31,000 പോയ്ന്റ് മറികടന്ന് സെന്‍സെക്‌സ്

31,000 പോയ്ന്റ് മറികടന്ന് സെന്‍സെക്‌സ്
വന്‍കിട കമ്പനികളുടെ നാലാം പാദ റിപ്പോര്‍ട്ട് വിപണിക്ക് ഉണര്‍വേകി

മുംബൈ: ഓഹരി വിപണിയില്‍ ആവേശ കുതിപ്പ് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 31,000 പോയ്ന്റ് കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9600 പോയ്ന്റിലേക്കെത്തുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെ സെന്‍സെക്‌സ് 279 പോയ്ന്റ് ഉയര്‍ന്ന് 31,029 എന്ന നിലയിലാണ് വ്യാപാരം നടത്തിയത് ഇതേ സമയം നിഫ്റ്റി 75 പോയ്ന്റ് ഉയര്‍ന്ന് 9591ലും വ്യാപാരം തുടര്‍ന്നു.

ഏപ്രില്‍ 26ന് തുടങ്ങിയ ഓഹരി വിപണിയിലെ ആവേശം വെറും ഇരുപത്തൊന്ന് ദിവസം മാത്രമെടുത്താണ് 30,000 എന്ന തലത്തില്‍ നിന്നും 31,000 എന്ന സര്‍വകാല റെക്കോഡിലെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ മൂന്ന് ഓഹരികള്‍ 100 ശതമാനത്തിലേറെയും 32 ഓഹരികള്‍ 50 ശതമാനത്തിലേറെയും 167 ഓഹരികള്‍ 20 ശതമാനവും ഉയര്‍ച്ച പ്രകടമാക്കി.
ഇന്ത്യന്‍ ഓഹരി വിപണി സംബന്ധിച്ച് ശുഭപ്രതീക്ഷകളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പങ്കുവെക്കുന്നത്. നിക്ഷേപ സാധ്യതകളും ബിസിനസ് സൗഹൃദ അന്തരീക്ഷവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്കു കടക്കുന്ന ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടം കുറിച്ചതെന്നതും ശ്രദ്ധേയമാണ്.

ബാങ്കിംഗ്, ഓട്ടോമൊബീല്‍ മേഖലകളിലെ മുന്നേറ്റവും വിപണിയിലേക്ക് വന്ന സുസ്ഥിരമായ വിദേശ നിക്ഷേപവും മണ്‍സൂണ്‍ നേരത്തെയെത്തും എന്ന പ്രവചനവും ചരിത്ര നേട്ടത്തിലേക്ക് എത്താന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍. കൂടാതെ വന്‍കിട കമ്പനികളുടെ നാലാം പാദ റിപ്പോര്‍ട്ട് പുറത്തു വന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനയും ഓഹരി വിപണിയില്‍ പ്രോത്സാഹനമായെന്നും അഭിപ്രായമുണ്ട്.

ബ്ലൂചിപ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഐടിസി, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിവയാണ് ഓഹരി വിപണിയില്‍ പ്രധാനമായും നേട്ടം കൊയ്തത്. വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ഡെന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടം രേഖപ്പെടുത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പിന്റെ ഓഹരി വില ആദ്യമായി വ്യാപാരത്തിന്റെ മൂന്ന് സെഷനുകളിലും ഇടിഞ്ഞു. നാലാം പാദത്തില്‍ അറ്റ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സിപ്ല വ്യാപാരം നടത്തിയത്.

Comments

comments

Categories: Top Stories