ഞാനിപ്പോഴും ആവര്‍ത്തിക്കുന്നു 2024ല്‍ സെന്‍സെക്‌സ് ഒരു ലക്ഷത്തിലെത്തും: മാര്‍ക് ഗാലസിയേവ്‌സ്‌കി

ഞാനിപ്പോഴും ആവര്‍ത്തിക്കുന്നു 2024ല്‍ സെന്‍സെക്‌സ് ഒരു ലക്ഷത്തിലെത്തും: മാര്‍ക് ഗാലസിയേവ്‌സ്‌കി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാവി പ്രകടനം പ്രവചിച്ച് എലിയറ്റ് വേവ് ഇന്റര്‍നാഷണല്‍ അനലിസ്റ്റ് മാര്‍ക് ഗാലസിയേവ്‌സ്‌കി രംഗത്ത്. 2024 ഓടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,00,000 എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അനുകൂല സമയമാണിത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓഹരി വിപണി സംബന്ധിച്ച് ഭയപ്പെടേണ്ടതില്ലെന്നും മാര്‍ക്ക് അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവെച്ചത്.

ദീര്‍കാലാടിസ്ഥാനത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന വളര്‍ച്ച പ്രവണതയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉയര്‍ന്ന പ്രവണത ശക്തമാണ്. എലിയറ്റ് വേവിന്റെ വിലയിരുത്തല്‍ പ്രകാരം 1979ല്‍ നിന്നും സെന്‍സെക്‌സിലുണ്ടായ പുരോഗതി അത്ര വേഗത്തിലുള്ളതാണെന്നും മാര്‍ക് പറയുന്നു. മുന്‍കാല റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടുള്ള മുന്നേറ്റത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി. ആഗോള തലത്തില്‍ നിന്നുള്ള അനുകൂലാന്തരീക്ഷവും സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആഘാതങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് മികച്ച പ്രകടനത്തിലേക്കുള്ള കമ്പനികളുടെ തിരിച്ചുവരവും കാലവര്‍ഷം സംബന്ധിച്ച പ്രതീക്ഷകളും ഓഹരി വിപണിയിലുള്ള ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഈ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് മാര്‍കിന്റെ പ്രതികരണം.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പങ്കാളിത്തം കൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഓഹരി നിക്ഷേപത്തിന്റെ 85 ശതമാനത്തോളം ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നാണെന്ന് അടുത്തിടെ വായിച്ചിരുന്നു. 15 പ്രധാന നഗരങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നാല്‍, ഓഹരി നിക്ഷേപത്തിന്റെ അടിത്തറ ചെറു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്’, അദ്ദേഹം വ്യക്തമാക്കി. 2009ല്‍ ഇക്കണോമിക് ടൈംസിന് സെന്‍സെക്‌സിന്റെ 15 വര്‍ഷത്തെ പ്രവചനം നല്‍കിയിരുന്നതായും 2024ല്‍ ഇത് 100,000 എത്തുമെന്ന് ആവര്‍ത്തിക്കുകയാണെന്നും മാര്‍ക്ക് വിശദീകരിച്ചു. ഈ പ്രവചനത്തില്‍ മാറ്റം വരുത്താന്‍ തക്ക കാരണങ്ങളുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Top Stories