ദുബായിലെ സ്‌കൂളുകളുടെ ഫീസ് നിരക്കില്‍ വലിയ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട്

ദുബായിലെ സ്‌കൂളുകളുടെ ഫീസ് നിരക്കില്‍ വലിയ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട്
ജുമൈറ വില്ലേജ് സര്‍ക്കിള്‍, നാദ് അല്‍ ഷെബ, അറേബ്യന്‍ റാഞ്ചസ് എന്നിവിടങ്ങളിലാണ് 
സ്‌കൂള്‍ ഫീസ് ഏറ്റവും കൂടുതല്‍ ഈടാക്കുന്നത്

ദുബായ്: താമസസ്ഥലത്തിന് അനുസരിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസില്‍ വ്യത്യാസമുണ്ടാകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 6,00,000 ദിര്‍ഹത്തിന്റെ വര്‍ധനവ് ഇത്തരത്തിലുണ്ടാകുന്നുണ്ടെന്ന് എജുക്കേഷണല്‍ പോര്‍ട്ടലായ എഡറേബ്യയുടേയും റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റായ ബയൂട്ടിന്റേയും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജുമൈറ വില്ലേജ് സര്‍ക്കിള്‍, നാദ് അല്‍ ഷെബ, അറേബ്യന്‍ റാഞ്ചസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂള്‍ ഫീസുള്ളത്. ഇവിടങ്ങളിലെ ഒരു വര്‍ഷത്തെ ശരാശരി ഫീസ് 8,50,000 ദിര്‍ഹത്തിന് മുകളിലാണ്. ഇതിന് വിപരീതമായി ദുബായിലെ അല്‍ കരാമ, ദെയ്‌റ, അല്‍ ഖുസൈസ് എന്നീ മേഖലയില്‍ സ്‌കൂളുകള്‍ കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. 2,00,000 ദിര്‍ഹം മാത്രമാണ് ഇവിടത്തെ ഫീസ്. നഗരത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ നിരക്കില്‍ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും ലഭിക്കുന്നത് ജുമൈറ വില്ലെജ് സര്‍ക്കിളിലാണ്.

ദുബായിലെ സ്‌കൂളില്‍ നടപ്പാക്കുന്ന ഫീസ് വര്‍ധനവില്‍ പരിധികൊണ്ടുവരുന്നതിന് നീക്കമുണ്ട്. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഉപയോഗിക്കുന്ന എജുക്കേഷന്‍ കോസ്റ്റ് ഇന്റക്‌സ് അനുസരിച്ച് ഈ വര്‍ഷത്തെ സ്‌കൂള്‍ ഫീസില്‍ 4.8 ശതമാനത്തിന്റെ വരെ വര്‍ധനവുണ്ടാകും. 185 സ്വകാര്യ സ്‌കൂളുകളിലായി 2,73,599 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 16 സ്‌കൂളുകള്‍ക്ക് ദുബായുടെ എജുക്കേഷന്‍ അതോറിറ്റി ഔട്ട്‌സ്റ്റാന്‍ഡിംഗ് പദവിയും 14 എണ്ണത്തിന് വെരി ഗുഡും 69 എണ്ണത്തിന് ഗുഡ് പദവിയും നല്‍കിയിരുന്നു. 10 സ്‌കൂളുകളെ മോശം പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മികവിന്റേയും ഫീസിന്റേയും കാര്യത്തില്‍ യുകെ പാഠ്യപദ്ധതിയുളള സ്‌കൂളുകളാണ് മുന്നില്‍. ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത് ഇന്ത്യന്‍ പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളാണ്. ഏറ്റവും കുറവ് അപ്പാര്‍ട്ട്‌മെന്റ് വാടക നിരക്കുള്ളത് ഗ്രാമത്തോട് അടുത്തുകിടക്കുന്ന ജുമൈറ വില്ലെജ് സര്‍ക്കിള്‍, സ്‌പോര്‍ട്‌സ് സിറ്റി, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ഗ്രീന്‍ കമ്യൂണിറ്റി എന്നിവിടങ്ങളിലാണ്. മിര്‍ഡിഫിനും അല്‍ റാഷിദിയക്കും ശേഷം കുറഞ്ഞ ചെലവില്‍ വില്ലകള്‍ ലഭിക്കുന്നത് ജുമൈറ വില്ലെജ് സര്‍ക്കിളിലാണ്. നഗരത്തോട് ചേര്‍ന്നു കിടക്കുന്ന സുഫൗഹ്, ജുമൈറ, നാഥ് അല്‍ ഷെബ, ഉം സുഖ്വെയിം എന്നിവിടങ്ങളിലാണ് ഏറ്റവും വിലകൂടിയ അപ്പാര്‍ട്ട്‌മെന്റുകളുള്ളത്.

മേഖലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സംവിധാനത്തില്‍ അകറ്റിനിര്‍ത്തുമെന്ന് കഴിഞ്ഞ മാസം യുഎഇയിലെ പ്രമുഖ വ്യവസായിയായ മൊഹമെദ് അലബ്ബാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയര്‍ന്ന ഫീസ് വാങ്ങിയിട്ടും വിദ്യാഭ്യാസത്തില്‍ മികച്ച നിലവാരം പ്രകടമാക്കാന്‍ സ്‌കൂളുകള്‍ക്ക് ആകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments

comments

Categories: World