മാരുതി മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍ വില്‍ക്കും

മാരുതി മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍ വില്‍ക്കും
നിലവില്‍ ആള്‍ട്ടോ കെ10,വാഗണ്‍ ആര്‍,സെലേറിയോ, ഇഗ്നിസ്,ഡിസയര്‍ മോഡലുകളിലാണ് 
എജിഎസ് ഉള്ളത്. ബലേനോയില്‍ സിവിടിയാണെങ്കില്‍ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍
എടിയാണ്

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ 2020 ഓടെ വിവിധ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച മൂന്ന് ലക്ഷം വാഹനങ്ങള്‍ വില്‍ക്കും. നിലവില്‍ എജിഎസ് (ഓട്ടോമേറ്റഡ് ഗിയര്‍ ഷിഫ്റ്റ്), എടി (ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍), സിവിടി (കണ്‍റ്റിന്യൂസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷനുകളുള്ള വാഹനങ്ങള്‍ പ്രതിവര്‍ഷം 94,000 യൂണിറ്റ് എന്ന കണക്കിലാണ് വില്‍ക്കുന്നത്.

താരതമ്യേന ചെലവ് കുറഞ്ഞ എജിഎസ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാമെന്നും അതുവഴി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകളുടെ വില്‍പ്പന വളര്‍ച്ച ഉറപ്പുവരുത്താമെന്നുമാണ് മാരുതി സുസുകി തീരുമാനിച്ചിരിക്കുന്നത്. 2017-18 അവസാനത്തോടെ എജിഎസ് കാര്‍ വില്‍പ്പന മാത്രം ഒന്നര ലക്ഷമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വക്താവ് പറഞ്ഞു. 2020 ഓടെ മൂന്ന് ലക്ഷം എജിഎസ് കാറുകള്‍ വില്‍ക്കണം. നിലവില്‍ ആള്‍ട്ടോ കെ10, വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്നിസ്, ഡിസയര്‍ മോഡലുകളിലാണ് എജിഎസ് ഉള്ളത്. ബലേനോയില്‍ സിവിടിയാണെങ്കില്‍ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ എടിയാണ്.

ഭാവിയില്‍ ബലേനോയ്ക്കപ്പുറമുള്ള മോഡലുകളില്‍ എടിയും സിവിടിയും അവതരിപ്പിക്കാനാണ് മാരുതി സുസുകി ആലോചിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സാമ്പത്തികമായി താങ്ങാവുന്നവിധം ഇരട്ട പെഡല്‍ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വക്താവ് വ്യക്തമാക്കി.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുകി. വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ പാര്‍ട്‌സുകള്‍ പ്രാദേശികമായിത്തന്നെ നിര്‍മ്മിക്കും. ആദ്യമായി കാര്‍ വാങ്ങുന്നവരും ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കളും കൂടുതല്‍ ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാരുതി സുസുകിയുടെ ഓട്ടോമാറ്റിക് കാര്‍ വില്‍പ്പന കുത്തനെ വര്‍ധിച്ചിട്ടുണ്ട്. 2013-14 ല്‍ കമ്പനി കേവലം 900 ഓട്ടോമാറ്റിക് കാറുകളാണ് വിറ്റത്. 2014-15 ല്‍ വില്‍പ്പന 32,426 ആയി വര്‍ധിച്ചു. 2015-16 ല്‍ 56,968 ഓട്ടോമാറ്റിക് കാറുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 94,736 എജിഎസ്, സിവിടി, എടി കാറുകളുമാണ് വിറ്റത്. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 47 ശതമാനം പങ്കാളിത്തമുള്ള മാരുതി സുസുകി 2020 ഓടെ പ്രതിവര്‍ഷം 20 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.

Comments

comments

Categories: Auto, Business & Economy