശം. വഴിയരികില്‍ ധാരാളം ചെറിയ കടകളുണ്ട്. ചായ, കാപ്പി, സ്‌ക്വാഷ് തുടങ്ങി ആ പ്രദേശത്ത് വിളയിക്കുന്ന പഴവര്‍ഗങ്ങളുടേയും കടകള്‍. വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ കടയാണെങ്കിലും ‘ പേടിഎം സ്വീകരിക്കപ്പെടും ‘ എന്ന ബോര്‍ഡ് അവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. ഇതുമാത്രമല്ല ബംഗളൂരുവില്‍ ഒരു ഓട്ടോറിക്ഷയുടെ സേവനം ലഭിച്ചാലും പേടിഎം സ്വീകരിക്കുമെന്ന അറിയിപ്പ് ലഭിക്കും. നീല സ്റ്റിക്കറില്‍ ഡ്രൈവര്‍ സീറ്റിനു പിന്നിലായി നമുക്കു വായിക്കാന്‍ കഴിയുംവിധം ആ കുറിപ്പുണ്ടാകും. അതെ, ഇന്നെവിടെയും പേടിഎം ബോര്‍ഡുകളാണ്, ഗ്രാമത്തിലും നഗരത്തിലുമെല്ലാം പേടിഎം തരംഗമാണ്.

അലിബാബ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് പേടിഎം ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിച്ചത്. ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പേടിഎമ്മിനെ ഇന്ത്യയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് തമ്പുരാന്‍ എന്ന തലപ്പത്തേക്ക് എത്തിച്ചതിനു പിന്നില്‍ ജാപ്പനീസ് ടെലികോം ഇന്റര്‍നെറ്റ് കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ പങ്ക് വലുതാണ്. പേടിഎം ഈ വളര്‍ച്ച കൈവരിക്കുന്നതിനായി 1.4 ബില്യണ്‍ ഡോളറാണ് സോഫ്റ്റ് ബാങ്ക് നിക്ഷേപിച്ചത്.

ജപ്പാനിലെ മുന്‍നിര കോടീശ്വരനും സോഫ്റ്റ് ബാങ്ക് സിഇഒയുമായ മസായോഷി സണ്‍ രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്ത് ബില്യണ്‍ ഡോളറാണ് അടുത്ത ദശാബ്ദത്തിലേക്ക് ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ സോഫ്റ്റ്ബാങ്കിന്റെ മുന്നില്‍ ഈ നിക്ഷേപം അത്ര വലിയ കാര്യമല്ല. ഇന്റര്‍നെറ്റ് ഉപഭോക്തൃ ശ്യംഖലയുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ ഇപ്പോള്‍തന്നെ സോഫ്റ്റ്ബാങ്ക് ഇന്ത്യയിലെ മുന്‍നിര നിക്ഷേപകരിലൊരാളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടാക്‌സി സേവനദാതാക്കളായ ഒലയും അവസാന നിമിഷ ഹോട്ടല്‍ ബുക്കിങ്ങിനായി ജനങ്ങളെ സഹായിച്ചു വരുന്ന ഒയൊ റൂംസുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അടുത്തിടെ ഒയൊയും ഒലയും ചേര്‍ന്ന് സോഫ്റ്റ്ബാങ്കില്‍ നിന്നും 500 മില്യണ്‍ ഡോളറാണ് കൈപറ്റിയിരിക്കുന്നത്.

ഇന്‍മോബി എന്ന പരസ്യ-സാങ്കേതിക സേവന കമ്പനിയുമായി ചേര്‍ന്ന് സോഫ്റ്റ്ബാങ്ക് വന്‍പിച്ച ഇന്ത്യന്‍ സാങ്കേതിക സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെല്ലാം തന്നെ ഒരു ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ളവയാണ് അല്ലെങ്കില്‍ ആ നാഴികക്കല്ലിന് അരികിലെത്തി നില്‍ക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ ഒരു കിംഗ്‌മേക്കറുടെ പദവിയാണ് സോഫ്്റ്റ്ബാങ്കിന്. ഈ നിക്ഷേപം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സാമ്പത്തിക ഉയര്‍ച്ചയ്ക്കു മാത്രമല്ല ഈ നിരയിലെ അവരുടെ എതിരാളികളുമായി ഒരു നീണ്ടകാലത്തേക്ക് വെല്ലുവിളികള്‍ അതിജീവിച്ച് സുസ്ഥിരമായ വളര്‍ച്ചയ്ക്കും അതുവഴി ലാഭത്തിലേക്കെത്താനുമുള്ള ചവിട്ടുപടി കൂടിയാണ്.

