യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും റെയ്ല്‍വേ ട്രാക്കിലായി

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും റെയ്ല്‍വേ ട്രാക്കിലായി
2016-17 കാലയളവില്‍ യാത്രക്കാരുടെ എണ്ണം ഒരു ശതമാനം വര്‍ധിച്ച് 822.1 കോടിയിലെത്തി

ന്യൂഡെല്‍ഹി: 2016-17 കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടായെന്ന് റെയ്ല്‍വേ മന്ത്രാലയം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ സുസ്ഥിര ശ്രമങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്നതിനും യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിനും ഉപകരിച്ചെന്ന് മന്ത്രാലയം വിലയിരുത്തി. സമീപകാലത്തായി ആദ്യമായാണ് നെഗറ്റീവ് വളര്‍ച്ച ഇല്ലാതാക്കി യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള വരുമാനം ലഭിച്ചുതുടങ്ങിയതെന്ന് റെയ്ല്‍വേയുടെ നേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കവെ മന്ത്രാലയം അറിയിച്ചു.

കണക്കുകള്‍ പ്രകാരം, 2016-17 കാലയളവില്‍ യാത്രക്കാരുടെ എണ്ണം ഒരു ശതമാനം വര്‍ധിച്ച് 822.1 കോടിയിലെത്തിയിരുന്നു. 2015-16 കാലയളവില്‍ 815.1 കോടി പേരാണ് ട്രെയ്‌നില്‍ സഞ്ചരിച്ചത്. 2,000 കോടി രൂപയുടെ വരുമാനം കഴിഞ്ഞ വര്‍ഷം യാത്രക്കാരില്‍ നിന്ന് റെയ്ല്‍വേയ്ക്കു ലഭിച്ചു. ഇതേ കാലയളവില്‍ തന്നെ മൊത്തം വരുമാന ഇനത്തില്‍ ഏതാണ്ട് 47,400 കോടി രൂപയുടെ വരവുമുണ്ടായി. യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ കണക്കാണിത്.

142 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കിയതും സൗജന്യ യാത്ര ഇന്‍ഷുറന്‍സ് അനുവദിച്ചതും റെയ്ല്‍വേ മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങളാണ്. 135 ട്രെയ്‌നുകള്‍ ദീര്‍ഘിപ്പിച്ചതടക്കം 262 പുതിയ സേവനങ്ങള്‍ നടപ്പിലാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി. അഞ്ച് പുതിയ ഹംസഫര്‍ എക്‌സ്പ്രസ് ട്രെയ്‌നുകള്‍, രണ്ടു പുതിയ അന്ത്യോദയ ട്രെയ്‌നുകള്‍, ഹൈസ്പീഡ് സംവിധാനത്തോടുകൂടിയ തേജസ്, മഹാമാന എക്‌സ്പ്രസ് എന്നീ ആഡംബര ട്രെയ്‌നുകളും റെയ്ല്‍വേ ആരംഭിച്ചിരുന്നു. ഇതിന് പുറമെ, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 36 ശതമാനം ശേഷി വര്‍ധനവിലൂടെ 1,55,946 ബര്‍ത്തുകള്‍ അധികം ചേര്‍ത്തു. അതോടൊപ്പം കഴിഞ്ഞവര്‍ഷം 350 ട്രെയ്‌നുകളുടെ ശരാശരി വേഗത ഉയര്‍ത്തി. 104 ട്രെയ്‌നുകളെ സൂപ്പര്‍ഫാസ്റ്റുകളാക്കിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy