ജിഎസ്ടിക്കു മുമ്പ് വില്‍പ്പന കൊഴുപ്പിക്കാന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ അടവുകള്‍ പയറ്റുന്നു

ജിഎസ്ടിക്കു മുമ്പ് വില്‍പ്പന കൊഴുപ്പിക്കാന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ അടവുകള്‍ പയറ്റുന്നു

 

ജിഎസ്ടി വന്നശേഷം ആഡംബര കാര്‍ വാങ്ങാമെന്ന് തീരുമാനിച്ചവരെ ഇപ്പോള്‍ തന്നെ 
ഷോറൂമുകളിലെത്തിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍

ന്യൂ ഡെല്‍ഹി : ഇഷ്ടപ്പെട്ട ആഡംബര കാര്‍ സ്വന്തമാക്കാന്‍ ഒരുപക്ഷേ ഏറ്റവും നല്ല സമയം ഇതായിരിക്കും. ഡെല്‍ഹിയിലെ വിലവിവരമെടുത്താല്‍, മെഴ്‌സിഡസ് ബെന്‍സ് മേബാക്ക് എന്ന അത്യാഡംബര കാര്‍ നിങ്ങള്‍ ഇപ്പോള്‍ വാങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുമുമ്പത്തെ വിലയേക്കാള്‍ ഏഴ് ലക്ഷം രൂപ കുറച്ചുകൊടുത്താല്‍ മതി.

ഇന്ത്യയില്‍ നിര്‍മ്മിച്ച മറ്റ് അനവധി ആഡംബര വാഹനങ്ങള്‍ ഇപ്പോള്‍ ആകര്‍ഷക കാറുകളായി മാറിയിട്ടുണ്ട്. വില ഇളവ്, ആകര്‍ഷകമായ ഫിനാന്‍സിംഗ്, കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ്, സര്‍വീസുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഉപയോക്താക്കള്‍ക്ക് കാഴ്ച്ചവെയ്ക്കുന്നത്. ഇതുവഴി ജിഎസ്ടിയെത്തുംമുമ്പേ വില്‍പ്പന ഉഷാറാക്കുകയാണ് ലക്ഷ്യം. ജിഎസ്ടി പ്രാബല്യത്തിലായാല്‍ ആഡംബര വാഹനങ്ങളുടെ വില നന്നേ കുറയും. നേരത്തെ 55 ശതമാനത്തോളമായിരുന്ന നികുതി ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ 43 ശതമാനമായി കുറയും.

ജിഎസ്ടി വന്നശേഷം ആഡംബര കാര്‍ വാങ്ങാമെന്ന് തീരുമാനിച്ചവരെ ഇപ്പോള്‍ തന്നെ ഷോറൂമുകളിലെത്തിക്കാനാണ് വാഹന നിര്‍മ്മാതാക്കള്‍ അടവുകള്‍ പയറ്റുന്നത്. ആഡംബര കാര്‍ വാങ്ങാന്‍ സാധ്യതയുള്ളവരെ പ്രലോഭിപ്പിച്ച് ചാക്കിട്ടുപിടിക്കുകയാണ് കമ്പനികള്‍. മാത്രമല്ല ജൂലൈ ഒന്ന് വരെയുള്ള വില്‍പ്പന ഇടിവ് തടയുകയും വേണം. മെഴ്‌സിഡസ് ബെന്‍സ് കഴിഞ്ഞ ദിവസം മുഴുവന്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാഹനങ്ങളുടെയും വില ശരാശരി നാല് ശതമാനം കുറച്ചു. നിലവിലെ എക്‌സ് ഷോറൂം വിലയും ജിഎസ്ടിക്കുശേഷമുള്ള വിലയും തമ്മിലുള്ള അന്തരം മെഴ്‌സിഡസ് ബെന്‍സ് ‘കൈകാര്യം’ ചെയ്യുകയായിരുന്നു.