സോഫ്റ്റ്ബാങ്കിന്റെ സൗദി പിന്തുണയോടെയുള്ള 100 ബില്യണ്‍ വിഷന്‍ ഫണ്ട് എന്ന മസായോഷിയുടെ ഡ്രീം പ്രൊജക്റ്റ് മറ്റൊരു തന്ത്രപരമായ നീക്കമാണ്. ചൈനീസ് യൂബര്‍ എന്നറിയപ്പെടുന്ന ദിദി ചക്‌സിംഗ് മുതല്‍ ലണ്ടന്‍ ആസ്ഥാനമായ വിര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ ഇംപ്രോബബിളില്‍ വരെ ഈയടുത്ത കാലത്ത് സോഫ്റ്റ് ബാങ്ക് നടത്തിയ നിക്ഷേപം പരിഗണിച്ചാല്‍ അവരുടെ തിളക്കമാര്‍ന്നതും തികച്ചും തന്ത്രപ്രധാനവുമായ നിക്ഷേപം വ്യക്തമാകും. ഈ മാസമാദ്യമാണ് ഇംപ്രോബബിളില്‍ 502 മില്യണ്‍ സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചത്. ഇതോടെ രണ്ട് വര്‍ഷം മുന്‍പ് 100 മില്യണില്‍ നിലനിന്ന ഇംപ്രോബബിള്‍ മൂല്യം ഇന്ന് പത്തുമടങ്ങ് ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം നമുക്ക് ഉറപ്പിക്കാം, എതിരാളികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സൃഷ്ടിക്കുന്ന പരിപാടികള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്.

പേടിഎമ്മില്‍ സോഫ്റ്റ് ബാങ്ക് നടത്തിയ വന്‍ നിക്ഷേപം എല്ലാ തരത്തിലും ബാധിക്കുക എതിരാളികളായ മൊബിക്വികിനെയാണെന്നതില്‍ സംശയമില്ല. മൊബിക്വികിന്റെ സ്ഥാപകരും ദമ്പതികളുമായ ബിപിന്‍ പ്രീത് സിംഗും ഉഷാ താക്കുവും തങ്ങളുടെ സ്ഥാപനത്തിന്റെ നടത്തിപ്പിലും മുന്‍പോട്ടുള്ള വളര്‍ച്ചയ്ക്കും കഠിനപ്രയത്‌നം ചെയ്യേണ്ടി വരുമെന്നതില്‍ സംശയമില്ല.

പേടിഎം ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ പേയ്‌മെന്റ് ശൃംഖലയായി മാറിക്കഴിഞ്ഞു. ഗ്രാമമെന്നോ നഗരമെന്നോ വ്യതാസമില്ലാതെ ഏതൊരു വീട്ടിലും ഒരാളുടെയെങ്കിലും മൊബൈലില്‍ കയറിക്കൂടിയിട്ടുണ്ട്. വീട്ടുപകരണങ്ങളില്‍ ഒന്നായി പേടിഎം മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള മറ്റു പെയ്‌മെന്റ് സ്റ്റാര്‍ട്ടപ്പുകളെല്ലാം രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് മല്‍സരം നടത്തിവരുന്നത്. ബംഗളൂരുവിലെ സിട്രസ് പേ എന്ന കമ്പനിയെ ഡല്‍ഹിയുടെ പേയു എറ്റെടുത്തത് ഇതിനുള്ള മികച്ച ഉദാഹരണമാണ്.

