കൂടുതല്‍ കരുത്തുറ്റ ഹിമാലയന്‍ വരുന്നു…

കൂടുതല്‍ കരുത്തുറ്റ ഹിമാലയന്‍ വരുന്നു…
പുതിയ ഹിമാലയനില്‍ പാരലല്‍ ട്വിന്‍ എന്‍ജിന്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ്

ന്യൂ ഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് കുറച്ചുകൂടി കരുത്ത് ആകാമായിരുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ നിങ്ങളുടെ ആഗ്രഹം സാധിച്ചുതരുന്നതാണ്. ഉപയോക്താക്കളുടെ ആഗ്രഹം മാനിച്ച് കൂടുതല്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള ഹിമാലയന്റെ പണിപ്പുരയിലാണ് കമ്പനിയെന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച അഡ്വഞ്ചര്‍ ടൂറര്‍ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകളാല്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഹിമാലയന് 8-10 ബിഎച്ച്പി അധികം കരുത്ത് ആകാമായിരുന്നുവെന്ന് വാഹനത്തില്‍ പാഞ്ഞവര്‍ക്കെല്ലാം തോന്നിയിട്ടുണ്ടാകും.

നിലവിലെ മോട്ടോര്‍സൈക്കിള്‍ മോഡലുകളില്‍നിന്ന് കൂടുതല്‍ കരുത്തേറിയ പതിപ്പുകള്‍ പുറത്തിറക്കേണ്ടവയെ തെരഞ്ഞെടുത്തതായി മോട്ടോര്‍സൈക്കിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ ലാല്‍ വ്യക്തമാക്കിയിരുന്നു. ഈ കൂട്ടത്തില്‍ ഹിമാലയന്‍ ഉള്‍പ്പെട്ടതായി അദ്ദേഹം അറിയിച്ചു. വിദേശ വിപണികളില്‍നിന്നല്ല, ഇന്ത്യന്‍ ഉപയോക്താക്കളാണ് വലിയ ഹിമാലയന്‍ പുറത്തിറക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചത്.

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആകെ വില്‍പ്പനയുടെ 96 ശതമാനവും ഇന്ത്യന്‍ വിപണിയിലാണ്. ഹിമാലയന്‍ മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ബൈക്കുകളും കൂടുതല്‍ ഡിസ്‌പ്ലേസുമെന്റുമായി വരും. ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകള്‍ കയറ്റുമതി ചെയ്യാമെന്നും റോയല്‍ എന്‍ഫീല്‍ഡ് കണക്കുകൂട്ടുന്നു.

പുതിയ ഹിമാലയനില്‍ പുതുതായി വികസിപ്പിച്ച ലോംഗ് സ്‌ട്രോക് എന്‍ജിനായിരിക്കും ഉണ്ടാവുക. പാരലല്‍ ട്വിന്‍ എന്‍ജിന്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 24.5 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ, വലിയ ഹിമാലയന്‍ എത്തിയേക്കും.

Comments

comments

Categories: Auto