കൈകോര്‍ക്കാന്‍ ക്വിക്കറും ബാബാജോബ്‌സും

കൈകോര്‍ക്കാന്‍ ക്വിക്കറും ബാബാജോബ്‌സും
ഏഴ് മില്ല്യണിലധികം തൊഴിലന്വേഷകരാണ് ബാബാജോബ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ബെംഗളൂരു: ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌സ് പോര്‍ട്ടലായ ക്വിക്കര്‍ ബാബാജോബ്‌സിനെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍. ബ്ലൂകോളര്‍ ജീവനക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ബാബാജോബ്‌സ്. ക്വിക്കര്‍ ജോബ്‌സുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇന്ത്യന്‍ ബ്ലൂകോളര്‍ തൊഴില്‍ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബാജോബ്‌സിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഏഴ് മില്ല്യണിലധികം തൊഴിലന്വേഷകരാണ് ബാബാജോബ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5,00,000 ത്തിനടുത്ത് തൊഴില്‍ ദാതാക്കളും ഈ പ്ലാറ്റ്‌ഫോം വഴി ജീവനക്കാരെ തിരയുന്നുണ്ട്. കോയമ്പത്തൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, ബെംഗളൂരു, മുംബൈ, ഡെല്‍ഹി എന്നീ സ്ഥലങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ബിപിഒ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ ജോലികളാണ് ബാബാജോബ്‌സില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ഏറ്റെടുക്കല്‍ നടന്നാല്‍ ബാബാജോബ്‌സ് മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചെറിയ സിറ്റികളിലേക്ക് ക്വിക്കറിനു കടന്നു ചെല്ലാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്ത് തൊഴില്‍ അന്വേഷിക്കാന്‍ സാധിക്കുന്ന വേദി ആയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബാജോബ്‌സ് സൃഷ്ടിക്കപ്പെട്ടത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രാദേശിക ഭാഷയി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹിന്ദി, മറാത്തി, കന്നഡ, ഗുജറാത്തി, തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ ബാബാജോബ്‌സ് ആപ്പും വെബ്‌സൈറ്റും ലഭ്യമാണ്.

ഗ്രേ ഗോസ്റ്റ് വെഞ്ച്വേഴ്‌സ്, ഖോസ്ല ഇംപാക്റ്റ് എന്നീ നിക്ഷേപകരില്‍ നിന്നും 3.5 കോടി രൂപയുടെ ആദ്യനിക്ഷേപം 2012ല്‍ ബാബാജോബ്‌സ് സമാഹരിച്ചിരുന്നു. പിന്നീട് 2016 ഏപ്രില്‍ മാസത്തില്‍ ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ എംപ്ലോയ്‌മെന്റ് മാര്‍ക്കറ്റ് പ്ലേസായ സീക്കിന്റെ നേതൃത്വത്തില്‍ 10 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപവും കമ്പനി സമാഹരിച്ചു. മാസം തോറും അഞ്ച് മില്ല്യണ്‍ അപേക്ഷകളാണ് ക്വിക്കര്‍ ജോബ്‌സില്‍ ലഭിക്കുന്നതെന്ന് കമ്പനി മേധാവി അമിത് ജെയിന്‍ പറഞ്ഞു. പ്രതിമാസം ഉപഭോക്താക്കളുടെ എണ്ണത്തില്‍ 50 ശതമാനം വളര്‍ച്ചയുണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡീല്‍ നടന്നാല്‍ 2016 നു ശേഷം ക്വിക്കര്‍ നടത്തുന്ന ഒന്‍പതാമത്തെ ഏറ്റെടുക്കലായി മാറുമിത്. കഴിഞ്ഞ വര്‍ഷം കോമണ്‍ഫ്‌ളോര്‍, ഗ്രാബ്ഹൗ്‌സ്, സ്‌റ്റെപ്നി, സാപ്‌ലുക്ക്, സലോസ, സ്‌റ്റേഗ്ലാഡ്, ഹയര്‍ എന്നീ സംരംഭങ്ങളെയാണ് ക്വിക്കര്‍ ഏറ്റെടുത്തത്. ഈ വര്‍ഷമാദ്യം പ്രാദേശിക സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പായ സിമ്പറിനെ ഏറ്റെടുത്തത് 10 മില്ല്യണ്‍ ഡോളറിനാണ്. കിന്നെവിക്ക്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, മെട്രിക്‌സ് പാര്‍ട്ട്‌നേഴ്‌സ് ഇന്ത്യ, വാര്‍ബെര്‍ഗ് പിന്‍കസ് എന്നീ നിക്ഷേപകരില്‍ നിന്നുമായി 350 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് ക്വിക്കര്‍ ഇതുവരെ സമാഹരിച്ചിട്ടുള്ളത്. 1.4 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണിത്.

Comments

comments

Categories: Business & Economy