കാറ്റാടിപ്പാടങ്ങളില്‍ കണ്ണുംനട്ട് ഇന്ത്യ

കാറ്റാടിപ്പാടങ്ങളില്‍ കണ്ണുംനട്ട് ഇന്ത്യ
കാറ്റില്‍ നിന്നുള്ള പുനര്‍നിര്‍മിത ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ഇന്ത്യ മികച്ച നേട്ടം 
കൈവരിക്കുന്നുണ്ട്. ഈ മേഖലയില്‍ വാര്‍ഷികശേഷി വര്‍ധിപ്പിച്ച് ലോകനിലവാരത്തില്‍ 
ഇന്ന് ഇന്ത്യക്ക് നാലാം സ്ഥാനമാണ്

ന്യൂഡല്‍ഹിയില്‍ അടുത്തിടെ നടന്ന വിന്‍ഡര്‍ജീ ഇന്ത്യ 2017 എന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ അന്തരീക്ഷം തീര്‍ത്തും തിളക്കമാര്‍ന്നതായിരുന്നു. വ്യാവസായിക നേതാക്കള്‍, പ്രമുഖര്‍, ഗവണ്‍മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കെല്ലാം കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനം വഴിയുളള ഇന്ത്യയുടെ മികച്ച ഭാവിയില്‍ തെല്ലും ആശങ്കയുണ്ടായില്ല. ലോകത്താകമാനം കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ രംഗത്തെ പ്രതിനിധീകരിക്കുന്ന ഗ്ലോബല്‍ വിന്‍ഡ് എനര്‍ജി കൗണ്‍സില്‍ (ജിഡബ്ല്യുഇസി) തങ്ങളുടെ ഗ്ലോബല്‍ വിന്‍ഡ് റിപ്പോര്‍ട്ട് 2016 ലോഞ്ച് ചെയ്യുന്നത് ഡല്‍ഹിയിലാണെന്നത് ഈ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം അടിവരയിടുന്നതാണ്.

വിന്‍ഡ് പവര്‍ മേഖലയില്‍ 3.6 ജിഗാവാട്ട്‌സ് പുതിയതായി സ്ഥാപിച്ചതിലൂടെ ഇന്ത്യ ഒരു പുതിയ ദേശീയ റെക്കോര്‍ഡ് തന്നെ കൈവരിച്ചിരിക്കുകയാണ്. ഇതോടെ വാര്‍ഷിക ശേഷി വളര്‍ച്ചയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ചൈന, യുഎസ്, ജര്‍മനി എന്നിവര്‍ക്കുശേഷം നാലാമതായി നമ്മുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഇതുവഴി നമ്മുടെ രാജ്യത്തിന് സാധിച്ചുവെന്ന് ജിഡബ്ല്യുഇസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി എട്ടാം വര്‍ഷവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക വിപണിയായിരുന്നു ഏഷ്യ. ലോകത്തങ്ങോളമിങ്ങോളമായി മറ്റ് ഊര്‍ജ്ജ രീതികളോട് മത്സരിക്കാന്‍ ഇന്ന് വിന്‍ഡ് പവറിന് സാധിക്കുന്നുണ്ട്. പുതിയ വ്യവസായങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശുദ്ധമായ ഊര്‍ജ്ജം ലഭ്യമാകുന്ന സുസ്ഥിര ഭാവിയിലേക്കും ഇത് നയിക്കുമെന്ന് ജിഡബ്ല്യുഇസിയുടെ സെക്രട്ടറി ജനറല്‍ സ്റ്റീവ് സായര്‍ പറയുന്നു. നാം ഒരു വലിയ മാറ്റത്തിന്റെ പാതയിലാണെന്നും പരമ്പരാഗതമായ വ്യവസ്ഥിതികളില്‍ നിന്നും മലിനീകരണമുണ്ടാക്കുന്ന പ്ലാന്റുകളില്‍ നിന്നും മാറി പുനര്‍ നിര്‍മാണ ഊര്‍ജ്ജത്തിന്റെ കാലഘട്ടത്തിലേക്ക് എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

