സാംസംഗ് ഇലക്ട്രോണിക്‌സ് നിക്ഷേപ സ്ഥാപനം തുടങ്ങുന്നു

സാംസംഗ് ഇലക്ട്രോണിക്‌സ് നിക്ഷേപ സ്ഥാപനം തുടങ്ങുന്നു
ലക്ഷ്യം വിതരണക്കാരെ സഹായിക്കല്‍

സോള്‍: ബഹുരാഷ്ട്ര കമ്പനി സാംസംഗ് ഇലക്ട്രോണിക്‌സ് ചെറുകിട വിതരണക്കാരെ സഹായിക്കുന്നതിലേക്കായി 445 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ സ്ഥാപനം തുടങ്ങുന്നു. ചെറുകിട ബിസിനസുകളെ സംരക്ഷിക്കണമെന്ന പുതിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കമ്പനിയിലെ കരാര്‍ ജോലികള്‍ ഒഴിവാക്കണമെന്നും മിനിമം ശമ്പളം ഉയര്‍ത്തണമെന്നും ജോലി സമയം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സാംസംഗ് ഇലക്ട്രോണിക്‌സിന്റെ വിതരണക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശരഹിത വായ്പയെടുക്കാന്‍ പുതിയ നിക്ഷേപ സ്ഥാപനം അവസരമൊരുക്കും.

ഇതുവഴി സബ്‌കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് വേഗത്തില്‍ പണം നല്‍കാന്‍ വിതരണക്കാര്‍ക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം അവസാനം വിതരണക്കാരുമായുള്ള ചര്‍ച്ചയ്ക്ക്‌ശേഷമാണ് ഫണ്ട് സ്ഥാപിക്കാന്‍ കമ്പനി തീരുമാനിച്ചത്. തൊഴിലിനെ പിന്തുണയ്ക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ദക്ഷിണ കൊറിയയിലെ മറ്റു കമ്പനികളും അടുത്തിടെ സമാന നീക്കങ്ങളാരംഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷിക സഹകരണസംഘം 5,245 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് അറിയിക്കുകയുണ്ടായി.

ബാങ്ക്, ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല തുടങ്ങിയവ ഉള്‍പ്പെടെ ഒരു ഡസണ്‍ അംഗീകൃത കമ്പനികളിലായി 35,000 മുഴുവന്‍ സമയ, താല്‍ക്കാലിക ജോലിക്കാര്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോര്‍പ്പറേറ്റീവ് ഫെഡറേഷനു കീഴിലുണ്ട്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ എസ്‌കെ ടെലികോമിന്റെ സഹസ്ഥാപനം എസ്‌കെ ബ്രോഡ്ബാന്‍ഡ് 5,200 ജീവനക്കാര്‍ക്കുവേണ്ടി സര്‍വീസ് സബ്‌സിഡിയറി സ്ഥാപിക്കാന്‍ ആലോചിക്കുന്നുവെന്ന് വാര്‍ത്ത ഏജന്‍സിയായ യോനാപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments

comments

Categories: Business & Economy