ഉന്നത ഉദ്യോഗസ്ഥര്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വിട്ടു

ഉന്നത ഉദ്യോഗസ്ഥര്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വിട്ടു
ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ സെയ്ല്‍സ് ഡിവിഷന്‍ 
ഇപ്പോള്‍ നാഥനില്ലാത്ത കളരി

മുംബൈ/ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍നിന്ന് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചു. ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിട്ടതും 1,500 ഓളം പേരെ പിരിച്ചുവിടാനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനവും ഇന്ത്യന്‍ ഓട്ടോമൊബീല്‍ വ്യവസായ രംഗത്ത് നിരാശ പടര്‍ത്തിയതിനുപിന്നാലെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ സെയ്ല്‍സ് ഡിവിഷന്‍ ഇപ്പോള്‍ നാഥനില്ലാത്ത കളരിയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ വാഹന വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ഫോക്‌സ്‌വാഗണ് ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക് വലിയ വെല്ലുവിളിയാകും.

സെയ്ല്‍സ് മേധാവി പങ്കജ് ശര്‍മ്മ, കോര്‍പ്പറേറ്റ് സെയ്ല്‍സ് നാഷണല്‍ ഹെഡ് നീരവ് ഷാ, സൗത്ത് സെയ്ല്‍സ് മാനേജര്‍ രവി പ്രകാശ് എന്നിവരാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വിട്ടത്. വരും ആഴ്ച്ചകളില്‍ കൂടുതല്‍ പേര്‍ പടിയിറങ്ങുമെന്നാണ് കരുതുന്നത്. നിലവില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് മേധാവിയില്ല എന്നതാണ് പ്രധാനപ്പെട്ട സംഗതി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയ്ല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മേധാവി തിയറി ലെസ്പിയാക്കിന് ഇപ്പോള്‍ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കുന്നതിന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വിസമ്മതിച്ചു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ സ്വതന്ത്ര ഇന്ത്യന്‍ കമ്പനിയുടെ മേധാവികളും സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളും ഇടയ്ക്കിടെ മാറുന്നത് ബിസിനസ്സിനെ ബാധിക്കുന്നതായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. 2012 ല്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്കും സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡീലര്‍ ഡെവലപ്‌മെന്റ് വിഭാഗങ്ങളിലും പുതിയ മേധാവികള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ കമ്പനി വിടുകയായിരുന്നു.

മാരുതി സുസുകിയും ഹ്യുണ്ടായ് മോട്ടോറും നിറഞ്ഞുകളിക്കുന്ന ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മറ്റ് വാഹന നിര്‍മ്മാതാക്കള്‍ വര്‍ഷത്തില്‍ രണ്ട് ലക്ഷം വാഹനങ്ങളെങ്കിലും വില്‍ക്കണമെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് പാര്‍ട്ണര്‍ അബ്ദുള്‍ മജീദ് നിരീക്ഷിച്ചു.

Comments

comments

Categories: Business & Economy