വളര്‍ച്ച അതിവേഗം

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുതിയ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാനും അവിടെ യന്ത്രങ്ങള്‍ സ്ഥാപിച്ച് ഓരോവര്‍ഷവും ആറ് ജിഗാവാട്ട്‌സ് ശേഷികൂടി കൂട്ടിച്ചേര്‍ക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ സമീപകാലത്തുണ്ടായ നിക്ഷേപക താല്‍പര്യം, വിന്‍ഡ് എനര്‍ജിയിലെ നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്നിവയെല്ലാം മികച്ച വളര്‍ച്ചയിലേക്കെത്തിക്കുമെന്നാണ് സൂചന. ഇന്ത്യ തീര്‍ച്ചയായും ഈ മേഖലയില്‍ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുമെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍പേര്‍സണും ചീഫ് എക്‌സിക്യൂട്ടീവുമായ ഗിരീഷ് ബി പ്രധാന്‍ പറയുന്നു. വിന്‍ഡ് സെക്റ്ററിന്റെ പ്രകടനം അതിശയം ജനിപ്പിക്കുന്നതാണെന്നും വിന്‍ഡര്‍ജീ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഈ വര്‍ഷം കാറ്റില്‍ നിന്ന് ആറ് ജിഗാവാട്ട്‌സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്രൊജക്റ്റ് ഇന്ത്യ ലേലം ചെയ്യുമെന്ന് കേന്ദ്ര ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം (എംഎന്‍ആര്‍ഇ) സെക്രട്ടറി രാജീവ് കപൂര്‍ പറഞ്ഞു. ഇതിന് പുറമേ സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 2 ജിഗാവാട്ട്‌സ് അടുത്ത ഒരു മാസത്തിലുള്ളില്‍ ലേലം ചെയ്യുമെന്നും കപൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ വിന്‍ഡ് പവര്‍ ലേലം നടന്നത് 2017 ഫെബ്രുവരിയിലാണ്. ഒരു കിലോവാട്ട് അവറിന് 3.46 രൂപ എന്ന ഏറ്റവും ചെറിയ താരിഫിലാണ് അന്ന് ലേലം നടന്നത്. മുന്‍പുണ്ടായിരുന്ന 4.6 രൂപ എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിലെ ഇടിവ് മനസിലാക്കാം. എന്നാല്‍ അന്തര്‍ദേശീയ പ്രദേശിക തലത്തില്‍ മികച്ച വിതരണം സാധ്യമാക്കി ഏഷ്യയിലെ ഏറ്റവും വലിയ വിന്‍ഡ് മാര്‍ക്കറ്റില്‍ രണ്ടാം സ്ഥാനത്തായി ഇന്ത്യ തുടരുകതന്നെ ചെയ്യും. ഇന്ത്യന്‍ വിന്‍ഡ് മാര്‍ക്കറ്റ് ഇപ്പോള്‍ പരിപൂര്‍ണതയില്‍ എത്തിയിട്ടുണ്ടെന്നും 2022 ഓടെ നമ്മുടെ പുനര്‍ നിര്‍മിത ഊര്‍ജ്ജ ശേഷി 175 ജിഗാവാട്ടിലെത്തുമെന്നും അതില്‍ തന്നെ 60 ജിഗാവാട്ട്‌സും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ സംഭാവനായിരിക്കുമെന്നും രാജ്യത്തെ ഏറ്റവും മികച്ച വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാക്കളായ സുസ്ലോണ്‍ ഗ്രൂപ്പ് ചെയര്‍പേര്‍സണും മാനേജിംഗ് ഡയറക്റ്ററുമായ തുള്‍സി ആര്‍ ടാന്റി പറഞ്ഞു. കൃത്യമായ ചുവടുവെയ്പില്‍ ഓരോ വര്‍ഷവും ഈ മേഖലയ്ക്ക് 10 ജിഗാവാട്ട്‌സ് ശേഷി നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരീസ് പ്രതിജ്ഞ ഏറ്റെടുത്ത്

പുനര്‍നിര്‍മിത ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ വളരെ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. 2027ഓടെ രാജ്യത്തെ വൈദ്യുതിയുടെ 56.5 ശതമാനവും ഫോസില്‍ ഇതര ഇന്ധന സ്രോതസുകളില്‍ നിന്നായിരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പാരീസ് ഉടമ്പടിയുടെ ഭാഗമായി രാജ്യത്തെ 40 ശതമാനം ഊര്‍ജ്ജപരമായ ആവശ്യങ്ങളും 2030ഓടെ ഫോസില്‍ ഇതര ഇന്ധന സ്രോതസുകളില്‍ നിന്നുമായിരിക്കും. പുനര്‍നിര്‍മിക്കാവുന്നതില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഇന്ത്യന്‍ ശേഷിയുടെ 57 ശതമാനമാകുമെന്നും ജിഡബ്ല്യുഇസി വ്യക്തമാക്കുന്നു. 2016ല്‍ ആഗോള വിപണിയുടെ 6.6 ശതമാനം വരെയായിരുന്നു ഇന്ത്യയുടെ വിന്‍ഡ് പവര്‍ ഇന്‍സ്റ്റലേഷനുകള്‍. 2016ല്‍ കാറ്റ് കൂടുതലുള്ള സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കാറ്റാടിപ്പാടങ്ങളും കൂടുതലായി സ്ഥാപിക്കപ്പെട്ടു.

വന്‍കിട സ്വകാര്യ ഊര്‍ജ്ജോല്‍പാതകരായ റിന്യൂ പവര്‍, ഹീറോ ഫ്യൂച്ചര്‍, കോണ്ടിനം, ഓറഞ്ച്, മിത്ര, ഓറിയന്റല്‍ ഗ്രീന്‍ പവര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊജക്റ്റുകള്‍ നിര്‍മിച്ചത്. പ്രധാനമായും സംസ്ഥാന തലങ്ങളില്‍ അവരുടെ നയങ്ങളില്‍ കൂടുതല്‍ വ്യക്തത ഈ മേഖലയ്ക്ക് ഉണ്ടാവണമെന്ന് റിന്യൂ പവര്‍ വെഞ്ചേഴ്‌സിന്റെ ചെയര്‍പേര്‍സണും മാനേജിംഗ് ഡയറക്റ്ററുമായ സുമന്ത് സിന്‍ഹ പറയുന്നു. ഇലക്ട്രിസിറ്റി ഗ്രിഡുമായി സംയോജിപ്പിക്കുക എന്നത് പുനര്‍നിര്‍മാണ ഊര്‍ജ്ജത്തിന് എക്കാലവും വെല്ലുവിളിയാണ്. ഇതിനെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഹരിതോര്‍ജ്ജ ഇടനാഴി ഇതിന് ഒരു ഉദാഹരണമാണ്. പവര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയാണ് ഇതിന്റെ പരമമായ ലക്ഷ്യം.

Comments

comments

Categories: FK Special