മറ്റൊരു ജര്‍മ്മന്‍ കമ്പനിയായ ബിഎംഡബ്ല്യു മെയ് 19 മുതല്‍ ഒരുപിടി ഓഫറുകള്‍ നല്‍കിവരുന്നു. പുതിയ നികുതി നിരക്കുകളുടെ അടിസ്ഥാനത്തിലുള്ള വില ഇളവുകള്‍ കൂടാതെ 7.90 ശതമാനം നിരക്കില്‍ ഫിനാന്‍സ് സൗകര്യം, മൂന്ന് വര്‍ഷത്തേക്ക് കോംപ്ലിമെന്ററി സര്‍വീസ് ആന്‍ഡ് മെയിന്റനന്‍സ്, ആദ്യ വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ്, നാല് വര്‍ഷം വരെ ബൈബാക്ക് എന്നിവയാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിട്ടുള്ളത്.

കാറുകളെയും എസ്‌യുവികളെയും ഉയര്‍ന്ന നിരക്കായ 28 ശതമാനം നികുതി സ്ലാബിലാണ് ജിഎസ്ടി കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചെറു കാറുകള്‍ക്ക് 1-3 ശതമാനവും വലിയ വാഹനങ്ങള്‍ക്ക് 15 ശതമാനവും സെസ്സ് നല്‍കണം. നിലവില്‍ ആഡംബര വാഹനങ്ങള്‍ക്ക് 55 ശതമാനമാണ് നികുതി. അതായത് ജിഎസ്ടി വരുന്നതോടെ 55 ശതമാനത്തില്‍നിന്ന് 43 ശതമാനമായി ആഡംബര വാഹനങ്ങളുടെയും എസ്‌യുവികളുടെയും നികുതി കുറയും. 12 ശതമാനമാണ് കുറവ് വരുന്നത്. ദീര്‍ഘകാല അളവുകോല് വെച്ച് പരിശോധിച്ചാല്‍ ചരക്ക് സേവന നികുതി നേട്ടമാകുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ കരുതുന്നത്.

ഇന്ത്യയില്‍ അസ്സംബ്ള്‍ ചെയത മെഴ്‌സിഡസ് ബെന്‍സിന്റെ ഒമ്പത് മോഡലുകള്‍ക്ക് ഓഫറുകള്‍ എത്രയും വേഗം ലഭ്യമാകും. CLA, GLA, C class, E class, S class, GLC, GLE, GLS, മേബാക്ക് എന്നീ മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പ്രഖ്യാപിച്ച ശരാശരി നാല് ശതമാനം വില ഇളവ് വിവിധ സംസ്ഥാനങ്ങളിലെത്തുമ്പോള്‍ രണ്ട് മുതല്‍ 9 ശതമാനം വരെയായി മാറും. ജിഎസ്ടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഓട്ടോമൊബീല്‍ വ്യവസായത്തിനും ഗുണകരമാകുമെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.

ഡെല്‍ഹിയില്‍ മേബാക്കിന് നിലവില്‍ 1.87 കോടിയാണ് വിലയെങ്കില്‍ പുതിയ ഓഫര്‍ പ്രകാരം 1.80 കോടി രൂപ നല്‍കിയാല്‍ മതിയാകും. 32 ലക്ഷം രൂപ വില വരുന്ന CLA 200 CDI ക്ക് 1.4 ലക്ഷം രൂപ കുറയും. ഇ ക്ലാസ്, ജിഎല്‍സി എസ്‌യുവികളുടെ വില 50 ലക്ഷം രൂപയില്‍നിന്ന് 48.5 ലക്ഷം രൂപയായി കുറച്ചു. ഔഡി ഇന്ത്യ ഇതുവരെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ജിഎസ്ടിയുടെ ആഘാതം പഠിച്ചുവരികയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ബിസിനസ് നല്ല പോലെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔഡി ഇന്ത്യാ മേധാവി രഹീല്‍ അന്‍സാരി പറഞ്ഞു.

Comments

comments

Categories: Auto, Business & Economy