സര്‍ക്കാര്‍ പിന്തുണയുള്ളതും ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് ആപ്ലിക്കേഷനുമായ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ഈ മേഖലയിലെ മല്‍സരത്തിന്റെ ആക്കം കൂട്ടും. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് രംഗത്ത് നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് സോഫ്റ്റ് ബാങ്ക് പോലുള്ള നിക്ഷേപകരെ കാത്തിരിക്കുന്നത്. അടുത്തിടെ ഫഌപ്പ്കാര്‍ട്ട് അവരുടെ പുതിയ തന്ത്രം പുറത്തെടുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്, ടെന്‍സെന്റ്, ഇബേ എന്നിവരില്‍ നിന്നും 1.4 ബില്യണ്‍ ഡോളറാണ് അവര്‍ സമാഹരിച്ചത്. ഫഌപ്പ്കാര്‍ട്ടിന്റെ ഈ പ്രവര്‍ത്തനം അവരുടെ പ്രധാന എതിരാളികളായ സ്‌നാപ്ഡീലിനെ ബാധിക്കുന്ന തരത്തിലുള്ളതായിരുന്നു. എന്തു തന്നെയായാലും ഫഌപ്പ്കാര്‍ട്ട് – സ്‌നാപ് ഡീല്‍ കൂടിച്ചേരല്‍ വാര്‍ത്തകള്‍ ഇത്തരം മല്‍സരാധിഷ്ഠിതമായ നിക്ഷേപങ്ങളെ പുതിയ വഴിത്തിരിവില്‍ എത്തിച്ചിരിക്കുകയാണ്.

സോഫ്റ്റ്ബാങ്ക് ആദ്യം സ്‌നാപ്ഡീലിനെ തെരഞ്ഞെടുക്കുകയും 900 മില്യണ്‍ ഡോളര്‍ ഡല്‍ഹി ആസ്ഥാനമായ ആ കമ്പനിയില്‍ നിക്ഷേപിക്കുകയും ചെയ്തു. ഫഌപ്പ്കാര്‍ട്ടിനെയും, ആമസോണിന്റെ ഇന്ത്യന്‍ ഘടകത്തെയും തകര്‍ക്കുവാന്‍ വേണ്ടി ഇവര്‍ മുടക്കിയ സമയവും, പണവു സത്യത്തില്‍ ഒരു ഉപയോഗവും ഇല്ലാതെയായി എന്നു വേണം പറയാന്‍. നിലവില്‍ സോഫ്റ്റ്ബാങ്ക് ഫഌപ്കാര്‍ട്ടില്‍ ഒരു നിക്ഷേപകനാവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ഫഌപ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പുതിയ നിക്ഷേപ സൗഹൃദം ഒരു കൊടുക്കല്‍ വാങ്ങല്‍ കാഴ്ച്ചപാടില്‍ നിന്നും വ്യത്യസ്തമായി അതിശക്തമായ അടിത്തറ ഉറപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും അവരുടെ നിക്ഷേപകരില്‍ പ്രധാനിയായ ടൈഗര്‍ ഗ്ലോബല്‍ ഭാഗീകമായിട്ടെങ്കിലും പുറത്തേക്കുള്ള വഴി നോക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടുതന്നെ ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ അതിശക്തമായ സാനിധ്യമാണ് ഉറപ്പിച്ചിരിക്കുന്നത്. മാത്രമല്ല വരും കാലങ്ങളിലും ഇവര്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ സുരക്ഷിത താവളത്തില്‍ നിലയുറപ്പിക്കുമെന്നാണ് സൂചന. ആയതിനാല്‍ ഫഌപ്കാര്‍ട്ടിന് ആമസോണ്‍ പോലുള്ള ഭീമന്‍മാരോട് ഏറ്റുമുട്ടുന്നതിനായി സോഫ്റ്റ്ബാങ്ക് അല്ലെങ്കില്‍ അതുപോലെ കരുത്തുള്ള മറ്റു നിക്ഷേപകര്‍ ആവശ്യമായി വരും. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്ത് വിജയം കൈവരിക്കാനും സുരക്ഷിതമായ അടിത്തറ കെട്ടിപ്പടുക്കാനും സോഫ്റ്റ്ബാങ്ക് പോലുള്ള വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്.

Comments

comments

Categories: FK Special