ഇന്ത്യ- റഷ്യ സാമ്പത്തിക സഹകരണത്തിന് രൂപരേഖ തയാറാകും

ഇന്ത്യ- റഷ്യ സാമ്പത്തിക സഹകരണത്തിന് രൂപരേഖ തയാറാകും
ജൂണ്‍ 1, 2 തീയതികളിലാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തത്തിനു വേണ്ടിയുള്ള സംയുക്ത പദ്ധതി രേഖ പുറത്തിറക്കിയേക്കും. ജൂണ്‍ 1, 2 തീയതികളിലാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തിക പങ്കാളിത്തത്തിനു വേണ്ടിയുള്ള പദ്ധതികളുടെ രൂപരേഖ തയാറാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

റഷ്യയിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റുകള്‍, റഷ്യയുടെ കിഴക്കന്‍ മേഖലകളിലുള്ള കൃഷി ഭൂമിയുടെ ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പാട്ടം, ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബീല്‍ കംപോണന്റുകളുടെ കയറ്റുമതി, റഷ്യയിലേക്കുള്ള പുതിയ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കമ്പനികളുടെ ആഗമനം തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ത്യ-റഷ്യ സഹകരണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴിലുള്ള ഹെവി എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളും റഷ്യന്‍ ടെക് പാര്‍ക്കുകളില്‍ പ്രമുഖ ഇന്ത്യ ഐടി കമ്പനികള്‍ നടത്തുന്ന നിക്ഷേപങ്ങളും റഷ്യന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിപണിയിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവും ഖനന-ധാതു സംസ്‌കരണ മേഖലകളിലുള്ള സഹകരണവും പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രതിരോധ മേഖലയ്ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന് റഷ്യയും ഇന്ത്യയും തീരുമാനിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി. 2014ല്‍ ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ മോദിയും പുടിനും ചേര്‍ന്ന് നടത്തിയിരുന്നു. 2025ഓടെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ 30 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്. 2015ല്‍ 7.83 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് റഷ്യയും ഇന്ത്യയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. ഇതില്‍ 2.26 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മൂല്യം 5.57 ബില്യണ്‍ ഡോളറായിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും റഷ്യയിലേക്ക് കയറ്റി അയക്കുന്നത്. ഇത് പ്രധാനമായും ജനറിക് വിഭാഗത്തിലാണ്. എന്നാല്‍ തദ്ദേശീയമായ ഇറക്കുമതി ബദലുകള്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടുള്ള റഷ്യയുടെ നയം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് തിരിച്ചടിയായി. ഈ വിഭാഗത്തില്‍ നിന്ന് കയറ്റുമതിയിലുണ്ടായ ഇടിവ് റഷ്യയിലേക്കുള്ള ഇന്ത്യയുടെ മൊത്ത കയറ്റുമതിയിലും പ്രതിഫലിച്ചു.

Comments

comments

Categories: Top Stories