സമ്പദ് വ്യവസ്ഥയില്‍ നമോ പ്രഭാവം

സമ്പദ് വ്യവസ്ഥയില്‍ നമോ പ്രഭാവം

ഒരു സര്‍ക്കാരിന്റെ സാമ്പത്തിരകരംഗത്തെ പ്രകടനം വിലയിരുത്തുന്നതില്‍ കണക്കുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് മൂന്ന് വര്‍ഷം തികയുമ്പോള്‍ ഈ സാമ്പത്തിക കണക്കുകളില്‍ പലതും പ്രധാനമന്ത്രിക്ക് അനുകൂലമാണ്

സാമ്പത്തിക രംഗത്ത് വളരെയേറെ പ്രതീക്ഷ നല്‍കി ആയിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 മേയ് മാസത്തില്‍ അധികാരമേറ്റെടുത്തത്. ഓഹരി വിപണി കുതിക്കുമെന്നും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വലിയ വളര്‍ച്ച കൈവരിക്കുമെന്നും എല്ലാമായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബിസിനസ് ലോകവും സമൂഹവുമെല്ലാം വലിയ പ്രതീക്ഷകളിലുമായിരുന്നു. മോദി സര്‍ക്കാര്‍ വലിയ പരിക്കൊന്നുമില്ലാതെ മൂന്ന് വര്‍ഷം തികയ്ക്കുമ്പോള്‍ സാമ്പത്തിക രംഗത്ത് സംഭവിച്ചത് ഏത് തരത്തിലുളഌമാറ്റമാണെന്ന് വിലയിരുത്താന്‍ പലരും അത്യുത്സാഹം കാണിക്കുന്നുണ്ട്.

ഒരു സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രകടനം വിലയിരുത്തുന്നത് എപ്പോഴും കണക്കുകളുടെ അടിസ്ഥാനത്തിലാണ്. നിലവിലെ സാമ്പത്തിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ പലതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമാണെന്നതാണ് വസ്തുത. അദ്ദേഹം വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ അഥവാ നല്ല ദിനങ്ങള്‍ എല്ലാ ഭാരതീയര്‍ക്കും കൈവന്നു എന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്. മറിച്ച് സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ടു, എത്രമാത്രം നരേന്ദ്ര മോദിയുടെ ഭരണത്തെ വിമര്‍ശിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണ്.

2016 സാമ്പത്തിക വര്‍ഷം വരെ ജിഡിപി വളര്‍ച്ചയില്‍ വര്‍ധന തന്നെയായിരുന്നു. അതിനു ശേഷം നേരിയ മന്ദഗതി നേരിട്ടുവെന്നത് വാസ്തവം. എങ്കിലും ശരാശരി വാര്‍ഷിക വളര്‍ച്ച 1.2 ശതമാനത്തോളം ഉയര്‍ന്നാണ് നില്‍ക്കുന്നത്. വ്യാവസായിക വളര്‍ച്ചയുടെ കാര്യത്തിലും ഇതുതന്നെയാണ് കാണുന്നത്.

സുപ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി വ്യാവസായിക വളര്‍ച്ച 3.4 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 4.1 ശതമാനമായി വര്‍ധിച്ചു. പണപ്പെരുപ്പത്തിന്റെ കാര്യത്തിലും രാജ്യത്തിന് നേട്ടം കൈവരിക്കാനായി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 9.3 ശതമാനത്തില്‍ നിന്ന് 5.1 ശതമാനത്തിലേക്കും മൊത്ത വില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7 ശതമാനത്തില്‍ നിന്ന് .3 ശതമാനത്തിലേക്കും താഴ്ന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ 2015-16 സാമ്പത്തിക വര്‍ഷം 29 ശതമാനം വളര്‍ച്ചയാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013-14 വര്‍ഷത്തെ 36 ബില്ല്യണ്‍ ഡോളറില്‍ നിന്നും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 60.08 ബില്ല്യണ്‍ ഡോളര്‍ ആയാണ് നേരിട്ടുള്ള വിദേശ നിക്ഷേപം കുതിച്ചത്

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്തു. സാമ്പത്തിക ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എണ്ണ വിലയിലെ ഇടിവ് പിന്തുണയേകി. വിദേശ കരുതല്‍ ധനശേഖരത്തിന്റെ കാര്യത്തിലും മോദി ഭരണകാലത്ത് വന്‍ നേട്ടമാണുണ്ടായത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 10 ബില്ല്യണ്‍ ഡോളറായിരുന്നെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് കൂടിയത് 66 ബില്ല്യണ്‍ ഡോളറിലേക്കാണ്.

