മന്ത്രിയുടെ പാചകക്കാരന്‍ ലേലത്തിലൂടെ നേടിയത് 26 കോടിയുടെ ഖനനാനുമതി

മന്ത്രിയുടെ പാചകക്കാരന്‍ ലേലത്തിലൂടെ നേടിയത് 26 കോടിയുടെ ഖനനാനുമതി

ചണ്ഡിഗഢ്: പഞ്ചാബില്‍ ഊര്‍ജ്ജമന്ത്രി റാണ ഗുര്‍ജിത് സിങിന്റെ പാചകക്കാരനായിരുന്ന 36-കാരന്‍ അമിത് ബഹാദൂര്‍ 26.5 കോടി രൂപയുടെ ഖനനാനുമതി ലേലത്തിലൂടെ നേടി. പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡിഗഢില്‍നിന്നും 100 കിലോമീറ്റര്‍ അപ്പുറമുള്ള നവന്‍ഷെഹര്‍ ജില്ലയിലാണു മണല്‍ ഖനനം നടത്താന്‍ അമിതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണു പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ഥികളില്‍ വച്ച് ഏറ്റവും വലിയ കോടീശ്വരനെന്ന വിശേഷണവുമായി മത്സരിച്ച വ്യക്തിയാണ് ഇപ്പോള്‍ ഊര്‍ജ്ജവകുപ്പ് കൈകാര്യം ചെയ്യുന്ന റാണ ഗുര്‍ജിത് സിങ്. 169 കോടി രൂപയുടെ സ്വത്ത് കൈവശമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ഗുര്‍ജിത് സിങ് സൂചിപ്പിച്ചത്. ഇദ്ദേഹത്തിന് പഞ്ചാബില്‍ കരിമ്പിന്‍ തോട്ടവും പഞ്ചസാര മില്ലുകളുമുണ്ട്.

പഞ്ചാബില്‍ 89 ഇടങ്ങളിലാണു മണല്‍ ഖനനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത്. ഈ മാസം 19,20 തീയതികളില്‍ നടന്ന ഇ-ലേലത്തിലൂടെയാണ് ഖനനത്തിനുള്ള അനുമതി നല്‍കിയത്. ഇ-ലേലത്തിലൂടെ പഞ്ചാബ് സര്‍ക്കാരിന് 1,000 കോടി രൂപയുടെ വരുമാനം നേടാനും സാധിച്ചു. ഇപ്രാവിശ്യം ഖനനത്തിനുള്ള ഇ-ലേലത്തില്‍ മുന്‍വര്‍ഷത്തെ തുകയേക്കാള്‍ 20 തവണ അധികം സ്വരൂപിക്കാന്‍ സാധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Comments

comments

Categories: Politics