എണ്ണ വിപണിയുടെ തിരിച്ചുകയറ്റം പ്രതീക്ഷിച്ച് ഒപെക്

എണ്ണ വിപണിയുടെ തിരിച്ചുകയറ്റം പ്രതീക്ഷിച്ച് ഒപെക്
വിയന്നയില്‍ നടന്ന അംഗങ്ങളുടെ മീറ്റിംഗിലാണ് ഒന്‍പത് മാസത്തേക്കുകൂടി എണ്ണ ഉല്‍പ്പാദനം
വെട്ടിച്ചുരുക്കിയ കരാര്‍ നീട്ടാന്‍ ധാരണയായത്

വിയന്ന: എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയെ മറികടക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചുകൊണ്ടുള്ള ഒപെക്കിന്റെ കരാര്‍ ഒന്‍പത് മാസത്തേക്കുകൂടി നീട്ടാന്‍ തീരുമാനമായി. ആഗോള മാര്‍ക്കറ്റിലുള്ള അമിത വിതരണം ഇല്ലാതാക്കാന്‍ കഴിയാതിരുന്നതും എണ്ണ വിലയില്‍ മുന്നേറ്റമുണ്ടായതുമാണ് നിയന്ത്രണം നീട്ടാന്‍ കാരണമായത്. ഇതോടെ 2018 മാര്‍ച്ച് വരെ നിയന്ത്രണം നിലനില്‍ക്കും.

വിയന്നയില്‍ നടന്ന അംഗങ്ങളുടെ മീറ്റിംഗിലാണ് മാര്‍ച്ച് വരെ തീരുമാനം നീട്ടാന്‍ ധാരണയായതെന്ന് കുവൈറ്റ് ഓയില്‍ മന്ത്രി അസ്സം അല്‍മാര്‍സൂഖ് പറഞ്ഞു. നൈജീരിയയേയും ലിബിയയേയും ഉല്‍പ്പാദന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. ഉല്‍പ്പാദനം വര്‍ധിപ്പിച്ച് നിലവിലെ ഉല്‍പ്പാദന പരിധിയിലേക്ക് എത്തിക്കാന്‍ ഇറാന് അനുവാദം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 24 രാജ്യങ്ങള്‍ ചേര്‍ന്ന് ആറ് മാസത്തേക്കായാണ് കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഉല്‍പ്പാദനം കുറച്ചത് ഏറ്റവും ഗുണം ചെയ്തത് യുഎസ് ഷെയില്‍ ഓയിലിനാണ്. അവരുടെ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. വിതരണം ചുരുങ്ങിയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ഓവര്‍ പ്രൊഡക്ഷന്‍ ഇല്ലാതാക്കാന്‍ ഈ വര്‍ഷം അവസാനം വരെ കഴിയില്ലെന്നാണ് മന്ത്രിമാരുടെ വിലയിരുത്തല്‍.

ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പുതന്നെ നിയന്ത്രണം നീട്ടുന്നതില്‍ ഒപെക് രാജ്യങ്ങള്‍ക്കുള്ള താല്‍പ്പര്യം കരാറില്‍ പങ്കാളികളായ മറ്റ് ഒപെക് ഇതര രാജ്യങ്ങളെ അറിയിച്ചിരുന്നു. റഷ്യ ഉള്‍പ്പടെയുള്ള 11 ഒപെക് ഇതര രാജ്യങ്ങളാണ് ഡിസംബറിലെ കരാറില്‍ ഒപ്പുവച്ചത്. പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കി കുറച്ച് വിതരണം പരിമിതപ്പെടുത്താനായിരുന്നു ലക്ഷ്യം. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തേക്കായിരുന്നു നിയന്ത്രണം. എണ്ണ വില 20 ശതമാനം വരെ വര്‍ധിക്കാന്‍ കാരണമായതിനാല്‍ കരാറില്‍ ഒപെക് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി പ്രാവര്‍ത്തികമാണെന്ന് സൗദി ഓയില്‍ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സ്റ്റോക്ക് കുറഞ്ഞത് മൂന്നാം പാദത്തിന് ഗുണം ചെയ്യുമെന്നും അടുത്ത വര്‍ഷത്തെ ആദ്യ പാദത്തോടെ ചരക്ക് നീക്കം അഞ്ച് വര്‍ഷത്തെ ശരാശരിയില്‍ താഴെയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ഷെയ്‌ലിന്റെ ഉല്‍പ്പാദനം വര്‍ധിക്കുന്നത് ഒപെക് രാജ്യങ്ങളുടെ ലക്ഷ്യങ്ങളെ ബാധിക്കില്ലെന്നും ഒന്‍പത് മാസത്തേക്ക് കരാര്‍ നീട്ടുന്നത് ഗുണകരമാകുമെന്നും അല്‍ ഫലിഹ്.

ഒപെക് രാജ്യങ്ങള്‍, റഷ്യ ഉള്‍പ്പടെയുള്ള അവരുടെ പ്രധാന എതിരാളികള്‍ക്കൊപ്പം ഇത്രയും നീണ്ട കാലത്തേക്ക് യോജിപ്പിലെത്തുന്നത് ആദ്യമായിട്ടാണ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രണ്ട് കക്ഷികളും തമ്മില്‍ യോജിപ്പിലെത്തിയത്. അന്ന് കരാറില്‍ എത്തുന്നതിന് മുന്‍പുതന്നെ അത് അവസാനിപ്പിക്കേണ്ടിവന്നിരുന്നു. നിലവില്‍ ഓയില്‍ ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് ഈ രാജ്യങ്ങളാണ്. യുഎസ്, ചൈന, കാനഡ, നോര്‍വേ, ബ്രസീല്‍ എന്നിവയാണ് മറ്റ് പ്രധാന ഉല്‍പ്പാദകര്‍.

മാര്‍ച്ചില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷം ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഒപെക് എന്ത് നിലപാടെടുക്കും എന്ന കാര്യത്തില്‍ ധാരണയില്ല. ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗനിയെ ഒപെക്കിലെ അംഗമായി ഉള്‍പ്പെടുത്തിയെന്നും അല്‍ ഫാലിഹ് അറിയിച്ചു. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ഉല്‍പ്പാദകരില്‍ ഒരാളാണ് ഇവര്‍. പ്രതിദിനം 2,70,000 ബാരലാണ് ഇവരുടെ ഉല്‍പ്പാദനം.

Comments

comments

Categories: World

Related Articles