ഐഒസി രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനി

ഐഒസി രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനി
റിലയന്‍സ് ഇന്റസ്ട്രീസാണ് രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന സ്ഥാനം ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) കടത്തിവെട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) നേടി. 2017 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഐഒസിയുടെ അറ്റാദായം 70 ശതമാനം ഉയര്‍ന്ന് 19,106.40 കോടി രൂപയിലെത്തിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ഒഎന്‍ജിസിയുടെ അറ്റാദായമായ 17,900 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണിത്. ഇതേ തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും ലാഭമേറിയ പൊതുമേഖല സ്ഥാപനമെന്ന പദവി ഐഒസി നേടിയത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 29,901 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവന കയറ്റുമതി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 26,357 കോടി രൂപ അറ്റാദായം നേടി രാജ്യത്തെ രണ്ടാമത്തെ ലാഭകരമായ കമ്പനിയായി മാറി.

ദീര്‍ഘകാലം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനിയായിരുന്നു ഒഎന്‍ജിസി. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലയന്‍സും ടാറ്റാ കണ്‍സള്‍ട്ടന്‍സിയും ഉയര്‍ത്തിയ വെല്ലുവിളിയില്‍ ഒഎന്‍ജിസിയ്ക്ക് കിരീടം നഷ്ടമായി. ഇപ്പോള്‍ ഐഒസി കൂടി മുന്നേറിയതോടെ ഒഎന്‍ജിസിക്ക് വന്‍തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഐഒസിയുടെ അറ്റാദായം 11,242.23 കോടി രൂപയും ഒഎന്‍ജിസിയുടേത് 16,140 കോടി രൂപയുമായിരുന്നു.

ഉയര്‍ന്ന റിഫൈനിങ് മാര്‍ജിന്‍, ചരക്ക് പട്ടികയിലെ നേട്ടം, പ്രവര്‍ത്തന കാര്യക്ഷമത എന്നിവ വഴിയാണ് തങ്ങളുടെ ലാഭത്തില്‍ മുന്നേറാനായതെന്ന് ഐഒസി ചെയര്‍മാന്‍ ബി അശോക് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രകൃതിവാതക വിലനിര്‍ണയ നയം കാരണം കമ്പനിക്ക് 3,000 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് ഒഎന്‍ജിസി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ദിനേശ് കെ സറഫ് പറഞ്ഞു. 2014 ഒക്‌റ്റോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പുതിയ വില നിര്‍ണയ ഫോര്‍മുല അവതരിപ്പിച്ചിരുന്നു. പ്രകൃതി വാതകം ധാരാളമുള്ള യുഎസ്, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ മാതൃകയാക്കിയാണ് സര്‍ക്കാര്‍ വിലനിര്‍ണയ സൂചിക തയാറാക്കിയത്. ഈ ഫോര്‍മുല നടപ്പാക്കി തുടങ്ങിയപ്പോള്‍ മുതല്‍ പ്രകൃതി വാതകത്തിന്റെ അടിസ്ഥാന വില പകുതിയായി കുറഞ്ഞ് ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 2.48 യുഎസ് ഡോളറിലെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഗ്യാസ് വിലയില്‍ 35 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്ന് പ്രകൃതി വാതക വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ 5,010 കോടി രൂപയുടെ നഷ്ടമാണ് ഒഎന്‍ജിസിക്ക് ഉണ്ടായത്. പ്രകൃതി വാതകം നിലവില്‍ കൂടുതല്‍ ലാഭകരമായ വ്യവസായമല്ലെന്നും ഉല്‍പ്പാദനച്ചെലവ് നിലവിലുള്ള വാതക വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Top Stories

Related Articles