ഡോളര്‍ ശക്തി പ്രാപിച്ചെങ്കിലും രൂപയുടെ മൂല്യത്തില്‍ മികച്ച കാര്യങ്ങളാണ് സംഭവിച്ചത്. യുപിഎ സര്‍ക്കാരിന്റെ അവസാന മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവ് വളരെ കുറവാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിലും വന്‍കുതിപ്പാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി വാര്‍ഷിക എഫ്ഡിഐ 39 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അത് ഉയര്‍ന്നത് 50 ബില്ല്യണ്‍ ഡോളറിലേക്കാണ്.

അധികാരമേറ്റെടുത്ത ശേഷം എഫ്ഡിഐ നയത്തില്‍ നരേന്ദ്ര മോദി രണ്ട് തവണ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിരുന്നു. 2015 നവംബറിലും 2016 ജൂണിലുലം. ഇതനുസരിച്ചാണ് ഒരു ഡസനിലധികം മേഖലകളില്‍ എഫ്ഡിഐ മാനദണ്ഡങ്ങള്‍ ലഘൂകരിക്കപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ്, ഫാര്‍മ, ഫുഡ് മാര്‍ക്കറ്റിംഗ്, ഏവിയേഷന്‍, പ്രതിരോധം, ബാങ്കിംഗ് തുടങ്ങി നിരവധി മേഖലകളില്‍ ഇതിന്റെ ഫലം കണ്ടു.

അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ധോള-സാദിയ പാലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഈ പാലം മോദിയാണ്‌ രാജ്യത്തിന് സമര്‍പ്പിച്ചത്‌

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ 2015-16 സാമ്പത്തിക വര്‍ഷം 29 ശതമാനം വളര്‍ച്ചയാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013-14 വര്‍ഷത്തെ 36 ബില്ല്യണ്‍ ഡോളറില്‍ നിന്നും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 60.08 ബില്ല്യണ്‍ ഡോളര്‍ ആയാണ് നേരിട്ടുള്ള വിദേശ നിക്ഷേപം കുതിച്ചത്.

വെല്ലുവിളികള്‍ ഏറെയുണ്ട്

സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുന്നുണ്ടെങ്കിലും നിരവധി വെല്ലുവിളികള്‍ മോദി സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട വിഷയം. 2017 സാമ്പത്തിക വര്‍ഷത്തില്‍ 9 ശതമാനത്തോളമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. ഇന്ത്യന്‍ ഗ്രോത് സ്‌റ്റോറിക്ക് വലിയ വിഘാതം സൃഷ്ടിക്കുന്ന ഒന്നാണത്.

പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന ക്ഷമതയെ കാര്യമായി ബാധിക്കുന്ന തരത്തിലേക്ക് കിട്ടാക്കടം മാറിയിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചങ്ങാത്ത മുതലാളിത്ത പ്രവണതകളും രാഷ്ട്രീയ സ്വാധീനവുമാണ് കിട്ടാക്കടം പെരുകുന്നതിന്റെ പ്രധാനകാരണങ്ങള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കപ്പെടേണ്ട ആളാണ് മദ്യ രാജാവ് വിജയ് മല്ല്യ. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്ല്യയെപ്പോലുള്ള ബിസിനസുകാര്‍ക്ക് കൈത്താങ്ങാകുന്നത് രാഷ്ട്രീയക്കാരാണെന്നത് വസ്തുതയാണ്. രാഷ്ട്രീയ സ്വാധീനത്താലാണ് പലപ്പോഴും വന്‍കിട ലോണുകള്‍ വ്യവസായികള്‍ക്ക് അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ലഭ്യമാകുന്നത്.

പൊതുമേഖലാ ബാങ്കുകളെ സ്വതന്ത്രമായി നിലനിര്‍ത്തുന്നതിനോടൊപ്പം ബാങ്കിംഗ് രംഗത്ത് സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് കിട്ടാക്കടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന് കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. കിട്ടാക്കടം തിരിച്ചുപിടിച്ച് ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുന്നതിന് ബാങ്കുകളുടെ മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.

ഇന്ത്യയെ സംബന്ധിച്ചടത്തോളം 10 ശതമാനം വളര്‍ച്ചാ നിരക്കില്‍ എത്തുകയെന്നത് സാധ്യമാണ്. ഏറെ ശ്രമകരമായ ദൗത്യമാണ് അതെങ്കിലും നേടാവുന്നതേയുള്ളൂ. ഇന്ത്യയുടെ ജനസംഖ്യയും വിഭവശേഷിയും വെച്ച് നോക്കുമ്പോള്‍ 10 ശതാനം വളര്‍ച്ചാ നിരക്ക് ഒരു ആര്‍ഭാടമല്ല, മറിച്ച് അനിവാര്യതയാണെന്നാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മന്‍ ഷണ്‍മുഖരത്‌നം പറഞ്ഞത്

കള്ളപ്പണത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വേഗം കുറച്ചെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നത് തന്നെയാണ് പ്രതീക്ഷ.

ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ശുഭപ്രതീക്ഷയാണ് കാണുന്നത്. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ഇത് അസ്ഥാനത്തല്ലെന്ന് തെളിയിക്കാനായിരിക്കണം അടുത്ത രണ്ട് വര്‍ഷങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ മാത്രമേ പുതിയ ഇന്ത്യയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകൂ.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 7.6 ശതമാനമായിരുന്നു യുഎന്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ അതില്‍ വര്‍ധന വരുത്തിയത് രാജ്യത്തിന്റെ പോക്ക് ശരിയായ ദിശയിലാണെന്നതിന് തെളിവാണ്. നോട്ട് അസാധുവാക്കല്‍ തീര്‍ത്ത താല്‍ക്കാലിക പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഊര്‍ജ്ജസ്വലമായി മുന്നോട്ടു പോകുന്നുവെന്നും ധനകാര്യ നയങ്ങളും സാമ്പത്തിക പരിഷ്‌കരണങ്ങളും ഇന്ത്യയുടെ വളര്‍ച്ചാ വേഗം ത്വരിതപ്പെടുത്തുമെന്നും യുഎന്‍ നിരീക്ഷിക്കുന്നുണ്ട്.

ഐഎംഎഫ് ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ വളര്‍ച്ച 7.7 ശതമാനം ആകുമെന്നായിരുന്നു വിലയിരുത്തിയത്. യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക് നടത്തിയ സര്‍വേ അനുസരിച്ച് രാജ്യം 7.5 ശതമാനം വളര്‍ച്ച 2018ല്‍ നേടുമെന്ന് പറയുന്നു. ചെറിയ വ്യത്യാസങ്ങളേ ഈ പ്രതീക്ഷാ കണക്കുകളിലുള്ളൂ. അതിനര്‍ത്ഥം സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഫലം കാണുന്നുവെന്ന് തന്നെയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു സര്‍വേയില്‍ 61 ശതമാനം ജനങ്ങളും നരേന്ദ്ര മോദിയുടെ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ സംതൃപ്തരാണെന്നാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പ്രധാനപ്പെട്ട ചില മേഖലകളില്‍ വേഗം പുരോഗതി കൈവരിക്കണമെന്നും അവര്‍ പറയുന്നു. എല്ലാവര്‍ക്കും വികസനം എന്ന അജണ്ടയുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ആ ലക്ഷ്യം മുന്‍നിര്‍ത്തി പരിഷ്‌കരണങ്ങളില്‍ ശ്രദ്ധയൂന്നനാണ് സര്‍ക്കാര്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ശ്രമിക്കേണ്ടത്. ഇതുവരെ വലിയ ആരോപണങ്ങളൊന്നും സര്‍ക്കാരിനെതിരെ ഉയര്‍ന്നില്ല എന്നതും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം നല്‍കും.

ഇന്ത്യയെ സംബന്ധിച്ചടത്തോളം 10 ശതമാനം വളര്‍ച്ചാ നിരക്കില്‍ എത്തുകയെന്നത് സാധ്യമാണ്. ഏറെ ശ്രമകരമായ ദൗത്യമാണ് അതെങ്കിലും നേടാവുന്നതേയുള്ളൂ. ഇന്ത്യയുടെ ജനസംഖ്യയും വിഭവശേഷിയും വെച്ച് നോക്കുമ്പോള്‍ 10 ശതാനം വളര്‍ച്ചാ നിരക്ക് ഒരു ആര്‍ഭാടമല്ല, മറിച്ച് അനിവാര്യതയാണെന്നാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മന്‍ ഷണ്‍മുഖരത്‌നം പറഞ്ഞത്. അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് ഇന്ത്യ ഫോറുകളും സിക്‌സറുകളുമാണ് പായിക്കേണ്ടത്, സിംഗിളുകള്‍ എടുത്തല്ല മുന്നേറേണ്ടത് എന്നാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യത്തിനായിരിക്കണം മറ്റെന്തിനേക്കാളും പ്രധാനമന്ത്രി പ്രാധാന്യം നല്‍കേണ്ടത്.

Comments

comments

Categories: Editorial, Top Stories