ഒഡീഷയിലെ സംയോജിത സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജം

ഒഡീഷയിലെ സംയോജിത സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജം
ഏകദേശം 30,000 പേര്‍ക്ക് പ്രത്യക്ഷമായും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ 
ലഭിക്കും.

അങ്കുല്‍: ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ (ജെഎസ്പിഎല്‍) ഉടമസ്ഥതയിലുള്ള ഒഡീഷയിലെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. ഏകദേശം 30,000 പേര്‍ക്ക് പ്രത്യക്ഷമായും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഇത് ഉപകരിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2030 ഓടെ സ്റ്റീല്‍ നിര്‍മാണത്തില്‍ 300 മില്ല്യണ്‍ ടണ്‍ ശേഷിയിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രാജ്യത്തിനാവശ്യമായ സ്റ്റീലിന്റെ 20 ശതമാനത്തിലധികം ഒഡീഷയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പട്‌നായിക് വ്യക്തമാക്കി. സ്റ്റീല്‍ വ്യവസായത്തിന് എല്ലാ പിന്തുണയും നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. 2005 മുതല്‍ സംസ്ഥാനത്ത് 16 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ നിര്‍മാണ ശേഷി കൂട്ടിച്ചേര്‍ത്തു. ലോകോത്തര നിലവാരമുള്ളതും മികച്ച തൊഴില്‍ സാഹചര്യവുമുള്ള എന്‍ജിനീയറിംഗ് ഹബ്ബായി അങ്കുലിനെ വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്‌നായിക് വെളിപ്പെടുത്തി.

ഒഡീഷ സര്‍ക്കാര്‍ വ്യവസായ അനുകൂല പരിതസ്ഥിതി ഒരുക്കിയിട്ടുണ്ട്. 2025 ഓടെ 30 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഉന്നം. ഇത് നേടുന്നതിനായുള്ള മറ്റൊരു ചുവടു വെയ്പ്പാണ് ജെഎസ്പിഎല്ലിന്റെ സ്റ്റീല്‍ പ്ലാന്റെന്ന് പട്‌നായിക് ചൂണ്ടിക്കാട്ടി. ഏകദേശം 33,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കല്‍ക്കരി ബ്ലോക്ക് റദ്ദാക്കിയതിന്റെ ഫലമായുണ്ടായ നഷ്ടത്തെ മറികടക്കാന്‍ കമ്പനിയെ ഇത് പ്രാപ്തമാക്കുമെന്നാണ് കരുതുന്നത്- ജെഎസ്പിഎല്‍ ചെയര്‍മാന്‍ നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.

അങ്കുലില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായത് ജെഎസ്പിഎല്ലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കമ്പനിയെ കടബാധ്യതയില്‍ നിന്ന് മുക്തമാക്കാന്‍ ഇത് ഉപകരിക്കും- നവീന്‍ വിലയിരുത്തി. കല്‍ക്കരി ബ്ലോക്കുകളുടെ റദ്ദാക്കല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി 7,000- 8,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പുതിയ പ്ലാന്റിലെ ഉല്‍പ്പാദനത്തോടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കമ്പനിക്ക് സാധിക്കും. സ്റ്റീലിന് വലിയ ആവശ്യകതയുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ യത്‌നിക്കുകയും ചെയ്യുന്നു. ജൂണ്‍ മുതല്‍ അങ്കുലിലെ സ്റ്റീല്‍ ഉല്‍പ്പാദനം ഏതാണ്ട് 1.5 ലക്ഷം ടണ്ണാകും. ജൂലൈയില്‍ രണ്ടു ലക്ഷവുമാക്കും. അടുത്ത മാര്‍ച്ചില്‍ ഉല്‍പ്പാദനം പ്രതിമാസം 4 ലക്ഷം ടണ്ണാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories